Royal Challengers Bangalore vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 24-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോല്‍വി. 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 218 റണ്‍സില്‍ അവസാനിച്ചു.
റണ്‍മല കയറാനൊരുങ്ങിയ ബാംഗ്ലൂരിന് ആദ്യ ഓവറില്‍ തന്നെ വിരാട് കോഹ്ലിയെ (6) നഷ്ടമായി. ആകാശ് സിങ്ങിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. മൂന്നാമനായെത്തിയ മഹിപാല്‍ ലാംറോറും (0) ചെന്നൈക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. തുഷാര്‍ ദേശ്പാണ്ഡയുടെ പന്തില്‍ റുതുരാജിന് ക്യാച്ച് നല്‍കിയാണ് യുവതാരം മടങ്ങിയത്.
എന്നാല്‍ ചിന്നസ്വാമിയിലെ ഗ്യാലറി പിന്നീട് കണ്ടത് ഫാഫ് ഡു പ്ലെസിസ് – ഗ്ലെന്‍ മാക്സ്വല്‍ ദ്വയത്തിന് ബൗണ്ടറികള്‍ക്കൊണ്ടുള്ള ആറാട്ടായിരുന്നു. ഫോറോ സിക്സോ പിറക്കാത്ത ഓവറുകള്‍ തന്നെ ചുരുക്കം മാത്രമായിരുന്നു. രണ്ടാം വിക്കറ്റില്‍ 61 പന്തില്‍ 126 റണ്‍സാണ് ഫാഫും മാക്സിയും ചേര്‍ന്ന് നേടിയത്.
36 പന്തില്‍ 76 റണ്‍സെടുത്ത മാക്സിയെ പുറത്താക്കി മഹേഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് ഫോറും എട്ട് സിക്സുമാണ് താരം നേടിയത്. വൈകാതെ തന്നെ ഫാഫും പുറത്തായി. മൊയീന്‍ അലിയുടെ പന്തില്‍ ധോണിയുടെ കൈകളിലാണ് ബാംഗ്ലൂര്‍ നായകന്റെ ഇന്നിങ്സ് അവസാനിച്ചത്. 33 പന്തില്‍ 62 റണ്‍സാണ് ഫാഫ് നേടിയത്.
14 പന്തില്‍ 28 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും ബാംഗ്ലൂരിന്റെ സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ തയാറായില്ല. 17-ാം ഓവറില്‍ തുഷാറിന്റെ പന്തിലായിരുന്നു കാര്‍ത്തിക്ക് മടങ്ങിയത്. 10 പന്തില്‍ 12 റണ്‍സെടുത്ത ഷെബഹബാസ് അഹമ്മദിന്റെ വിക്കറ്റും നിര്‍ണായക നിമിഷത്തില്‍ ബാംഗ്ലൂരിന് നഷ്ടമായി. പതിരാനയ്ക്കായിരുന്നു വിക്കറ്റ്.
ഇംപാക്ട് പ്ലെയറായി എത്തിയ സുയാഷ് പ്രഭുദേശായി 11 പന്തില്‍ 19 റണ്‍സെടുത്തെങ്കിലും ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കാനായില്ല. നേരത്തെ ഡെവൺ കോൺവേ (83), ശിവം ദൂബെ (52) എന്നിവരുടെ കരുത്തിലാണ് ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തത്.
200 റണ്‍സിന് മുകളില്‍ സ്കോര്‍ കണ്ടെത്തിയാല്‍ പോലും ജയം ഉറപ്പിക്കാനാവാത്ത ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈക്ക് പ്രതീക്ഷിച്ച തുടക്കം ഉണ്ടായില്ല. മൂന്നാം ഓവറില്‍ ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദിനെ മുഹമ്മദ് സിറാജ് മടക്കി. മൂന്ന് റണ്‍സ് മാത്രമാണ് റുതുവിന്റെ ബാറ്റില്‍ നിന്ന് ഇന്ന് പിറന്നത്.
രണ്ടാം വിക്കറ്റില്‍ ഡെവൺ കോൺവേയും അജിങ്ക്യ രഹാനെയും പതിയെ സ്കോറിങ്ങിന് വേഗം കൂട്ടി. പവര്‍പ്ലേയില്‍ 53 റണ്‍സാണ് ചെന്നൈ നേടിയത്. പിന്നീട് ഇരുവും ആക്രമണം അഴിച്ചു വിടുകയായിരുന്നു. അനായാസം ബൗണ്ടറികള്‍ ചിന്നസ്വാമിയില്‍ പിറന്നു. റണ്ണൊഴുക്കിനിടെയാണ് വനിന്ദു ഹസരങ്കയുടെ പന്തില്‍ രഹാനെ (20 പന്തില്‍ 37) ബൗള്‍ഡായത്.
രഹാനെ നിര്‍ത്തിയിടത്ത് നിന്ന് നാലാമനായെത്തിയ ശിവം ദൂബെ തുടര്‍ന്ന്. കോണ്‍വെ ദുബെ സഖ്യം ബാംഗ്ലൂര്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്തി. 47 പന്തില്‍ 80 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 45 പന്തില്‍ 83 റണ്‍സെടുത്ത കോണ്‍വയെ ബൗള്‍ഡാക്കി ഹര്‍ഷല്‍ അല്‍പ്പം ആശ്വാസം കണ്ടെത്തി.
27 പന്തില്‍ 52 റണ്‍സെടുത്ത ദുബെയും വൈകാതെ മടങ്ങി. വെയിന്‍ പാര്‍നലിന്റെ പന്തില്‍ സിറാജിന്റെ ക്യാച്ചാണ് വിക്കറ്റിലേക്ക് വഴി വച്ചത്. ആറ് പന്തില്‍ 14 റണ്‍സെടുത്ത അമ്പട്ടി റായുഡുവും ചെന്നൈ സ്കോറിന് വേഗത നല്‍കി. വിജയകുമാര്‍ വൈശാഖാണ് റായുഡുവിന്റെ വിക്കറ്റ് നേടിയത്.
അവസാന ഓവറുകളില്‍ ആളിക്കത്താന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. 10 പന്തില്‍ 19 റണ്‍സുമായി മൊയീന്‍ അലി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയ്ക്ക് എട്ട് പന്തില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു പന്ത് നേരിട്ട ധോണിക്ക് സ്വപ്ന ഫിനിഷ് ചിന്നസ്വാമിയില്‍ കുറിക്കാനും കഴിയാതെ പോയതോടെ ചെന്നൈയുടെ ഇന്നിങ്സ് 230-ന് താഴെ അവസാനിച്ചു.
ടീം ലൈനപ്പ്
ചെന്നൈ സൂപ്പർ കിങ്സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരന, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ, വിജയ്കുമാർ വൈശാക്, മുഹമ്മദ് സിറാജ്.
പ്രിവ്യു
ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍. സ്ഥിരതയില്ലായ്മയാണ് ടീമിനെ വലയ്ക്കുന്ന പ്രധാന ഘടക. 213 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ തോല്‍വിയും 175 റണ്‍സ് പ്രതിരോധിച്ച് ജയവും സ്വന്തമാക്കി. ചെന്നൈക്കെതിരായ മത്സരവും ബാംഗ്ലൂരിന് പരീക്ഷണം തന്നെയായിരിക്കും.
ബോളിങ്ങില്‍ സ്ഥിരതയില്ലെങ്കിലും ബാറ്റിങ്ങില്‍ കാര്യങ്ങള്‍ മറിച്ചാണ്. വിരാട് കോഹ്ലി തന്റെ മുന്‍കാല ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. നാല് കളികളില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറി താരം നേടി. ദിനേഷ് കാര്‍ത്തിക്ക് ഒഴികെയുള്ള മറ്റ് ബാറ്റര്‍മാരെല്ലാം സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
മറുവശത്ത് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ചെന്നൈയുടെ വരവ്. മധ്യ ഓവറുകളില്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ പോയതാണ് രാജസ്ഥാനെതിരെ തിരിച്ചടിയായത്. മത്സര ശേഷം നായകന്‍ ധോണി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ശിവം ദൂബെ, മൊയിന്‍ അലി, അമ്പട്ടി റായുഡു എന്നിവര്‍ ഫോമിലേക്ക് ഉയരേണ്ടതുണ്ട്.
42-ാം വയസിലും ധോണി അനായാസം ബൗണ്ടറികള്‍ പായിക്കുന്നത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ്. 2019-ന് ശേഷം ധോണിയെ ഇത്രയും മികച്ച ഫോമില്‍ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. തിരിച്ചടികള്‍ നേരിട്ട ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ചെന്നൈയുടെ ബോളിങ് നിര മികച്ച തിരിച്ചുവരവാണ് നടത്തുന്നത്.