Mumbai Indians vs Punjab Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 46-ാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ മറികടന്നത്.
215 എന്ന കൂറ്റന്‍ വിജയക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മൂന്നാം പന്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ മടങ്ങി. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന 54 റണ്‍സ് കണ്ടെത്തി. പവര്‍പ്ലെയുടെ അവസാന പന്തിലാണ് 23 റണ്‍സെടുത്ത ഗ്രീന്‍ മടങ്ങിയത്.
സൂര്യകുമാര്‍ നാലാമനായി എത്തിയതോടെ മുംബൈ സ്കോറിങ്ങിന്റെ വേഗതയില്‍ കുതിപ്പുണ്ടായി. കിഷനും സൂര്യയും മൊഹാലിയിലെ മൈതാനത്തില്‍ ബൗണ്ടറികള്‍ അനായാസം പായിച്ചു. 10 ഓവറില്‍ മുംബൈയുടെ സ്കോര്‍ 91-ലെത്തി. അവശേഷിക്കുന്ന പത്ത് ഓവറില്‍ മുംബൈക്ക് ജയിക്കാനാവശ്യമായിരുന്നത് 124 റണ്‍സ്.
ഇഷാന്‍ കിഷന്‍ 29 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. സമാന നേട്ടം സൂര്യകുമാര്‍ മറികടന്നത് 23 പന്തിലായിരുന്നു. 16-ാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ മടങ്ങുമ്പോള്‍ മുംബൈയുടെ സ്കോര്‍ 170 -ലെത്തിയിരുന്നു. 31 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമായിരുന്നു സൂര്യ നേടിയത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇഷാനും പുറത്തായി.
41 പന്തില്‍ 75 റണ്‍സായിരുന്നു ഇഷാന്‍ നേടിയത്. ഏഴ് ഫോറും നാല് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ പിറന്നു. ഇഷാന്‍ പുറത്തായ അര്‍ഷദീപിന്റെ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പടെ 16 റണ്‍സെടുത്ത് തിലക് വര്‍മ മുംബൈയെ വീണ്ടും റണ്‍ ചെയ്സില്‍ സജീവമാക്കി. മുംബൈക്കും വിജയലക്ഷ്യത്തിനുമിടയില്‍ 18 പന്തും 21 റണ്‍സും.
10 പന്തില്‍ 19 റണ്‍സെടുത്ത ടിം ഡേവിഡും 10 പന്തില്‍ 26 റണ്‍സെടുത്ത തിലക് വര്‍മയും ചേര്‍ന്ന് മുംബൈയെ ഏഴ് പന്ത് ബാക്കി നില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബിനായി നാഥാന്‍ എല്ലിസ് രണ്ടും റിഷി ധവാന്‍, അര്‍ഷദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അര്‍ഷദീപിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്ന്. 66 റണ്‍സാണ് നാല് ഓവറില്‍ താരം വഴങ്ങിയത്.
നേരത്തെ ലിയാം ലിവിങ്സ്റ്റണ്‍ (82*), ജിതേഷ് ശര്‍മ (49*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
പ്രഭ്‌സിമ്രാൻ സിംഗ് – ശിഖർ ധവാൻ ഒരിക്കല്‍ കൂടി ഐപിഎല്ലില്‍ പരാജയപ്പെടുന്നതായിരുന്നു മൊഹാലിയില്‍ കണ്ടത്. രണ്ടാം ഓവറില്‍ തന്നെ പ്രഭ്‌സിമ്രാനെ മടക്കി അര്‍ഷദ് ഖാനാണ് മുംബൈക്ക് വിക്കറ്റ് നേടിക്കൊടുത്തത്. രണ്ടാം വിക്കറ്റില്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് 49 റണ്‍സ് കണ്ടെത്തി.
ധാവനേയും (30), ഷോര്‍ട്ടിനേയും മടക്കി പിയൂഷ് ചൗള മുംബൈയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീട് മൊഹാലിയില്‍ നടന്നത് ലിയാം ലിവിങ്സ്റ്റണ്‍ – ജിതേഷ് ശര്‍മ കൂട്ടുകെട്ട് മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തുന്നതായിരുന്നു. കേവലം 46 പന്തുകളില്‍ നിന്ന് 101 റണ്‍സ് ഇരുവരും കണ്ടെത്തി.
95-3 എന്ന നിലയില്‍ നിന്നാണ് പഞ്ചാബിനെ 214 റണ്‍സിലേക്ക് ഇരുവരും എത്തിച്ചത്. 53 പന്തില്‍ 119 റണ്‍സാണ് സഖ്യം നേടിയത്. ലിയാം ലിവിങ്സ്റ്റണ്‍ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 42 പന്തില്‍ ഏഴ് ഫോറും നാല് സിക്സുമാണ് താരം നേടിയത്. ജിതേഷ് 27 പന്തിലാണ് 49 റണ്‍സെടുത്തത്. അഞ്ച് ഫോറും രണ്ട് സിക്സും ജിതേഷ് നേടി.
ടീം ലൈനപ്പ്
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, തിലക് വർമ, ടിം ഡേവിഡ്, നേഹൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, ആകാശ് മധ്വാൾ, അർഷാദ് ഖാൻ.
പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാൻ സിംഗ്, ശിഖർ ധവാൻ, മാത്യു ഷോർട്ട്, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, സാം കറണ്‍, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.
പ്രിവ്യു
സീസണിലെ ആദ്യ ഏറ്റുമുട്ടലില്‍ 415 റണ്‍സായിരുന്നു ഇരുടീമുകളും അടിച്ചു കൂട്ടിയത്. അര്‍ഷദീപ് സിങ്ങിന്റെ അവസാന ഓവര്‍ ബ്രില്യന്‍സില്‍ ജയം പഞ്ചാബിനൊപ്പം നിന്നു. സ്വന്തം മൈതാനത്ത് വഴങ്ങിയ തോല്‍വിക്ക് കണക്ക് തീര്‍ക്കാനായിരിക്കും രോഹിത് ശര്‍മയും കൂട്ടരും മോഹാലിയില്‍ ഒരുങ്ങുക.
വിജയപ്രതീക്ഷകള്‍ക്ക് വില്ലനായുള്ളത് മുംബൈയുടെ ബോളിങ് നിര തന്നെയാണ്. സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ടീമുകളിലൊന്നാണ് മുംബൈ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും എതിര്‍ ടീം മുംബൈക്കെതിരെ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. ബാറ്റര്‍മാരുടെ മികച്ച ഫോമിലായിരിക്കും മുംബൈയുടെ പ്രതീക്ഷകള്‍.
മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്സിനെ ചെപ്പോക്കില്‍ ചെന്ന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസം പഞ്ചാബിനുണ്ടാകും. പക്ഷെ പഞ്ചാബിനും തലവേദനയാകുന്ന ബോളിങ് നിര തന്നെയാണ്. ഒന്‍പത് കളികളില്‍ നിന്ന് 15 വിക്കറ്റുമായി അര്‍ഷദീപ് സ്ഥിരത പാലിക്കുന്നുണ്ട്. താരത്തിന് മികച്ച കൂട്ടാളിയെ കണ്ടെത്താന്‍ പഞ്ചാബിന് കഴിഞ്ഞിട്ടില്ല.
കഗിസൊ റബാഡയുടെ മോശം ഫോമാണ് തിരിച്ചടിയാകുന്നത്. തന്റെ നിലവാരത്തിനൊത്ത് ഈ സീസണില്‍ ഉയരാന്‍ റബാഡയ്ക്ക് സാധിച്ചിട്ടില്ല. ലിയാം ലിവിങ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, സാം കറണ്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്ന ബാറ്റിങ് നിരയും ശക്തമാണ്. എന്നാല്‍ സ്ഥിരതയോടെ സ്കോര്‍ ചെയ്യുന്ന താരങ്ങളുടെ അഭാവം ടീമിനുണ്ട്.