Punjab Kings vs Kolkata Knight Riders Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ സ്കോര്‍ 146-ല്‍ എത്തി നില്‍ക്കെ മഴ വില്ലാനാകുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം പഞ്ചാബ് ഏഴ് റണ്‍സിന് വിജയിച്ചു.
നേരത്തെ ഭാനുക രാജപക്സെ (50), ശിഖര്‍ ധവാന്‍ (40), സാം കറണ്‍ (26*) എന്നിവരുടെ മികവിലാണ് പഞ്ചാബ് 191 റണ്‍സ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ തിരിച്ചടി നേരിട്ടു. എന്നാല്‍ കൂറ്റനടികളുമായി ആന്ദ്രെ റസല്‍, വെങ്കിടേഷ് അയ്യര്‍, ശാര്‍ദൂല്‍ താക്കൂര്‍, സുനില്‍ നരെയിന്‍ എന്നിവര്‍ കൊല്‍ക്കത്തയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് മഴ പെയ്തത്.
യുവതാരം പ്രഭ്‌സിമ്രാൻ സിങ്ങിന്റെ അതിവേഗ സ്കോറിങ്ങോടെയായിരുന്നു പഞ്ചാബ് സീസണിന് തുടക്കമിട്ടത്. ആദ്യ രണ്ട് ഓവര്‍ മാത്രമാണ് പ്രഭ്‌സിമ്രാൻ ക്രീസിലുണ്ടായിരുന്നതെങ്കിലും 12 പന്തില്‍ 23 റണ്‍സുമായാണ് മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ ഗുര്‍ബാസിന് ക്യാച്ച് നല്‍കിയായിരുന്നു പുറത്തായത്.
സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കാതിരുന്ന ശിഖര്‍ ധവാന്‍ സൗത്തിയുടെ ഓവറില്‍ ബൗണ്ടറി കണ്ടെത്തി ട്രാക്കിലേക്കെത്തി. മൂന്നാമനായി എത്തിയ ഭാനുക രാജപക്സെയും ആധിപത്യമായിരുന്നു പിന്നീട്. സുനില്‍ നരയിന്റെ ആദ്യ ഓവറില്‍ 14 റണ്‍സാണ് ഭാനുക നേടിയത്. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ പഞ്ചാബ് 56 റണ്‍സിലെത്തിയിരുന്നു.
30 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഭാനുക മികവില്‍ 10 ഓവറില്‍ പഞ്ചാബ് മൂന്നക്കം കടന്നു. നേട്ടത്തിന് പിന്നാലെ തന്നെ താരത്തിന്റ വിക്കറ്റും വീണു. 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 50 റണ്‍സാണ് ഭാനുക നേടിയത്. നാലാമനായെത്തി 11 പന്തില്‍ 21 റണ്‍സെടുത്ത് ജിതേഷ് ശര്‍മ ചെറുവെടിക്കെട്ട് മൊഹാലിയില്‍ നടത്തി.
ജിതേഷിന്റെ പോരാട്ടം സൗത്തിയുടെ പന്തില്‍ ഉമേഷ് യാദവിന്റെ കൈകളിലൊതുങ്ങി. വൈകാതെ തന്നെ ധവാനെയും പഞ്ചാബിന് നഷ്ടമായി. 29 പന്തില്‍ 40 റണ്‍സെടുത്ത ധവാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ സിക്കന്ദര്‍ റാസയും (16) കൊല്‍ക്കത്തയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല.
അവസാന ഓവറുകളില്‍ സാം കറണിന്റെ പോരാട്ടമാണ് പഞ്ചാബിനെ 190 കടത്തിയത്. 17 പന്തില്‍ രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 26 റണ്‍സാണ് താരം നേടിയത്. ഏഴ് പന്തില്‍ 11 റണ്‍സുമായി ഷാരൂഖ് ഖാന്‍ കറണിന് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. 200 കടക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്കോര്‍ 191-ല്‍ ഒതുക്കാനായത് കൊല്‍ക്കത്തക്ക് ആശ്വാസമാകും.
ടീം ലൈനപ്പ്
പഞ്ചാബ് കിങ്സ്: ശിഖർ ധവാൻ, പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കറണ്‍, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ, അർഷ്ദീപ് സിങ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുർബാസ്, മൻദീപ് സിങ്, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസൽ, ശാർദുൽ താക്കൂർ, സുനിൽ നരെയിന്‍, ടിം സൗത്തി, അനുകുൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.
പ്രിവ്യു
അടിമുടി മാറിയാണ് ഇത്തവണ പഞ്ചാബ് കളത്തിലെത്തുന്നത്. 15 സീസണുകള്‍ കളിച്ചിട്ടും ഒരു കിരീടം പോലും നേടാനായില്ല എന്ന ചീത്തപ്പേര് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. ആദ്യ പടിയായി നായക സ്ഥാനത്തേക്ക് ശിഖര്‍ ധവാനെന്ന പരിചയസമ്പന്നനായ താരത്തെ എത്തിക്കാന്‍ ടീം മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്.
യുവരാജ് സിങ്, ആദം ഗില്‍ക്രിസ്റ്റ്, വിരേന്ദര്‍ സേവാഗ് തുടങ്ങി കെ എല്‍ രാഹുല്‍ വരെയുള്ളവര്‍ക്ക് സാധിക്കാനാകാതെ പോയത് ധാവാന്‍ കഴിയുമോയെന്നാണ് മാനേജ്മെന്റ് ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണെ റെക്കോര്‍ഡ് തുകയ്ക്കാണ് ഇത്തവണ പഞ്ചാബ് സ്വന്തമാക്കിയത്. ലിയാം ലിവിങ്സ്റ്റണ്‍, കഗീസൊ റബാഡ എന്നീ പ്രമുഖരും ടീമിലുണ്ട്.
മറുവശത്ത് രണ്ട് ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് കൊല്‍ക്കത്ത. തലമുറ മാറ്റത്തിന് ശേഷം കൊല്‍ക്കത്തക്ക് ഇതുവരെ കിരീടം സ്വന്തമാക്കാനായിട്ടില്ല. എട്ട് വര്‍ഷം നീണ്ട കിരീട വരള്‍ച്ചയ്ക്ക് അവാസാനം കാണാനുള്ള ഉത്തരവാദിത്തം നിതീഷ് റാണയെന്ന യുവതാരത്തിനാണ് ടീം മാനേജ്മെന്റ് നല്‍കിയിരിക്കുന്നത്.
പരുക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവം കൊല്‍ക്കത്ത എങ്ങനെ പരിഹരിക്കുമെന്നും കണ്ടറിയണം. ആന്ദ്രെ റസല്‍, സുനില്‍ നരെയിന്‍, ടിം സൗത്തി, വെങ്കിടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ് തുടങ്ങി വലിയൊരു താരനിര തന്നെ കൊല്‍ക്കത്തയ്ക്കുണ്ട്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്.