Punjab Kings vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 18-ാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് വിക്കറ്റ് ജയം. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് രണ്ട് പന്ത് ശേഷിക്കയാണ് ജയം ഉറപ്പിച്ചത്. 67 റണ്‍സെടുത്ത ശുഭ്മമാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്.
നേരത്തെ മാത്യു ഷോര്‍ട്ട് (36), ഷാരൂഖ് ഖാന്‍ (ഒൻപത് പന്തില്‍ 22) എന്നിവരുടെ ബാറ്റിങ് മികവാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ശരിവയ്ക്കുന്നതായിരന്നു ഗുജറാത്ത് ബോളര്‍മാരുടെ പ്രകടനം. രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഷമി ഓപ്പണര്‍ പ്രഭ്‌സിമ്രാൻ (0) സിങ്ങിനെ പുറത്താക്കി. മൂന്നാമനായി എത്തിയ മാത്യു ഷോര്‍ട്ട് പവര്‍പ്ലെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്.
എന്നാല്‍ നാലാം ഓവറില്‍ ഉജ്വല ഫോമിലുള്ള ശിഖര്‍ ധവാന്‍ (8) ജോഷ്വ ലിറ്റിലിന്റെ പന്തില്‍ മടങ്ങി. പവര്‍പ്ലെ കഴിഞ്ഞതോടെ റാഷിദ് ഖാനെ ഹാര്‍ദിക് ഉപയോഗിച്ചു. ആദ്യ ഓവറില്‍ തന്നെ ഷോര്‍ട്ടിനെ (36) ബൗള്‍ഡാക്കിയാണ് റാഷിദ് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. നാലം വിക്കറ്റില്‍ ഭാനുക രാജപക്സെക്കും ജിതേഷ് ശര്‍മയ്ക്കും സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല.
34 പന്തില്‍ 37 റണ്‍സാണ് സഖ്യത്തിന് ചേര്‍ക്കാനായത്. ജിതേഷിനെ (25) മോഹിത് ശര്‍മയാണ് പുറത്താക്കിയത്. പിന്നീടെത്തിയ സാം കറണും കാര്യമായി ഒന്നും ചെയ്യാനായില്ല. രാജപക്സെ (26 പന്തില്‍ 20) അല്‍സാരി ജോസഫിനും കറണ്‍ (22 പന്തില്‍ 22) മോഹിതിനും വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഒന്‍പത് പന്തില്‍ 22 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് പഞ്ചാബ് സ്കോര്‍ 150 കടത്തിയത്.
ടീം ലൈനപ്പ്
പഞ്ചാബ് കിങ്സ്: പ്രഭ്‌സിമ്രാൻ സിംഗ്, ശിഖർ ധവാൻ, മാത്യു ഷോർട്ട്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, സാം കറണ്‍, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, ഋഷി ധവാൻ, അർഷ്ദീപ് സിങ്.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷാമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.
പ്രിവ്യു
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് പഞ്ചാബിന്റെ സമ്പാദ്യം. ധവാന്റെ ഫോമാണ് സീസണിലെ പഞ്ചാബിന്റെ പ്രധാന കരുത്ത്. മൂന്ന് കളികളില്‍ നിന്ന് 225 റണ്‍സാണ് താരം നേടിയിട്ടുള്ളത്. റണ്‍സ് സ്കോറര്‍മാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് ധവാന്‍. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താത്തത് കനത്ത തിരിച്ചടിയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായ സാം കറണിന് പഞ്ചാബിനായി സീസണില്‍ കാര്യമായ സംഭാവന ഇതുവരെ നല്‍കാനായിട്ടില്ല. ബോളിങ്ങിലേക്ക് എത്തിയാല്‍ അര്‍ഷദീപ് സിങ്ങും രാഹുല്‍ ചഹറും വിക്കറ്റ് വീഴ്ത്തുന്നവരാണ്. സണ്‍റൈസേഴ്സിനെതിരെ കേവലം രണ്ട് വിക്കറ്റ് മാത്രമായിരുന്നു പഞ്ചാബ് ബോളിങ് നിരയ്ക്ക് നേടാനായത്.
പഞ്ചാബിന്റേതിന് സമാനമാണ് ഗുജറാത്തിന്റെ പോയിന്റ് നിലയും. റിങ്കു സിങ്ങിന്റെ മാസ്മരിക പ്രകടനത്തിലായിരുന്നു കൊല്‍ക്കത്തയോട് അവസാന ഓവറില്‍ പരാജയപ്പെട്ടത്. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിര ടൂര്‍ണമെന്റില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്.
ബോളിങ്ങിലാണ് ടീമിന്റെ ആശങ്ക. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവരൊഴികെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നില്ല. കൊല്‍ക്കത്തക്കെതിരെ അഞ്ച് സിക്സറുകള്‍ വഴങ്ങിയ യാഷ് ദയാലിനെ ഗുജറാത്ത് ടീമില്‍ നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യതകള്‍. പരുക്കേറ്റ ഹാര്‍ദിക് കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്.