Punjab Kings vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 64-ാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് റണ്‍സ് വിജയം. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു.
പഞ്ചാബിനായി അവസാന ഓവര്‍ വരെ ലിയാം ലിവിങ്സ്റ്റണ്‍ നടത്തിയ പോരാട്ടം പാഴായി. 48 പന്തില്‍ 94 റണ്‍സെടുത്ത് അവസാന പന്തിലാണ് ലിവിങ്സ്റ്റണ്‍ മടങ്ങിയത്. 55 റണ്‍സ് നേടിയ അതര്‍വ ടൈഡെയും ലിവിങ്സ്റ്റണ് പിന്തുണ നല്‍കി. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മയും ആന്‍റിച്ച് നോര്‍ക്കെയും രണ്ട് വിക്കറ്റ് വീതം നേടി.
തോല്‍വിയോടെ പഞ്ചാബിന്റെ പ്ലെ ഓഫ് സാധ്യതകള്‍ മങ്ങി. നേരത്തെ റൈലി റൂസൊ (82), പൃഥ്വി ഷാ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 213 റണ്‍സ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് സീസണിലെ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് സഖ്യം ചേര്‍ത്തത്. ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബിന് പത്താം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 46 റണ്‍സെടുത്ത വാര്‍ണറിനെ സാം കറണാണ് മടക്കിയത്.
വാര്‍ണര്‍ നിര്‍ത്തിയിടത്ത് വച്ച് തന്നെ മൂന്നാമനായി എത്തിയ റൈലി റൂസൊ തുടരുകയായിരുന്നു. റൂസോയും ഷായും ചേര്‍ന്ന് ഡല്‍ഹിയുടെ സ്കോര്‍ അതിവേഗം ഉയര്‍ത്തി. മോശം ഫോമില്‍ സീസണ്‍ തുടങ്ങിയ ഷാ വൈകാതെ അര്‍ദ്ധ സെഞ്ചുറിയും തികച്ചു. റൂസോയോടൊപ്പം 54 റണ്‍സും കൂട്ടിച്ചേര്‍ത്താണ് ഷാ ക്രീസ് വിട്ടത്.
38 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പടെ 54 റണ്‍സാണ് താരം നേടിയത്. ഷാ പുറത്തായെങ്കിലും ഡല്‍ഹി രണ്ടും കല്‍പ്പിച്ച് തന്നെയായിരുന്നു. കൂറ്റനിടകള്‍ക്കൊണ്ട് ധര്‍മശാലയില്‍ വെടിക്കെട്ട് തീര്‍ത്തു റൂസോയും ഫിലിപ്പ് സാള്‍ട്ടും. കേവലം 25 പന്തില്‍ നിന്നായിരുന്നു റൂസൊ തന്റെ ആദ്യ ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറി തികച്ചത്.
അവസാന ഓവറില്‍ 23 റണ്‍സ് റൂസോയും സാള്‍ട്ടും ചേര്‍ന്ന് നേടിയതോടെ ഡല്‍ഹിയുടെ സ്കോര്‍ 213 ആയി. 37 പന്തില്‍ 82 റണ്‍സെടുത്താണ് റൂസൊ പുറത്താകാതെ നിന്നത്. ആറ് വീതം ഫോറും സിക്സും താരം നേടി. ഫിലിപ് സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു.
പ്രിവ്യു
12 കളികളില്‍ നിന്ന് ആറ് വീതം ജയവും തോല്‍വിയുമായി ശിഖര്‍ ധവാന്റെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. എന്നാല്‍ ഇന്ന് മികച്ച മാര്‍ജിനില്‍ ഡല്‍ഹിയെ കീഴടക്കിയാല്‍ നാലാം സ്ഥാനത്തേക്ക് കുതിക്കാനാകും. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ പ്ലെ ഓഫിലേക്കുള്ള വാതില്‍ തുറക്കാനും പഞ്ചാബിനാകും.
ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സാണ് പഞ്ചാബിന്റെ എതിരാളികള്‍. രാജസ്ഥാനും ജയം അനിവാര്യമായതിനാല്‍ ഡല്‍ഹിക്കെതിരെ ജയം ഉറപ്പിക്കുക എന്ന ലക്ഷ്യം ടീമിനുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ഇന്ന് പഞ്ചാബിനുണ്ടാകുമെന്നതില്‍ സംശയമില്ല.
പഞ്ചാബിന്റെ മത്സരഫലത്തെ ആശ്രയിച്ചാണ് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ പ്ലെ ഓഫ് സാധ്യതയും. പഞ്ചാബിന്റെ തോല്‍വി മൂന്ന് ടീമിനും ഗുണകരമാകും. മറുവശത്ത് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിക്ക് ഒന്നും നഷ്ടപ്പെടാനില്ല.
പഞ്ചാബിനേയും അടുത്ത മത്സരത്തില്‍ ചെന്നൈയേയും കീഴടക്കി ടൂര്‍ണമെന്റ് മികച്ച രീതിയില്‍ അവസാനിപ്പിക്കാനാകും ഡല്‍ഹി ഇറങ്ങുക. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമെത്തുന്ന ഡല്‍ഹിക്ക് തലകുനിക്കാതെ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചെ മതിയാകു.