ആകാശ് മധ്വാള്‍ ഹീറോയായപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 81 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ രണ്ടിലേക്ക് കുതിച്ചത്.
3.3 ഓവറില്‍ കേവലം അഞ്ച് റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് മധ്വാള്‍ സ്വന്തമാക്കിയത്. പ്രേരക് മങ്കാദ്, ആയുഷ് ബഡോണി, നിക്കോളാസ് പൂരാന്‍, രവി ബിഷ്ണോയി, മോഹ്സിന്‍ ഖാന്‍ എന്നിവരുടെ വിക്കറ്റാണ് മധ്വാള്‍ നേടിയത്.
മത്സരശേഷം മുംബൈ നായകന്‍ രോഹിത് മധ്വാളിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
“കഴിഞ്ഞ വര്‍ഷവും മധ്വാള്‍ ടീമിന്റെ ഭാഗമായിരുന്നു, എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ജോഫ്ര ആര്‍ച്ചര്‍ പരുക്ക് മൂലം ടീം വിട്ടതോടെ മധ്വാളിന് ആ വിടവ് നികത്താനാകുമെന്ന് എനിക്ക് അറിയാമായിരുന്നു,” രോഹിത് വ്യക്തമാക്കി.
“കുറച്ച് വര്‍ഷങ്ങളായി മുംബൈയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നത് നാം കണ്ടിട്ടുണ്ട്. യുവതാരങ്ങളെ ടീമിനോട് ചേര്‍ത്ത് നിര്‍ത്തുന്നത് പ്രധാനമാണ്, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം. അവര്‍ക്ക് അവരുടെ ഉത്തരവാദിത്തം എന്താണെന്ന് ബോധ്യമുണ്ട്,” രോഹിത് കൂട്ടിച്ചേര്‍ത്തു.
ലീഗ് ഘട്ടത്തിന്റെ പാതി വഴിയില്‍ മുംബൈ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയാണ് മുംബൈ പ്ലെ ഓഫ് യോഗ്യത ഉറപ്പിച്ചത്. തിരിച്ചു വരവിനെക്കുറിച്ചും രോഹിത് അഭിപ്രായപ്പെട്ടു.
“ഇതാണ് ഞങ്ങള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ചെയ്യുമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് അത് സാധിക്കുന്നുണ്ട്. ചെന്നൈയിലെ പിച്ചില്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം കൊണ്ട് മാത്രമെ അതിജീവിക്കാനാകു. വാങ്കഡയില്‍ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തില്‍ വിജയം നേടാനാകും,” രോഹിത് കൂട്ടിച്ചേര്‍ത്തു.