പരുക്കേറ്റ സൂപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത്യന്‍സ്. ബുംറയ്ക്ക് പകരം മലയാളി പേസ് ബോളര്‍ സന്ദീപ് വാര്യറാണ് ടീമിലെത്തിയത്. ഇക്കാര്യം മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യയ്ക്കായി ഒരു ട്വന്റി 20 മത്സരത്തില്‍ സന്ദീപ് കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 60 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളും നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി അഞ്ച് മത്സരങ്ങളിലും സന്ദീപ് മൈതാനത്ത് എത്തി.
പുറത്തിന് പരുക്കേറ്റ ബുംറയ സെപ്തംബര്‍ 2022 -ന് ശേഷം കളത്തിലെത്തിയിട്ടില്ല. ട്വന്റി 20 ലോകകപ്പും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ബുംറ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുംറയ്ക്ക് പരുക്ക് പറ്റിയത് വലിയ തിരിച്ചടിയാണെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയിരുന്നു. ബുംറയുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുങ്ങുമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ രണ്ടാം തീയതിയാണ് 2023 സീസണിലെ മുംബൈയുടെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍.