അന്താരാഷ്ട്ര ക്രിക്കറ്റിനോട് എം എസ് ധോണി ഗുഡ് ബൈ പറഞ്ഞിട്ട് നാല് വര്‍ഷത്തോളമാകുന്നു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറവും 2008-ലെ ഊര്‍ജത്തില്‍ തന്നെയാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനായി കളത്തിലെത്തുന്നത്. അന്നും ഇന്നും ചെന്നൈയുടെ മികച്ച ഫിനിഷര്‍ ആരെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ധോണി തന്നെയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന പേര് സമ്പാദിച്ചായിരുന്നു ധോണി നീലക്കുപ്പായം അഴിച്ചു വച്ചത്. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച നേട്ടങ്ങള്‍ നീളുന്നു. ഐസിസിയുടെ മൂന്ന് കിരീടങ്ങള്‍ നേടാനായ ഒരു നായകന്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എല്ലാം ധോണി തന്നെയാണ്. അതുകൊണ്ട് തന്നെ ചെന്നൈ ആരാധകര്‍ ധോണിയെ സ്നേഹപൂര്‍വ്വം തല എന്നാണ് വിളിക്കുന്നത്. തമിഴില്‍ തല എന്ന വാക്കിനര്‍ത്ഥം നേതാവ്, നായകന്‍ എന്നൊക്കെയാണ്.
കളത്തിലെ തന്ത്രങ്ങളുടെ പേരിലും അസാമാന്യ സ്കോറിങ് മികവിനുമാണ് ധോണിക്ക് എന്നും കയ്യടി ലഭിച്ചിട്ടുള്ളത്. 2005-ല്‍ ശ്രീലങ്കയ്ക്കെതിരെ ജയ്പൂരില്‍ പുറത്താകാതെ 183 റണ്‍സ് നേടിയതോടെ ധോണിയുടെ സ്വീകാര്യതയും വര്‍ധിച്ചു.
അത്തരം ഇന്നിങ്സുകള്‍ ആവര്‍ത്തിക്കാനാകുന്നില്ലെങ്കിലും ചെറിയ ഇന്നിങ്സുകളിലുടെ ചെന്നൈക്ക് വലിയ ഇംപാക്ട് നേടിക്കൊടുക്കാന്‍ ധോണിക്കാവുന്നുണ്ട്. ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ഇത്തവണ ധോണി കൂടുതലും ബാറ്റ് ചെയ്തിട്ടുള്ളത്.
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒന്‍പത് പന്തില്‍ നിന്നാണ് ധോണി 20 റണ്‍സെടുത്തത്. ചെന്നൈ വിജയിച്ചത് 27 റണ്‍സിനും.
മത്സരശേഷം തന്റെ റോള്‍ എന്താണെന്ന് ധോണി കൃത്യമായി വ്യക്തമാക്കുകയും ചെയ്തു.
“ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം സഹതാരങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നെ ഒരുപാട് ഓടിക്കരുതെന്നും നിര്‍ദേശം നല്‍കിയുട്ടുണ്ട്, അത് നടപ്പിലാകുന്നുമുണ്ട്,” ധോണി വ്യക്തമാക്കി.