Mumbai Indians vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 25-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 178 റണ്‍സിന് പുറത്താവുകയായിരുന്നു.
മായങ്ക് അഗര്‍വാള്‍ (48), ഹെൻറിച്ച് ക്ലാസൻ (17 പന്തില്‍ 37), എയിഡന്‍ മാര്‍ക്രം (22) എന്നിവര്‍ പൊരുതിയെങ്കിലും മുംബൈയുടെ കണിശമായ ബോളിങ്ങിനേയും ഫീല്‍ഡിങ്ങിനേയും തരണം ചെയ്യാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിച്ച് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്രതീക്ഷ കാത്തു.
അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ ആവശ്യമായിരുന്നത്. അഞ്ച് റണ്‍സ് മാത്രം വഴങ്ങി തന്റെ കന്നി ഐപിഎല്‍ വിക്കറ്റ് നേടാനും അര്‍ജുനായി. മുംബൈക്കായി ജേസൺ ബെഹ്‌റൻഡോർഫ്, റൈലി മെരിഡിത്ത്, പിയൂഷ് ചൗള എന്നിവര്‍ രണ്ടും അര്‍ജുനും ഗ്രീനും ഓരൊ വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താനും മുംബൈക്കായി. നേരത്തെ കാമറൂണ്‍ ഗ്രീന്‍ (64*), ഇഷാന്‍ കിഷന്‍ (38), തിലക് വര്‍മ (17 പന്തില്‍ 37) എന്നിവരുടെ മികവാണ് മുംബൈക്ക് കൂറ്റന്‍ സ്കോര്‍ ഒരുക്കിയത്.
ദുഷ്കരമായ പിച്ചില്‍ മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കായി. 18 പന്തില്‍ ആറ് ഫോറടക്കം 28 റണ്‍സെടുത്ത രോഹിത് അഞ്ചാം ഓവറിലാണ് മടങ്ങിയത്. ടി നടരാജിന്റെ സ്ലൊ ബോള്‍ മനസിലാക്കുന്നതില്‍ വന്ന പിഴവാണ് രോഹിതിന് തിരിച്ചടിയായത്. ആദ്യ വിക്കറ്റില്‍ 41 റണ്‍സാണ് രോഹിതും ഇഷാനും ചേര്‍ത്തത്.
തന്റെ മികച്ച ഫോം ഹൈദരാബാദിനെതിരെയും ഇഷാന്‍ ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം ചേര്‍ന്ന് 46 റണ്‍സ് ഇഷാന്‍ ചേര്‍ത്തു. 38 റണ്‍സെടുത്ത ഇഷാനെയും പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനേയും (7) മാര്‍ക്കൊ യാന്‍സണ്‍ ഒരു ഓവറില്‍ പുറത്താക്കിയത് മുംബൈക്ക് തിരിച്ചടിയായി.
തിലക് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പിന്നീട് മൈതാനത്ത് കണ്ടത്. 17 പന്തില്‍ 37 റണ്‍സെടുത്ത തിലകാണ് മുംബൈ സ്കോറിങ്ങിന് വേഗം കൂട്ടിയത്. തിലക് മടങ്ങിയതോടെ ഗ്രീന്‍ തന്റെ ഗിയര്‍ മാറ്റി. നടരാജന്‍ എറിഞ്ഞ 18-ാം ഓവറില്‍ 19 റണ്‍സാണ് ഗ്രീന്‍ ഒറ്റക്ക് അടിച്ചെടുത്തത്. 33 പന്തില്‍ കന്നി ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറി കുറിക്കാനും ഗ്രീനിനായി.
തിലക് മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ 151 റണ്‍സ് മാത്രമായിരുന്നു. അവസാന 21 പന്തില്‍ 41 റണ്‍സെടുക്കാന്‍ ഗ്രീന്‍-ടിം ഡേവിഡ് സഖ്യത്തിന് കഴിഞ്ഞു. 40 പന്തില്‍ 64 റണ്‍സെടുത്ത് ഗ്രീന്‍ പുറത്താകാതെ നിന്നു. ആറ് ഫോറും രണ്ട് സിക്സുമാണ് താരം നേടിയത്. ടിം 11 പന്തില്‍ 16 റണ്‍സാണ് എടുത്തത്.
ടീം ലൈനപ്പ്
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാതി, എയിഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, വാഷിങ്ടൺ സുന്ദർ, മാർക്കോ യാൻസൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർഖണ്ഡേ, ടി നടരാജൻ.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ തെന്‍ഡുല്‍ക്കര്‍, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
പ്രിവ്യു
സീസണിന്റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം വിജയപാതയില്‍ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഫോമിലേക്ക് ഉയര്‍ന്നതും മുംബൈക്ക് കരുത്താകും. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലകവ് വര്‍മ, ടിം ഡേവിഡ്. കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ റണ്‍സ് കൊല്‍ക്കത്തക്കെതിരെ റണ്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍ മുംബൈയുടെ പ്രധാന ആശങ്ക ബോളിങ്ങിലാണ്. വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിച്ചെങ്കിലും ഒന്നും പ്രതീക്ഷിക്കുന്ന ഫലം നല്‍കിയിട്ടില്ല. പിയൂഷ് ചൗള മാത്രമാണ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടുള്ളത്. ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് മുംബൈ പ്രതീക്ഷിക്കുന്നുണ്ട്. താരത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
പഞ്ചാബിനോടും കൊല്‍ക്കത്തയോടും ആധിപത്യത്തോടെ ജയം പിടിച്ചെടുത്താണ് ഹൈദരാബാദിന്റെ വരവ്. സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഫോമിലേക്ക് ഉയര്‍ന്നു. എയിഡന്‍ മാര്‍ക്രം നായകനായി ചുമതലയേറ്റത് മുതല്‍ ടീമിന്റെ സമീപനത്തിലും വ്യക്തമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എതിര്‍ ടീമിനെ ആക്രമിച്ചു കളിക്കുക എന്ന നയമാണ് ഹൈദരാബാദ് ബാറ്റിങ് യൂണിറ്റിനുള്ളത്.
ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. മായങ്ക് മാര്‍ഖണ്ഡെ, മാര്‍ക്കൊ യാന്‍സന്‍, ടി നടരാജന്‍ എന്നിവരെല്ലാം ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും തിളങ്ങിയിട്ടുണ്ട്. രണ്ട് കളികളില്‍ നിന്ന് ആറ് വിക്കറ്റെടുത്ത മായങ്കാണ് പ്രധാന അസ്ത്രം. ഡെത്ത് ഓവറുകളില്‍ നടരാജന്‍ ടീമിന്റെ മുതല്‍ക്കൂട്ടാണ്.