Mumbai Indians vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) 42-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ മറികടന്നത്. 14 പന്തില്‍ 45 റണ്‍സ് നേടിയ ടിം ഡേവിഡാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത് 17 റണ്‍സായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തുകള്‍ സിക്സര്‍ പറത്തിയാണ് മുംബൈയുടെ നാലാം ജയം ഡേവിഡ് ഉറപ്പിച്ചത്. മുംബൈക്കായി സൂര്യകുമാര്‍ യാദവ് (55), കാമറൂണ്‍ ഗ്രീന്‍ (44), തിലക് വര്‍മ (29) എന്നിവര്‍ തിളങ്ങി.
രാജസ്ഥാനായി രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും സന്ദീപ് ശര്‍മ, ട്രെന്‍ ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെ (124) മികവിലാണ് നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തത്.
ആദ്യ ഓവറുകള്‍ മുതല്‍ മുംബൈ ബോളര്‍മാര്‍ താളം കണ്ടെത്താന്‍ മറന്നതോടെ കൂട്ടാളി ജോസ് ബട്ട്ലറിനെ സാക്ഷിയാക്കി യശസ്വി ജയ്സ്വാള്‍ വാങ്കഡയില്‍ നിറഞ്ഞാടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ബട്ട്ലറുമായി ചേര്‍ന്ന് 72 റണ്‍സാണ് ജയ്സ്വാള്‍ കണ്ടെത്തിയത്. 18 റണ്‍സെടുത്ത ബട്ട്ലറിനെ പുറത്താക്കി പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്ന സഞ്ജു സാംസണ്‍ (14), ദേവദത്ത് പടിക്കല്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (11), ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ (8), ദ്രുവ് ജൂറല്‍ (2) എന്നിവര്‍ ഒരുവശത്ത് പിന്തുണ പോലും നല്‍കാതെ വീണു. എന്നാല്‍ മറുവശത്ത് നിന്ന് രാജസ്ഥാന്റെ ഇന്നിങ്സ് ഒറ്റയ്ക്ക് നയിക്കുകയായിരുന്നു ജയ്സ്വാള്‍. 32 പന്തിലാണ് തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ചുറി ജയ്സ്വാള്‍ നേടിയത്.
അടുത്ത 50 റണ്‍സെടുക്കാന്‍ ജയ്സ്വാളിന് ആവശ്യമായി വന്നത് കേവലം 21 ബോളുകള്‍ മാത്രമായിരുന്നു. 13 ഫോറും ആറ് സിക്സും സെഞ്ചുറി പിന്നിട്ടപ്പോള്‍ ജയ്സ്വാളിന്റെ പേരിലുണ്ടായിരുന്നു. സെഞ്ചുറിക്ക് ശേഷം മുംബൈ ബോളര്‍മാര്‍ക്ക് മുകളില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു ജയ്സ്വാള്‍ നടത്തിയത്. അനായാസം വാങ്കഡയില്‍ ബൗണ്ടറികള്‍ പിറന്നു.
മത്സരത്തില്‍ രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് ജയ്സ്വാള്‍ പുറത്തായത്. 62 പന്തില്‍ 124 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. 16 ഫോറും എട്ട് സിക്സും 21-കാരന്‍ നേടി. ജയ്സ്വാളിന്റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറിയാണിത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈ 200 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. മുംബൈക്കായി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. പിയൂഷ് ചൗള രണ്ടും റൈലി മെരിഡിത്ത്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
പ്രിവ്യു
ബോളിങ് നിരയുടെ പരാജയമാണ് മുംബൈയുടെ തോല്‍വികള്‍ക്ക് പിന്നില്‍. സീസണിന്റെ പാതി പിന്നിടുമ്പോഴും കൃത്യമായൊരു ബോളിങ് നിരയെ അണിനിരത്താന്‍ മുംബൈക്കായിട്ടില്ല. പരിചയ സമ്പന്നരായ ജേസണ്‍ ബെഹറന്‍ഡോര്‍ഫ്, റൈലി മെരിഡിത്ത് സഖ്യത്തിന് ജസ്പ്രിത് ബുംറയും വിടവ് നികത്താനായിട്ടില്ല.
ജോഫ്ര ആര്‍ച്ചറാണെങ്കില്‍ പരുക്കിന്റെ പിടിയില്‍ നിന്ന് മോചിതനമായിട്ടില്ല. പിയൂഷ് ചൗള മാത്രമാണ് ബോളിങ് നിരയില്‍ തിളങ്ങുന്നത്. പവര്‍പ്ലെയില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും മികവ് പുലര്‍ത്തുന്നുണ്ട്. ബാറ്റിങ് നിരയില്‍ കാര്യമായ ആശങ്കകള്‍ നിലനില്‍ക്കുന്നില്ല. നായകന്‍ രോഹിത് ശര്‍മ സ്ഥിരതയോടെ ബാറ്റ് വീശിയാല്‍ മുംബൈക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
മറുവശത്ത് ചെന്നൈയെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്താണ് രാജസ്ഥാന്റെ വരവ്. ബാറ്റിങ്ങില്‍ നിറം മങ്ങിയെങ്കിലും സഞ്ജുവിന്റെ നായക മികവ് ഉയര്‍ന്നിട്ടുണ്ട്. അതായിരുന്നു ചെന്നൈക്കെതിരായ മത്സരത്തില്‍ നിര്‍ണായകമായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് രാജസ്ഥാന്‍.
ഏതെങ്കിലും രണ്ട് മൂന്ന് താരങ്ങള്‍ അവസരത്തിനൊത്ത് എല്ലാ കളികളിലും ഉയരാറുണ്ട്. ജേസണ്‍ ഹോള്‍ഡറിനെ എത്തരത്തില്‍ ഉപയോഗിക്കണമെന്നതില്‍ മാത്രമാണ് ഒരു ചെറിയ ആശങ്ക ടീമില്‍ നിലനില്‍ക്കുന്നത്. ഹോള്‍ഡറിനെ സഞ്ജു വേണ്ടത്ര ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.