Mumbai Indians vs Punjab Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 31-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 13 റണ്‍സ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ബാറ്റിങ് നിരയുടെ പോരാട്ടം 201-6 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.
റണ്‍മലയ്ക്ക് മുന്നില്‍ നിന്ന മുംബൈക്ക് ആവശ്യമായിരുന്നത് മികച്ച തുടക്കമായിരുന്നു. പക്ഷെ രണ്ടാം ഓവറില്‍ മാത്യു ഷോര്‍ട്ടിന്റെ അത്യുഗ്രന്‍ ക്യാച്ച് ഇഷാന്‍ കിഷനെ (1) മടക്കി. രണ്ടാം വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഇന്നിങ്സിന് അടിത്തറ പാകി. 76 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
27 പന്തില്‍ 44 റണ്‍സെടുത്ത രോഹിത് ലിവിങ്സ്റ്റണിന്റെ ബോളില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. നാല് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ പിറന്നു. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് പഞ്ചാബ് ബോളര്‍മാരെ അനായാസം നേരിട്ടും. മറുവശത്ത് ഗ്രീനും വമ്പനടികളുമായി സൂര്യക്ക് മികച്ച പിന്തുണ നല്‍കി.
കളി നിര്‍ണായക ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് നാഥാന്‍ എല്ലിസിന്റെ പന്തില്‍ ഗ്രീന്‍ പുറത്തായത്. 43 പന്തില്‍ 67 റണ്‍സ് താരം നേടി. ആറ് ഫോറും മൂന്ന് സിക്സറുമാണ് ഗ്രീനിന്റെ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയില്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ 36 പന്തില്‍ 75 റണ്‍സ് ഗ്രീനും സൂര്യയും മുംബൈക്കായി നേടി.
തന്റെ ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാറിനെ അര്‍ഷദീപിനെയിറക്കി പഞ്ചാബ് പൂട്ടി. 26 പന്തില്‍ 57 റണ്‍സായിരുന്നു സൂര്യയുടെ ഇന്നത്തെ സമ്പാദ്യം. ഏഴ് ഫോറും മൂന്ന് സിക്സും വലം കയ്യന്‍ ബാറ്റര്‍ നേടി. സൂര്യ പുറത്താകുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ 14 പന്തില്‍ 33 റണ്‍സായിരുന്നു ആവശ്യം. ക്രീസില്‍ ടിം ഡേവിഡും തിലക് വര്‍മയും.
അവസാന ഓവറില്‍ മുംബൈക്കും ജയത്തിനുമിടയില്‍ 16 റണ്‍സ്. സാം കറണ്‍ വിശ്വാസം അര്‍പ്പിച്ചത് അര്‍ഷദീപ് സിങ്ങിലായിരുന്നു. രണ്ട്, മൂന്ന് പന്തുകളില്‍ തിലക് വര്‍മ, നേഹല്‍ വധേര എന്നിവരെ അര്‍ഷദീപ് ബൗള്‍ഡാക്കി. മുംബൈക്ക് അവസാന ഓവറില്‍ നേടാനായത് കേവലം രണ്ട് റണ്‍സ് മാത്രം. നാലാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തി.
അടിമുടി പഞ്ചുമായി പഞ്ചാബ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറില്‍ മാത്യു ഷോര്‍ട്ടിനെ (11) നഷ്ടമായി. കാമറൂണ്‍ ഗ്രീനിനായിരുന്നു വിക്കറ്റ്. എന്നാല്‍ പവര്‍പ്ലെ മുതലെടുത്ത് രണ്ടാം വിക്കറ്റില്‍ അഥർവ ടൈഡെ-പ്രഭ്‌സിമ്രാൻ സിങ് കൂട്ടുകെട്ട് 47 റണ്‍സ് കണ്ടെത്തി. പ്രഭ്‌സിമ്രാൻ (23) വിക്കറ്റിന് മുന്നില്‍ കുടുക്കി അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ് കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ പിയൂഷ് ചൗളയുടെ ഇരട്ട പ്രഹരം വന്നു. ലിയാം ലിവിങ്സ്റ്റണ്‍ (10), അഥര്‍വ (29) എന്നിവര്‍ ഒരു ഓവറില്‍ പുറത്തായി. എന്നാല്‍ വാങ്കഡയില്‍ പിന്നീട് കണ്ടത് നായകന്‍ സാം കറണിന്റേയും ഹര്‍പ്രീത് സിങ്ങിന്റേയും അതിവേഗ സ്കോറിങ്ങായിരുന്നു. അഞ്ചാം വിക്കറ്റില്‍ കേവലം 50 പന്തുകളില്‍ 92 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ എറിഞ്ഞ 16-ാം ഓവറില്‍ 31 റണ്‍സും കാമറൂണ്‍ ഗ്രീനിന്റെ 18-ാം ഓവറില്‍ 25 റണ്‍സുമെടുക്കാനായത് പഞ്ചാബിനെ കൂറ്റന്‍ സ്കോറിലേക്കാണ് നയിച്ചത്. 28 പന്തില്‍ 41 റണ്‍സാണ് ഹര്‍പ്രീത് നേടിയത്. ഗ്രീനിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 29 പന്തില്‍ 55 റണ്‍സെടുത്ത സാം കറണ്‍ ആര്‍ച്ചറിന് മുന്നിലും കീഴടങ്ങി.
അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പടെയാണ് സാം കറണ്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. ആറ് പന്തില്‍ 25 റണ്‍സെടുത്ത ജിതേഷ് ശര്‍മ പഞ്ചാബിന്റെ സ്കോര്‍ 200 കടത്തി. നാല് സിക്സറുകളാണ് താരം നേടിയത്. ബെഹ്‌റൻഡോർഫിന്റെ അവസാന ഓവറില്‍ ജിതേഷ് ബൗള്‍ഡാവുകയായിരുന്നു.
ടീം ലൈനപ്പ്
പഞ്ചാബ് കിങ്സ്: അഥർവ ടൈഡെ, പ്രഭ്‌സിമ്രാൻ സിങ്, മാത്യു ഷോർട്ട്, ലിയാം ലിവിങ്സ്റ്റൺ, സാം കറണ്‍, ജിതേഷ് ശർമ, ഹർപ്രീത് സിങ് ഭാട്ടിയ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ, അർജുൻ തെന്‍ഡുല്‍ക്കര്‍, ഹൃത്വിക് ഷോക്കീൻ, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
പ്രിവ്യു
തുടക്കത്തില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം മൂന്ന് ജയവുമായി തിരിച്ചു വരവിന്റെ പാതയിലാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് മുംബൈക്ക് വിജയങ്ങള്‍ സമ്മാനിച്ചത്. കിട്ടുന്ന തുടക്കം മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നില്ല എന്നത് പോരായ്മയായി അവശേഷിക്കുന്നു.
ബോളിങ്ങില്‍ പിയൂഷ് ചൗളയാണ് രോഹിതിന്റെ പ്രധാന അസ്ത്രം. വിക്കറ്റ് വീഴ്ത്താനും റണ്ണൊഴുക്ക് തടയാനും ചൗളയ്ക്കാകുന്നുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമായിരുന്നു ഹൈദരാബാദിനെതിരെ മുംബൈ പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍, റൈലി മെരിഡിത്ത്, അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ യോര്‍ക്കറുകളുമായി തിളങ്ങിയിരുന്നു.
അവസാന നാല് കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് പഞ്ചാബിന്റെ പോക്കറ്റിലുള്ളത്. നായകന്‍ ശിഖര്‍ ധവാന്റെ അഭാവം ബാറ്റിങ് നിരയില്‍ പ്രകടമാണ്. ടീമിലേക്ക് മടങ്ങിയെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ താളം കണ്ടെത്തിയിട്ടില്ല. ഐപിഎല്ലിലെ മൂല്യമേറിയ താരമായ സാം കറണിന് ബാറ്റിങ്ങിലും ബോളിങ്ങിലും ടീമിന്റെ വിജയത്തിനായി സംഭാവന ചെയ്യാനും സാധിച്ചിട്ടില്ല.
രാഹുല്‍ ചഹര്‍, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷദീപ് സിങ് എന്നിവരാണ് ബോളിങ് നിരയിലെ കുന്തമുന. പവര്‍പ്ലെയില്‍ റണ്ണൊഴുക്ക് തടയാന്‍ അര്‍ഷദീപിന് സീസണില്‍ സാധിച്ചിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരുടെ നിരയിലേക്ക് പഞ്ചാബ് താരങ്ങള്‍ ഉയരുന്നില്ല എന്നതാണ് ടീം നേരിടുന്ന മറ്റൊരു പോരായ്മ.