Mumbai Indians vs Kolkata Knight Riders Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 22-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 14 പന്ത് ബാക്കി നില്‍ക്കെയാണ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
186 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ബാറ്റര്‍മാര്‍ അടിമുടി ആക്രമണ ശൈലിയായിരുന്നു തിരഞ്ഞെടുത്തത്. നാലാം ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ – രോഹിത് ശര്‍മ സഖ്യം 50 പിന്നിട്ടു. 13 പന്തില്‍ 20 റണ്‍സെടുത്ത രോഹിതിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ഉമേഷ് യാദവ് മടക്കി. സുയാഷിനായിരുന്നു വിക്കറ്റ്.
മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് വാങ്കഡയില്‍ താളം കണ്ടെത്തി. ഇഷാന്‍ 21 പന്തില്‍ അര്‍ദ്ധ ശതകം പിന്നിട്ടു. 25 പന്തില്‍ 58 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ച് വീതം ഫോറും സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും തിലക് വര്‍മയും ചേര്‍ന്ന് 60 റണ്‍സാണ് ചേര്‍ത്തത്. തിലക് 30 റണ്‍സെടുത്താണ് മടങ്ങിയത്.
പിന്നീടെത്തിയ ടിം ഡേവിഡും അതിവേഗ സ്കോറിങ്ങാണ് തിരഞ്ഞെടുത്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ രണ്ട് സിക്സറുകള്‍ താരം പായിച്ചു. സൂര്യകുമാറിനെ പുറത്താക്കി ശാര്‍ദൂല്‍ മുംബൈയുടെ നാലാം വിക്കറ്റ് വീഴ്ത്തിയെങ്കിലും കളി കൈവിട്ടിരുന്നു. 25 പന്തില്‍ 43 റണ്‍സാണ് സൂര്യ നേടിയത്. നാല് ഫോറും മൂന്ന് സിക്സും ബാറ്റില്‍ നിന്ന് പിറന്നു.
നാല് പന്തില്‍ ആറ് റണ്‍സെടുത്ത നേഹല്‍ വധേര വിജയത്തിന് തൊട്ടരികെ എത്തിയപ്പോള്‍ ലോക്കി ഫെര്‍ഗുസണിന്റെ പന്തില്‍ പുറത്തായി. 13 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡാണ് വിജയ റണ്‍ നേടിയത്. സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ (104) മികവിലാണ് കൊല്‍ക്കത്ത 185 റണ്‍സ് പടുത്തുയര്‍ത്തിയത്.
സര്‍വം വെങ്കിടേഷ് മയമായിരുന്നു കൊല്‍ക്കത്ത ഇന്നിങ്സില്‍. റഹ്മാനുള്ള ഗുർബാസ് (8), എൻ ജഗദീശൻ (0), നിതീഷ് റാണ (5), ശാര്‍ദൂല്‍ താക്കൂര്‍ (13) എന്നിവര്‍ മുംബൈ ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താതെ കീഴടങ്ങി. എന്നാല്‍ വെങ്കിടേഷ് ഒറ്റയ്ക്ക് കൊല്‍ക്കത്തയുടെ കരുത്താകുകയായിരുന്നു. ശാര്‍ദൂല്‍ ക്രീസിലെത്തും വരെ വെങ്കിടേഷ് അല്ലാതെ മറ്റാരും ബൗണ്ടറി പോലും കണ്ടെത്തിയിരുന്നില്ല.
49 പന്തിലാണ് വെങ്കിടേഷ് മൂന്നക്കത്തിലെത്തിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം കൊല്‍ക്കത്ത താരമാണ് വെങ്കിടേഷ്. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്രണ്ടണ്‍ മക്കല്ലമാണ് ഇതിന് മുന്‍പ് കൊല്‍ക്കത്തയ്ക്കായി സെഞ്ചുറി നേടിയത്. മൂന്നക്കം കടന്നിട്ട് അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ വെങ്കിടേഷിനായില്ല.
51 പന്തില്‍ 104 റണ്‍സെടുത്താണ് താരം മടങ്ങിയത്. ആറ് ഫോറും ഒന്‍പത് സിക്സുമാണ് ഇടം കയ്യന്‍ ബാറ്ററുടെ ബൗണ്ടറി സമ്പാദ്യം. കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം റിങ്കുവിന് ഇന്ന് തിളങ്ങാനായില്ല. 18 പന്തില്‍ 18 റണ്‍സെടുത്ത് താരം പുറത്തായി. 11 പന്തില്‍ 21 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയെ 180 കടത്തിയത്.
മുംബൈക്കായി ഹൃത്വിക് ഷോക്കീന്‍ രണ്ട് വിക്കറ്റ് നേടി. കാമറൂണ്‍ ഗ്രീന്‍, ഡുവാൻ യാന്‍സന്‍, പിയൂഷ് ചൗള, റൈലി മെരിഡിത്ത് എന്നിവര്‍ ഓരൊ വിക്കറ്റും സ്വന്തമാക്കി.
ടീം ലൈനപ്പ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയിന്‍, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി.
മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ തെന്‍ഡുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, റൈലി മെരിഡിത്ത്.
പ്രിവ്യു
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാന്‍ മുംബൈക്കായിരുന്നു. നായകന്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറിയോടെ ഫോമിലേക്ക് ഉയര്‍ന്നതാണ് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യം. സൂര്യകുമാര്‍ യാദവ് ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരും ഒരു മത്സരത്തിലെങ്കിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ബോളിങ്ങിലും സീസണിലാദ്യമായി മുംബൈ മികവ് കാണിച്ച മത്സരം കൂടിയായിരുന്നു ഡല്‍ഹിക്കെതിരെ. പിയൂഷ് ചൗള, റൈലി മെരിഡിത്ത്, ജേസണ്‍ ബെഹറന്‍ഡോര്‍ഫ് എന്നിവര്‍ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിച്ചു. സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല, താരത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ഗുജറാത്തിനെതിരായ ഐതിഹാസിക വിജയത്തിന് ശേഷം ഹൈദരാബാദിനോട് പൊരുതി തോറ്റാണ് കൊല്‍ക്കത്തയുടെ വരവ്. നായകന്‍ നിതിഷ് റാണ ഫോമിലേക്ക് ഉയര്‍ന്നെങ്കിലും മറ്റ് ബാറ്റര്‍മാര്‍ അവസരത്തിന് ഒത്ത് കളി മെനയുന്നില്ല. വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ സ്ഥിരതയാര്‍ന്ന പ്രകടനം മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും.
ബോളിങ്ങിലും ബാറ്റിങ്ങിലും ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ ഫോമിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ശക്തമായ ബോളിങ് നിര ഹൈദരാബാദിനോട് വഴങ്ങിയത് 228 റണ്‍സാണ്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയിന്‍, സുയാഷ് ശര്‍മ ത്രയവും പരാജയപ്പെട്ടതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്.