Mumbai Indians vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 35-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 55 റണ്‍സ് ജയം. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 152-9 എന്ന സ്കോറില്‍ അവസാനിച്ചു.
മുംബൈ നിരയില്‍ നേഹല്‍ വഥേര (40), കാമറൂണ്‍ ഗ്രീന്‍ (33), സൂര്യകുമാര്‍ യാദവ് (23) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പ് നടത്തിയത്. ഗുജറാത്തിനായി നൂറ് അഹമ്മദ് മൂന്നും റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റും നേടി. ഗുജറാത്തിന്റെ അഞ്ചാം ജയവും മുംബൈയുടെ നാലാം തോല്‍വിയുമാണിത്.
ശുഭ്മാന്‍ ഗില്‍ (56), ഡേവിഡ് മില്ലര്‍ (46), അഭിനവ് മനോഹര്‍ (42) എന്നിവരുടെ മികവിലാണ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ (4) നഷ്ടമായി. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ക്കായിരുന്നു വിക്കറ്റ്. എങ്കിലും പവര്‍പ്ലെയില്‍ ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഗുജറാത്തിനെ 50-ലെത്തിച്ചു. പവര്‍പ്ലെയ്ക്ക് ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹാര്‍ദിക്ക് (13) പുറത്തായി.
പിയൂഷ് ചൗളയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കിയാണ് ഗുജറാത്ത് നായകന്‍ മടങ്ങിയത്. പിന്നീട് ഗില്‍ അനായാസം റണ്‍സ് കണ്ടെത്തി തുടങ്ങി. 34 പന്തില്‍ 56 റണ്‍സെടുത്ത് ഗുജറാത്തിന് അടിത്തറ പാകിയാണ് ഗില്‍ പവലിയനിലെത്തിയത്. കുമാര്‍ കാര്‍ത്തികേയക്കായിരുന്നു വിക്കറ്റ്. വൈകാതെ വിജയ് ശങ്കര്‍ (19) ചൗളയുടെ പന്തിലും പുറത്തായി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അഭിനവ് മനോഹറും ഡേവിഡ് മില്ലറും ചേര്‍ന്ന് മുംബൈയുടെ ആധിപത്യത്തെ തല്ലെക്കെടുത്തുകയായിരുന്നു. 35 പന്തില്‍ 71 റണ്‍സാണ് ഇരുവരും നേടിയത്. 21 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും പറത്തിയ അഭിനവിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത് റൈലി മെരിഡിത്തായിരുന്നു. ഗുജറാത്തിനെ 170 കടത്തിയിട്ടാണ് അഭിനവ് മൈതാനം വിട്ടത്.
അവസാന രണ്ട് ഓവറുകളില്‍ മില്ലറും രാഹുല്‍ തേവാട്ടിയയും സിക്സറുകള്‍ നിസാരമായി കണ്ടെത്തുകയായിരുന്നു. 22 പന്തില്‍ 46 റണ്‍സെടുത്ത് ഒരു പന്ത് ശേഷിക്കെയാണ് മില്ലര്‍ മടങ്ങിയത്. അവസാന പത്ത് ഓവറില്‍ 123 റണ്‍സാണ് ഗുജറാത്ത് നേടിയത്. അഞ്ച് പന്തില്‍ 20 റണ്‍സുമായി തേവാട്ടിയ പുറത്താകാതെ നിന്നു.
പ്രിവ്യു
വിജയത്തിന്റെ പാതയില്‍ നിന്ന് പഞ്ചാബിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് മുംബൈ. ഏറ്റവും വലിയ ആശങ്ക കൃത്യമായൊരു ബോളിങ് കോമ്പിനേഷന്‍ കണ്ടെത്താനാകുന്നില്ല എന്നതാണ്. ജസ്പ്രിത് ബുംറയുടെ അഭാവം സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ക്ക് പോലും നികത്താനാകുന്നില്ല. പിയൂഷ് ചൗള (9 വിക്കറ്റ്) മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്.
എന്നാല്‍ ബാറ്റിങ്ങില്‍ മുംബൈയുടെ ആശങ്കകള്‍ക്ക് ഏറെക്കുറെ പരിഹാരമായതായാണ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മനസിലാകുന്നത്. തിലക് വര്‍മ (217), രോഹിത് ശര്‍മ (179) എന്നിവരാണ് മുംബൈക്കായി സീസണില്‍ തിളങ്ങുന്നത്. കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍ എന്നിവരും ഫോമിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
മറുവശത്ത് സീസണില്‍ തിരിച്ചടികളും തിരിച്ചുവരവുകളുമായി റോളര്‍ കോസ്റ്റര്‍ മൂഡിലാണ് ഗുജറാത്ത്. 228 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് ബാറ്റിങ്ങിലെ പ്രധാന ആയുധം. മുബൈക്കെതിരെ മികച്ച റെക്കോര്‍ഡുള്ള വൃദ്ധിമാന്‍ സാഹയും ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകും. ഹാര്‍ദിക് ഫോമിലേക്ക് എത്തിയത് ഗുജറാത്തിന്റെ ആത്മവിശ്വാസവും ഉയര്‍ത്തും.
ആറ് കളികളില്‍ നിന്ന് 12 വിക്കറ്റുള്ള റാഷിദ് ഖാനാണ് ബോളിങ്ങില്‍ മികവ് കാണിക്കുന്നത്. മുഹമ്മദ് ഷമി (10 വിക്കറ്റ്), അല്‍സാരി ജോസഫ് (ഏഴ് വിക്കറ്റ്) എന്നിവര്‍ റാഷിദിന് മികച്ച പിന്തുണ നല്‍കുന്നു. മോഹിത് ശര്‍മയുടെ വരവ് ഗുജറാത്ത് ബോളിങ് നിരയ്ക്ക് കൂടുതല്‍ കരുത്തായിട്ടുണ്ട്.