Mumbai Indians vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 12-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ നില്‍ക്കെയാണ് ചെന്നൈ മറികടന്നത്.
അജിങ്ക്യ രഹാനെയുടെ അപ്രതീക്ഷിത വെടിക്കെട്ടാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച രഹാനെ 61 റണ്‍സെടുത്താണ് മടങ്ങിയത്. ഏഴ് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ടൂര്‍ണമെന്റിലെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി സ്വന്തം പേരില്‍ കുറിക്കാനും വലം കയ്യന്‍ ബാറ്റര്‍ക്കായി.
റുതുരാജ് ഗെയ്ക്വാദ് (36 പന്തില്‍ 40*), ശിവം ദൂബെ (26 പന്തില്‍ 28), അമ്പട്ടി റായുഡു (16 പന്തില്‍ 20*) എന്നിവര്‍ രഹാനെക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. മുംബൈക്കായി പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ചെന്നൈയുടെ രണ്ടാം ജയമാണിത്. മുംബൈയുടെ രണ്ടാം തോല്‍വിയും.
രോഹിത് ശര്‍മയുടെ ബൗണ്ടറിയോടെയായിരുന്നു മുംബൈ ഇന്നിങ്സിന് തുടക്കമായത്. പിന്നീട് രോഹിതും ഇഷാന്‍ കിഷാനും ചേര്‍ന്ന് ചെന്നൈ ബോളര്‍മാരെ നിരന്തരം ബൗണ്ടറി കടത്തി. 13 പന്തില്‍ 21 റണ്‍സെടുത്ത രോഹിതിനെ ബൗള്‍ഡാക്കി തുഷാര്‍ ദേശ്പാണ്ഡെ ചെന്നൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ മുംബൈ 60 കടന്നിരുന്നു.
എന്നാല്‍ പിന്നീട് സ്പിന്നര്‍മാരെ കളത്തിലിറക്കി എം എസ് ധോണി കളി തിരിച്ചി പിടിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (32), കാമറൂണ്‍ ഗ്രീന്‍ (12), തിലക് വര്‍മ (22) എന്നിവരെ രവീന്ദ്ര ജഡേജ മടക്കി. സൂര്യകുമാര്‍ യാദവും (1) അര്‍ഷദ് ഖാനും (2) മിച്ചല്‍ സാറ്റ്നറിന്റെ പന്തിലാണ് മടങ്ങിയത്. ടിം ഡേവിഡ് നടത്തിയ ചെറുത്തു നില്‍പ്പാണ് മുംബൈയെ 120 കടത്തിയത്.
22 പന്തില്‍ 31 റണ്‍സെടുത്ത ടിം ഡേവിഡിനെ പവലിയനിലേക്ക് അയച്ചതും ദേശ്പാണ്ഡെയാണ്. ട്രിസ്റ്റന്‍ സ്റ്റബ്സിന് മുംബൈക്കായുള്ള കന്നി മത്സരത്തില്‍ തിളങ്ങാനായില്ല. അഞ്ച് റണ്‍സിനാണ് താരം പുറത്തായത്. ഒന്‍പതാമനായി എത്തി 13 പന്തില്‍ 18 റണ്‍സെടുത്ത ഹൃത്വിക് ഷോക്കീൻ മുംബൈ സ്കോര്‍ 157-ല്‍ എത്തിച്ചു.
ടീം ലൈനപ്പ്
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, അർഷാദ് ഖാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
ചെന്നൈ സൂപ്പർ കിങ്സ്: ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചാഹർ, മിച്ചൽ സാന്റ്‌നർ, സിസന്ദ മഗല, തുഷാർ ദേശ്പാണ്ഡെ.
പ്രിവ്യു
പതിവ് പോലെ സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ചെന്നൈക്കെതിരെ ഒരു ജയം മുംബൈയെ പോയിന്റെ പട്ടികയിലും മെച്ചപ്പെട്ട സ്ഥാനത്ത് എത്തിക്കും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിങ്ങിലെ മോശം പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്.
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. യുവതാരം തിലക് വര്‍മയുടെ മികവിലാണ് ബാംഗ്ലൂരിനെതിരെ മുംബൈ നാണക്കേട് ഒഴിവാക്കിയത്. ബോളിങ്ങില്‍ ജസ്പ്രിത് ബുംറയുടെ വിടവ് എങ്ങനെ നികത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ബാംഗ്ലൂരിനെതിരെ പിയൂഷ് ചൗള മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മറുവശത്ത് റുതുരാജ് ഗെയ്ക്വാദിന്റെ മിന്നും ഫോമിന്റെ തിളക്കത്തിലാണ് ചെന്നൈ. റുതുരാജും ഡെവോണ്‍ കോണ്‍വെയും ചേരുന്ന ഓപ്പണിങ് സഖ്യം ഏത് ബോളിങ് നിരയ്ക്കും വെല്ലുവിളി ഉയര്‍ത്തും. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ പിന്നീട് വരുന്നവര്‍ക്ക് അനായാസം ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതിന് ഉദാഹരണമായിരുന്നു ലഖ്നൗവിനെതിരായ മത്സരം.
എന്നാല്‍ ബോളിങ്ങാണ് നായകന്‍ എം എസ് ധോണിക്ക് തലവേദന നല്‍കുന്നത്. നോ ബോളും വൈഡും എറിഞ്ഞ് റണ്‍സ് വാരിക്കൂട്ടുന്നതില്‍ ഒരു മടിയും ചെന്നൈ കാണിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ധോണി കൃത്യമായ മുന്നറിയിപ്പും നല്‍കിയിരുന്നു. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചൈന്നൈക്ക് മുകളില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട് (20-14).