ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പ്ലെ ഓഫ് സാധ്യത അവസാനിച്ചതോടെ നായകന് രോഹിത് ശര്മയുള്പ്പടെയുള്ളവര്ക്ക് വിശ്രമം നല്കി യുവതാരങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സ് അവസരം നല്‍കണമെന്ന് സഞ്ജയ് മഞ്ജ്രേക്കര്. 2022 സീസണില്‍ ആദ്യമായി പുറത്തായ ടീം മുംബൈ ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ കൂടി മുംബൈക്ക് അവശേഷിക്കുന്നുണ്ട്.
“സമ്മര്‍ദമില്ലാതെ മത്സരങ്ങളില്‍ കളിക്കാന്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്. രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ പോലുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കണം. ഇഷാന് കിഷന് ബാറ്റിങ് നിരയില്‍ താഴേക്കിറങ്ങണം. ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനങ്ങളായിരിക്കണം മുംബൈ സ്വീകരിക്കേണ്ടത്,” മഞ്ജ്രേക്കര് ഇഎസ്പിന് ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഐപിഎല്‍ ചരിത്രത്തിലെ തന്നെ മോശം പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. രോഹിത്, ഇഷാന്, ബുംറ, പൊള്ളാര്‍ഡ് പോലുള്ള പ്രധാന താരങ്ങള്‍ ഫോം കണ്ടെത്തിയിട്ടില്ല. ബുംറ ഒരു മത്സരത്തില്‍ 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തത് മാറ്റി നിര്‍ത്തിയാല്‍ കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടുമില്ല.
Also Read: ഇന്ത്യക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു, വെയ്ൻ പാർണൽ ടീമിൽ