Lucknow Super Giants vs Royal Challengers Bangalore Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 43-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് തോല്‍വി. 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ 108 റണ്‍സിന് പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് ദുഷ്കരമായ പിച്ചില്‍ ആവശ്യമായിരുന്നത് മികച്ച അടിത്തറയായിരുന്നു. ഫോമിലുള്ള ഫാഫ് ഡുപ്ലെസി – വിരാട് കോഹ്ലി സഖ്യത്തിന് ഏകനയില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. ഒന്‍പത് ഓവറില്‍ 62 റണ്‍സായിരുന്നു ഇരുവരും ചേര്‍ത്തത്.
30 പന്തില്‍ 31 റണ്‍സെടുത്ത കോഹ്ലിയെ മടക്കി രവി ബിഷ്ണോയിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ അനൂജ് റാവത്ത് 11 പന്തില്‍ ഒന്‍പത് റണ്‍സ്), ഗ്ലെന്‍ മാക്സ്വല്‍ (4), സുയാഷ് പ്രഭുദേശായി (6), മഹിപാല്‍ ലാംറോര്‍ (3) എന്നിവര്‍ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പവലിയനിലേക്ക് മടങ്ങി.
40 പന്തില്‍ 44 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. 11 പന്തില്‍ 16 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ യാഷ് താക്കൂര്‍ റണ്ണൗട്ടാക്കിയതോടെ ബാംഗ്ലൂരിന്റെ ഭേദപ്പെട്ട സ്കോറിനായുള്ള പോരാട്ടത്തിന് കുരുക്ക് വീണു.
ലക്നൗവിനായി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റ് നേടി. അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവര്‍ രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും സ്വന്തമാക്കി.
ടീം ലൈനപ്പ്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലൊമ്‌റോർ, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വനിന്ദു ഹസരംഗ, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്സൽവുഡ്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, യാഷ് താക്കൂർ.
പ്രിവ്യു
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോര്‍ പടുത്തുയര്‍ത്തി പഞ്ചാബിനെ വീഴ്ത്തിയാണ് ലക്നൗവിന്റെ വരവ്. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യങ്ങള്‍ അറിഞ്ഞ് കളിക്കുന്ന ലക്നൗവിന് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ ചെറിയ മേല്‍ക്കൈയുണ്ട്. കെ എല്‍ രാഹുല്‍ ഒഴികയുള്ള ലക്നൗ ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണ്.
ബോളിങ് നിരയുടെ കാര്യത്തിലും ലക്നൗവിന് ആശങ്കപ്പെടാനില്ല. മാര്‍ക്ക് വുഡിന്റെ അസാന്നിധ്യത്തിലും തിളങ്ങാന്‍ ലക്നൗവിന് സാധിക്കുന്നുണ്ട്. ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയി സ്പിന്‍ ദ്വയം റണ്ണൊഴുക്ക് തടയുന്നതില്‍ മധ്യ ഓവറുകളില്‍ നിര്‍ണായകമാകുന്നുണ്ട്.
മറുവശത്ത് കോല്‍ക്കയോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ഭാരവുമായാണ് ബാംഗ്ലൂരെത്തുന്നത്. ചരിത്രം പോലെ തന്നെ ബാംഗ്ലൂരിന്റെ ബോളിങ് നിര തന്നെയാണ് ടീമിന്റെ തിരിച്ചടി. മുഹമ്മദ് സിറാജ് ഒഴികെയുള്ള താരങ്ങളാരും മികവ് പുലര്‍ത്തുന്നില്ല. വനിന്ദു ഹസരങ്ക വിക്കറ്റ് വേട്ടയിലേക്ക് മടങ്ങിയെത്തേണ്ടത് ബാംഗ്ലൂരിന് അനിവാര്യമാണ്.
ബാറ്റിങ്ങില്‍ വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്വല്‍ ത്രയം ഉജ്വല ഫോമിലാണെങ്കിലും മറ്റ് താരങ്ങള്‍ സീസണില്‍ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. പ്രത്യേകിച്ചും മുതിര്‍ന്ന താരമായ ദിനേഷ് കാര്‍ത്തിക്ക്. ഫിനിഷറുടെ റോളില്‍ ടൂര്‍ണമെന്റിന്റെ ആദ്യ പകുതില്‍ കാര്‍ത്തിക്ക് തീര്‍ത്തും പരാജയമാണ്.