Mumbai Indians vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 63-ാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളു.
178 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഏകനയിലെ പരിചിതമല്ലാത്ത പിച്ചില്‍ ഉജ്വല തുടക്കമാണ് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലെയില്‍ നിന്ന് 58 റണ്‍സ് സഖ്യം അടിച്ചു കൂട്ടി. ഒന്നാം വിക്കറ്റില്‍ 90 റണ്‍സാണ് പിറന്നത്. 37 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് മടങ്ങിയിട്ടും സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ ഇഷാന്‍ തയാറായില്ല. ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ രണ്ട് ഫോറടിച്ച് ഇഷാന്‍ സീസണിലെ മൂന്നാം അര്‍ദ്ധ സെഞ്ചുറി തികച്ചു. പക്ഷെ രവി ബിഷ്ണോയിയ്ക്ക് മുന്നില്‍ ഇഷാനും കീഴടങ്ങേണ്ടി വന്നു. എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പടെ 59 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്.
ഉജ്വല ഫോമിലുള്ള സൂര്യകുമാര്‍ യാദവ് (7), നേഹല്‍ വധേര (16), വിഷ്ണു വിനോദ് (2) എന്നിവര്‍ക്ക് ക്രീസില്‍ അധിക നേരം തുടരാനായില്ല. മൂവര്‍ക്കും സ്കോറിങ്ങിന് വേഗം കൂട്ടാനാകാത്തതും മുംബൈയുടെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 19 പന്തില്‍ 32 റണ്‍സെടുത്ത ടിം ഡേവിഡ് പൊരുതിയെങ്കിലും ജയം കൈവിടുകയായിരുന്നു.
ദുഷ്കരമായ പിച്ചില്‍ ലക്നൗവിന്റെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെടുന്നതാണ് ഏകനയില്‍ കണ്ടത്. ജേസൺ ബെഹ്‌റൻഡോർഫ് എറിഞ്ഞ മൂന്നാം ഓവറില്‍ ദീപക് ഹൂഡയും (5) പ്രേരക് മങ്കാദും (0) പുറത്തായി. പവര്‍പ്ലെയില്‍ രോഹിത് തന്റെ വജ്രായുധമായി പിയുഷ് ചൗളയ കളത്തിലെത്തിച്ച് ക്വിന്റണ്‍ ഡി കോക്കിനെ (16) മടക്കി.
ചൗളയുടെ സീസണിലെ 20-ാം വിക്കറ്റായിരുന്നു ഡി കോക്കിന്റേത്. എന്നാല്‍ പിന്നീട് നായകന്‍ ക്രുണാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശുകയായിരുന്നു. മൈതാനത്തെ നീളമേറിയ ഭാഗം കേന്ദ്രീകരിച്ച് രണ്ടും മൂന്നും റണ്‍സ് കണ്ടെത്തെ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു ഇരുവരും.
സ്റ്റോയിനിസ് വമ്പനടികള്‍ക്ക് മുതിര്‍ന്നപ്പോള്‍ ക്രുണാല്‍ സാവധാനമായിരുന്നു ബാറ്റ് ചെയ്തത്. സ്കോര്‍ 117-3 എന്ന നിലയില്‍ നില്‍ക്കെ ക്രുണാല്‍ (49) റിട്ടയേഡ് ഹര്‍ട്ടായി. നിക്കോളാസ് പൂരാന്‍ മറുവശത്ത് എത്തിയതോടെ സ്റ്റോയിനിസ് ആക്രമണ ബാറ്റിങ് പുറത്തെടുത്തു. 36 പന്തില്‍ താരം അര്‍ദ്ധ സെഞ്ചുറി മറികടന്നു.
ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ 24 റണ്‍സ് സ്റ്റോയിനിസ് അടിച്ചെടുത്തത് നിര്‍ണായകമായി. ബെഹ്‌റൻഡോർഫ് എറിഞ്ഞ 19-ാം ഓവറില്‍ സ്റ്റോയിനിസ് രണ്ട് സിക്സറുകള്‍ പറഞ്ഞി. 15 റണ്‍സായിരുന്നു ഓവറില്‍ പിറന്നത്. അവസാന ഓവറിലും 15 റണ്‍സ് നേടാന്‍ ലക്നൗവിന് സാധിച്ചു.
മൂന്ന് ഓവറില്‍ 54 റണ്‍സ് നേടിയത് ലക്നൗവ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നല്‍കി. 47 പന്തില്‍ 89 റണ്‍സെടുത്താണ് സ്റ്റോയിനിസ് പുറത്താകാതെ നിന്നത്. ഐപിഎല്ലിലെ ഏറ്റവും ദുഷ്കരമായ പിച്ചില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് ലക്നൗ നേടിയത്.
ടീം ലൈനപ്പ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: ക്വിന്റൺ ഡി കോക്ക്, ദീപക് ഹൂഡ, പ്രേരക് മങ്കാഡ്, ക്രുനാൽ പാണ്ഡ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, നവീൻ ഉൽഹഖ്, രവി ബിഷ്ണോയ്, സ്വപ്‌നിൽ സിംഗ്, മൊഹ്‌സിൻ ഖാൻ.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, ക്രിസ് ജോർദാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.
പ്രിവ്യു
രണ്ട് ആധികാരിക ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് എത്തുന്നതെങ്കിലും മുംബൈ ഇന്ത്യന്‍സിന് ഏകനയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ദുഷ്കരമായ പിച്ചില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് വീശുന്ന ടീമിനാകും ജയം സ്വന്തമാക്കാനാകുക. സീസണിലെ തന്നെ ഏറ്റവും കുറവ് റണ്‍സ് പിറന്ന മൈതാനങ്ങളിലൊന്നാണ് ഏകന.
എന്നാല്‍ മുംബൈ ബാറ്റിങ് നിര സീസണിന്റെ രണ്ടാം ഘട്ടത്തില്‍ അതിശക്തമാണ്. നായകന്‍ രോഹിത് ശര്‍മയൊഴികെയുള്ള എല്ലാവരും മിന്നും ഫോമിലാണ്. ഗുജറാത്തിനെതിരെ റണ്‍സ് കണ്ടെത്തിയ രോഹിതിന് ആത്മവിശ്വാസമുണ്ടാകും. സൂര്യകുമാര്‍ യാദവ് തന്നെയാണ് രോഹിതിന്റെ വജ്രായുധം. ബോളിങ്ങില്‍ സീസണിലെ മികച്ച പ്രകടനമായിരുന്നു ഗുജറാത്തിനെതിരെ പുറത്തെടുത്തത്.
ഗുജറാത്തിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ മുംബൈക്കായിരുന്നു. അവസാന നാല് കളികളില്‍ ഒരു ജയം മാത്രമുള്ള ലക്നൗവിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കാനായില്ലെങ്കില്‍ പ്ലെ ഓഫ് പ്രതീക്ഷകള്‍ തന്നെ തുലാസിലാകും. മുംബൈയെ പോലെ തന്നെ ബാറ്റിങ് നിര തന്നെയാണ് ലക്നൗവിന്റേയും കരുത്ത്.
കെയില്‍ മേയേഴ്സും ക്വിന്റണ്‍ ഡി കോക്കും ചേരുന്ന ഓപ്പണിങ് കൂട്ടുകെട്ടിന് മികച്ച തുടക്കം നല്‍കാനായാല്‍ ലക്നൗവിന് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ മധ്യനിരയില്‍ നിലയുറപ്പിച്ച് സ്ഥിരതയോടെ കളിക്കുന്ന താരങ്ങളുടെ അഭാവമുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാന്‍ സഖ്യത്തിന് പോരായ്മകള്‍ നികത്തി ഫിനിഷ് ചെയ്യാനുള്ള പാഠവമുണ്ട്.