Mumbai Indians vs Lucknow Super Giants Eliminator Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്റിസിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടി. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന്റെ പോരാട്ടം 101 റണ്‍സില്‍ അവസാനിച്ചു.
3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആകാശ് മധ്വാളാണ് മുംബൈയുടെ ഹീറൊയായത്. ചെപ്പോക്കില്‍ ബാറ്റിങ്ങിന് സഹായകരമായ പിച്ചില്‍ ലക്നൗവിനെ അടിമുടി പിടിച്ചുകെട്ടുകയായിരുന്നു മുംബൈ. മികവുറ്റ ഫീല്‍ഡിങ്ങും കൃത്യതയാര്‍ന്ന ബോളിങ്ങുമാണ് മുംബൈക്ക് തുണയായത്.
27 പന്തില്‍ 40 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ് മാത്രമാണ് ലക്നൗവിനായി പൊരുതിയത്. കെയില്‍ മെയേഴ്സ് (18), ദീപക് ഹൂഡ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. നേരത്തെ കാമറൂണ്‍ ഗ്രീന്‍ (41), സൂര്യകുമാര്‍ യാദവ് (33) എന്നിവരുടെ മികവിലാണ് മുംബൈ 182 റണ്‍സെടുത്തത്. നാല് വിക്കറ്റെടുത്ത നവീന്‍ ഉള്‍ ഹഖാണ് മുംബൈ ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് ചെപ്പോക്കില്‍ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും (11) ഇഷാന്‍ കിഷനും (15) സാധിച്ചില്ല. പവര്‍പ്ലെ പൂര്‍ത്തിയാകും മുന്‍പ് അഞ്ചാം ഓവറില്‍ തന്നെ ഇരുവരേയും പവലിയനിലേക്ക് മടക്കാന്‍ ലക്നൗ ബോളര്‍മാര്‍ക്കായി. രോഹിതിനെ നവീന്‍ ഉള്‍ ഹഖും കിഷനെ യഷ് താക്കൂറുമാണ് പുറത്താക്കിയത്.
എന്നാല്‍ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും ചേര്‍ന്നതോടെ മുംബൈയുടെ സ്കോറിങ് വേഗത്തിലായി. രണ്ട് വിക്കറ്റ് നഷ്ടമായിട്ടും പവര്‍പ്ലെയില്‍ 62 റണ്‍സ് നേടാന്‍ മുംബൈക്കായി. അനായാസം ഇരുവരുടേയും ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പിറന്നതോടെ മുംബൈ പത്ത് ഓവറില്‍ 98-2 എന്ന ശക്തമായ നിലയിലെത്തി.
പക്ഷെ വൈകാതെ തന്നെ കളിയുടെ ഗതി മാറ്റി നവീന്‍. സൂര്യകുമാറിനേയും (33) ഗ്രീനിനേയും (41) ഒരു ഓവറില്‍ പുറത്താക്കി നവീന്‍ ലക്നൗവിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീട് തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് കൂടുതല്‍ അപകടം ഉണ്ടാകാതെ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
43 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തു. 13 റണ്‍സെടുത്ത ഡേവിഡിനെ പുറത്താക്കി യഷ് താക്കൂര്‍ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ഡേവിഡ് മടങ്ങിയതോടെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി നേഹല്‍ വധേരയെ മുംബൈ കളത്തിലെത്തിച്ചു. ഒരു ബോളറെ ത്യാഗം ചെയ്യേണ്ടി വന്നു മുംബൈക്ക് മികച്ച സ്കോര്‍ എന്ന ലക്ഷ്യത്തിലെത്താന്‍.
22 പന്തില്‍ 26 റണ്‍സെടുത്ത തിലക് വര്‍മയും നവീനിന്റെ കൃത്യതയ്ക്ക് മുന്നില്‍ കീഴടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അവസാന ഓവറുകളില്‍ വധേരയ്ക്ക് സ്ട്രൈക്ക് ലഭിക്കാതെ പോയതും മുംബൈക്ക് തിരിച്ചടിയായി. 12 പന്തില്‍ 23 റണ്‍സെടുത്ത വധേരയാണ് മുംബൈയുടെ സ്കോര്‍ 180 കടത്തിയത്.
ടീം ലൈനപ്പ്
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹൽ വധേര, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: ആയുഷ് ബഡോണി, ദീപക് ഹൂഡ, പ്രേരക് മങ്കാഡ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ക്രുണാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌ണോയ്, നവീൻ-ഉൽ-ഹഖ്, യാഷ് താക്കൂർ, മൊഹ്‌സിൻ ഖാൻ.
ബാറ്റിങ് കരുത്തിലാണ് മുംബൈ ഇത്തവണ പ്ലെ ഓഫ് ഉറപ്പിച്ചത്. വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് ബോളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്. സൂര്യകുമാര്‍ യാദവ് (511 റണ്‍സ്), ഇഷാന്‍ കിഷന്‍ (439 റണ്‍സ്), കാമറൂണ്‍ ഗ്രീന്‍ (381 റണ്‍സ്), രോഹിത് ശര്‍മ (313 റണ്‍സ് എന്നിവരാണ് കരുത്ത്. തിലക് വര്‍മ, ടിം ഡേവിഡ്, നേഹല്‍ വധേര, വിഷ്ണു വിനോദ് എന്നിവര്‍ ഫിനിഷിങ്ങിലും തിളങ്ങി.
ബോളിങ്ങിലേക്ക് കടന്നാല്‍ പിയൂഷ് ചൗള മാത്രമാണ് വിശ്വാസം അര്‍പ്പിക്കാനാകുന്ന ഏക താരം. 14 കളികളില്‍ നിന്ന് 20 വിക്കറ്റ് താരം നേടിയിട്ടുണ്ട്. 14 വിക്കറ്റെടുത്ത ജേസണ്‍ ബെഹറന്‍ഡോര്‍ഫാണ് പിന്നിലുള്ള താരം. ആകാശ് മധ്വാളിന്റെ വരവ് അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ മുംബൈയെ സഹായിച്ചിട്ടുണ്ട്.
മറുവശത്ത് മുംബൈയോട് ഇതുവരെ അടിയറവ് പറയാത്ത ടീമാണ് ലക്നൗ. ബാറ്റിങ് തന്നെയാണ് പ്രധാന കരുത്ത്. മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂരാന്‍, കെയില്‍ മേയേഴ്സ് തുടങ്ങിയ വിദേശ വെടിക്കെട്ടുകാരുടെ സാന്നിധ്യം ഏത് ബോളിങ് നിരയ്ക്കും വെല്ലുവിളി ഉയര്‍ത്തു. ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ എന്നിവരും തിളങ്ങുന്നത് ലക്നൗവിന്റെ കരുത്ത് കൂട്ടുന്നു.
ദീപക് ഹൂഡയുടെ മോശം ഫോം മാത്രമാണ് ലക്നൗവിന് ആശങ്കപ്പെടാനുള്ളത്. ബോളിങ്ങിലേക്കെത്തിയാല്‍ 16 വിക്കറ്റുകളുമായി രവി ബിഷ്ണോയിയാണ് നായകന്റെ പ്രധാന ആയുധം. ആവേശ് ഖാന്‍ മോശം ഫോമിലായതിനാല്‍ മോഹ്സിന്‍ ഖാന്‍, നവീന്‍ എന്നിവര്‍ക്ക് ഉത്തരവാദിത്തം കൂടുമെന്നത് തീര്‍ച്ചയാണ്.