ഇന്ത്യയുടെ ദേശിയ കായിക വിനോദം ഹോക്കിയാണെങ്കിലും ക്രിക്കറ്റിന് ലഭിക്കുന്ന പ്രാധാന്യം മറ്റുള്ളവയ്ക്ക് കിട്ടുന്നില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റില്‍ മുന്‍നിരയിലേക്ക് എത്താനുള്ള കഷ്ടതകളും ഏറെയാണ്. ഇന്ത്യക്കായി ദേശിയ കുപ്പായമണിഞ്ഞിട്ടുള്ള എല്ലാ താരങ്ങളും വെല്ലുവിളികളെ അതിജീവിച്ചവരായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
അത്തരം നിമിഷങ്ങളിലൂടെ കടന്നു പോയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍. ക്രിക്കറ്റിലെത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ താണ്ടിയ കഥയാണ് സഞ്ജുവിനുള്ളത്.
ആറാം വയസിലാണ് സഞ്ജു തന്റെ ജേഷ്ഠന്റെ ഒപ്പം ഡല്‍ഹിയില്‍ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ തറവാടു പോലുള്ള ഡല്‍ഹിയില്‍ കുഞ്ഞ് സഞ്ജുവിന് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. അതുകൊണ്ട് തന്നെ ഡല്‍ഹി പൊലീസില്‍ ജോലി ചെയ്തിരുന്ന പിതാവ് സഞ്ജുവിനെ കേരളത്തിലേക്ക് അയക്കുകയായിരുന്നു.
“ഡല്‍ഹിയുടെ മുക്കിലും മൂലയിലും ക്രിക്കറ്റ് കളി നടക്കുന്നതിനാല്‍ വലിയ പ്രയാസവും മത്സരവുമാണ്. ഒന്ന് രണ്ട് തവണ ട്രയല്‍സിനൊക്കൊ പോയെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴാണ് എന്റെ അച്ഛന്‍ പറഞ്ഞത് നമ്മള്‍ കേരളത്തില്‍ നിന്നുള്ളവരാണ്, കേരളത്തില്‍ നിന്ന് കളിക്കാമെന്ന്”
“ഒരു മാസത്തിനുള്ളില്‍ തന്നെ ഡല്‍ഹി വിട്ട് കേരളത്തിലെത്തി. ഞങ്ങള്‍ പത്താം ക്ലാസ് പാസാവട്ടെ എന്ന് അമ്മ പറഞ്ഞെങ്കിലും അച്ഛന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കേരളത്തിലെത്തി അഡ്മിഷന്‍ കിട്ടാന്‍ തന്നെ വളരെ ബുദ്ധിമുട്ടി”
“ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കളിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഡല്‍ഹിലായിരുന്ന അച്ഛന്‍ വോളന്ററി റിട്ടയര്‍മെന്റെടുത്ത് നാട്ടിലെത്തി. രാവിലെയും വൈകുന്നേരവും ഞങ്ങളെ പരിശീലനത്തിന് കൊണ്ടുപോയി. വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. പക്ഷെ അച്ഛനും അമ്മയും അതൊന്നും ഞങ്ങളെ അറിയിച്ചില്ല”
“ഒരു പ്രായമെത്തിയപ്പോഴാണ് അവര്‍ ഞങ്ങള്‍ക്കായി എന്തൊക്കെ സഹിച്ചു എന്ന് മനസിലായത്. ഡല്‍ഹിയിലായിരുന്ന സമയത്ത് ഒരുപാട് കളിയാക്കലുകളൊക്കെ നേരിട്ടു. കിറ്റ് ബാഗിന് ഭാരമായിരുന്നതിനാല്‍ അച്ഛനും അമ്മയുമായിരുന്നു ബസ് സ്റ്റാന്‍ഡ് വരെ കൊണ്ടു വന്നിരുന്നത്. സച്ചിനും അച്ഛനും അമ്മയും പോകുന്നു എന്നായിരുന്നു കളിയാക്കലുകള്‍,” ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സഞ്ജു പറഞ്ഞു.
അന്ന് കളിയാക്കലുകള്‍ നേരിട്ട സഞ്ജു ഇന്ന് ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20 കളും കളിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുള്ള താരങ്ങളിലൊരാളായാണ് ക്രിക്കറ്റ് വിദഗ്ധര്‍ സഞ്ജുവിനെ വിലയിരുത്തുന്നത്.
Also Read: ‘കോഹ്ലി അവനെ തഴഞ്ഞു; പക്ഷെ രോഹിത് കൈപിടിച്ചുയര്‍ത്തി, തിരിച്ചു കൊണ്ടുവന്നു’