ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നായകന്‍ എം എസ് ധോണിയില്ലാതെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്സ് കളത്തിലിറങ്ങുക. പരുക്കേറ്റ ധോണി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിറങ്ങില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇടത് കാല്‍മുട്ടിനാണ് ധോണിക്ക് പരുക്ക്.
ധോണിയുടെ അഭാവത്തില്‍ ടീമിനെ ആര് നയിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും പരുക്കില്‍ നിന്ന് മോചിതനായിട്ടില്ല. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയോ റുതുരാജ് ഗെയ്ക്ക്വാദോ ആയിരിക്കും ചെന്നൈയെ നയിക്കുക.
എന്നാല്‍ പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയിരുന്നു. പക്ഷെ താരം ബാറ്റ് ചെയ്തില്ല. ഗുജറാത്തിന്റെ മെന്ററായ ഗാരി കേസ്റ്റണുമൊത്ത് ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുന്ന ധോണിയെയാണ് കണ്ടത്. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ ഗാരിയായിരുന്നു പരിശീലകന്‍, ധോണി നായകനും.
ധോണി ആദ്യ മത്സരത്തിനിറങ്ങുമൊ എന്നതില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ചയായിരിക്കും. എങ്കിലും ധോണി കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാനായത്. ധോണിയില്ലെങ്കില്‍ ഡെവോണ്‍ കോണ്‍വെയായിരിക്കും വിക്കറ്റിന് പിന്നില്‍.
കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിനിടെ ധോണി ബാറ്റ് ചെയ്യുന്നതിനിടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. താരം ബാറ്റിങ്ങിനായി ക്രീസിലെത്തിയെങ്കിലും റണ്‍സ് ഓടിയെടുക്കുന്ന സമയത്ത് വേഗത സ്ഥിരതയോടെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ധോണിയുടെ പരുക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.