Kolkata Knight Riders vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണില്‍ പ്ലെ ഓഫ് ഉറപ്പിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവസാന ഓവര്‍ ത്രില്ലറില്‍ ഒരു റണ്‍സിന് കീഴടക്കിയാണ് ലക്നൗ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്കായി റിങ്കു സിങ് അവസാന പന്ത് വരെ പൊരുതി. 33 പന്തില്‍ 67 റണ്‍സെടുത്താണ് റിങ്കു പുറത്താകാതെ നിന്നത്. 45 റണ്‍സെടുത്ത ജേസണ്‍ റോയ് മാത്രമാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരാനാണ് (58) ലക്നൗവിന് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് പത്താം ഓവര്‍ വരെ പിഴവുകളായിരുന്നു. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന് ജയം അനിവാര്യ മത്സരത്തില്‍ വിക്കറ്റ് വലിച്ചെറിയുന്ന ലക്നൗ ബാറ്റര്‍മാരെയാണ് കളത്തില്‍ കണ്ടത്. 10.1 ഓവറില്‍ 73-5 എന്ന നിലയിലേക്ക് വീണും മുംബൈയെ പോയ മത്സരത്തില്‍ വിറപ്പിച്ച ലക്നൗ.
കരണ്‍ ശര്‍മ (3), ക്വിന്റണ്‍ ഡി കോക്ക് (28), പ്രേരക് മങ്കാദ് (26), മാര്‍ക്കസ് സ്റ്റോയിനിസ് (0), ക്രുണാല്‍ പാണ്ഡ്യ (9) എന്നിവരാണ് ആദ്യ പകുതിയില്‍ മടങ്ങിയത്. തകര്‍ച്ച നേരിട്ട ലക്നൗവിനെ കരകയറ്റിയത് നിക്കോളാസ് പൂരാന്‍ ആയുഷ് ബഡോണി സഖ്യമായിരുന്നു. പൂരാന്‍ സ്കോറിങ്ങിന് വേഗം കൂട്ടി കുതിച്ചപ്പോള്‍ ബഡോണിയുടെ റോള്‍ പിന്തുണയ്ക്കുക എന്നതായിരുന്നു.
47 പന്തില്‍ 74 റണ്‍സാണ് സഖ്യം ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 21 പന്തില്‍ 25 റണ്‍സെടുത്തായിരുന്നു ബഡോണി 18-ാം ഓവറില്‍ മടങ്ങിയത്. ശാര്‍ദൂല്‍ താക്കൂര്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ പറത്തി പൂരാന്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. അടുത്ത പന്തിലും സിക്സര്‍ നേടി പൂരാന്‍ സ്കോറിങ് വേഗം തുടര്‍ന്നു.
എന്നാല്‍ തുടര്‍ച്ചയായ മൂന്നാം സിക്സറിന് ശ്രമിച്ച പൂരാന് പിഴച്ചു. വെങ്കിടേഷ് അയ്യരുടെ കയ്യിലൊതുങ്ങി പൂരാന്റെ ശ്രമം. 30 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ 58 റണ്‍സാണ് പൂരാന്‍ നേടിയത്. നാല് പന്തില്‍ 11 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലക്നൗവിന്റെ സ്കോര്‍ 175 കടത്തിയത്. 176-8 എന്ന നിലയിലാണ് ലക്നൗ ഇന്നിങ്സ് അവസാനിച്ചത്.
കൊല്‍ക്കത്തയ്ക്കായി ശാര്‍ദൂല്‍ താക്കൂര്‍, സുനില്‍ നരെയിന്‍, വൈഭവ് അറോറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
പ്രിവ്യു
പോയിന്റ് പട്ടികയില്‍ ചെന്നൈക്ക് പിന്നിലാണ് ലക്നൗ. എങ്കിലും കണക്ക് കൂട്ടി കളത്തിലിറങ്ങാനുള്ള അവസരം ലക്നൗവിനുണ്ട്. കാരണം ചെന്നൈ – ഡല്‍ഹി മത്സരശേഷമാണ് ലക്നൗ കൊല്‍ക്കത്തയെ നേരിടേണ്ടത്. ചെന്നൈ ജയിക്കുകയാണെങ്കിലും തോല്‍ക്കുകയാണെങ്കിലും പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ലക്നൗവിന് അവസരം ഒരുങ്ങും.
ബാറ്റിങ്ങിലും ബോളിങ്ങിലും ലക്നൗ സന്തുലിതമാണ്. ഒപ്പം കരുത്തുറ്റ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസവും. മാര്‍ക്കസ് സ്റ്റോയിനിസും ക്രുണാല്‍ പാണ്ഡ്യയുമായിരുന്നു മുംബൈക്കെതിരെ നിര്‍ണായകമായത്. എന്നാല്‍ ക്വിന്റണ്‍ ഡി കോക്ക്, കെയില്‍ മേയേഴ്സ്, ആയുഷ് ബഡോണി തുടങ്ങിയ വമ്പന്‍ താരനിര തന്നെ ലക്നൗവിനുണ്ട്.
നിക്കോളാസ് പൂരാന്‍ എന്ന ഫിനിഷര്‍ ലക്നൗവിന്റെ ഇന്നിങ്സില്‍ നിര്‍ണായകമാകും. എന്നാല്‍ മറുവശത്ത് കൊല്‍ക്കത്തയും രണ്ടും കല്‍പ്പിച്ചായിരിക്കും. കൂറ്റന്‍ മാര്‍ജിനില്‍ ലക്നൗവിനെ കീഴടക്കാനായാല്‍ കൊല്‍ക്കത്തയ്ക്കും പ്ലെ ഓഫ് സാധ്യതകള്‍ മുന്നിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെ ചെപ്പോക്കില്‍ മലര്‍ത്തിയടിച്ചാണ് ടീമിന്റെ വരവും.
നിതിഷ് റാണ, റിങ്കു സിങ്, വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍ തുടങ്ങിയ താരങ്ങള്‍ ഫോമിലാണ്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് തലവേദനയാകുന്നത്. മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. ബോളിങ്ങില്‍ സുനില്‍ നരെയിന്‍ വൈകിയാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ആരംഭിച്ചത് നിര്‍ണായക മത്സരത്തില്‍ ഗുണകരമാകും.