Kolkata Knight Riders vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗീല്‍ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഗുജറാത്തിനായി വിജയ് ശങ്കര്‍ (51), ശുഭ്മാന്‍ ഗില്‍ (49), ഡേവിഡ് മില്ലര്‍ (32) എന്നിവര്‍ തിളങ്ങി. 39 പന്തില്‍ 87 റണ്‍സ് ചേര്‍ത്ത മില്ലര്‍ ശങ്കര്‍ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണ, ആന്ദ്രെ റസല്‍, സുനില്‍ നരെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ജേസണ്‍ റോയിയുടെ അഭാവത്തില്‍ കൊല്‍ക്കത്തക്ക് മികച്ച തുടക്കം സമ്മാനിക്കാനുള്ള ഉത്തരവാദിത്തം റഹ്മാനുള്ള ഗുർബാസിനായിരുന്നു. തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഗുര്‍ബാസിനായി. എൻ ജഗദീശന്‍ (19), ശാര്‍ദൂല്‍ താക്കൂര്‍ (0), വെങ്കിടേഷ് അയ്യര്‍ (11), നിതീഷ് റാണ (4) എന്നിവര്‍ പരാജയപ്പെട്ടപ്പോഴും ഗുര്‍ബാസ് തല ഉയര്‍ത്തി നിന്നു.
39 പന്തില്‍ നിന്ന് 81 റണ്‍സുമായി ഈഡനില്‍ ഗുര്‍ബാസിന്റെ റണ്‍മഴയായിരുന്നു. അഞ്ച് ഫോറും ഏഴ് സിക്സുമായിരുന്നു ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 16-ാം ഓവറില്‍ നൂര്‍ അഹമ്മദിന്റെ പന്തിലാണ് ഗുര്‍ബാസ് പുറത്തായത്. ഗുര്‍ബാസിന്റെ കൂട്ടാളിയും മികച്ച ഫോമിലുമുള്ള റിങ്കു സിങ്ങിന് 20 പന്തില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്.
19 പന്തില്‍ 34 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ പോരാട്ടമാണ് കൊല്‍ക്കത്തയെ 180 റണ്‍സിനരികില്‍ എത്തിച്ചത്. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത ഡേവിഡ് വീസ് പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നും ജോഷ്വ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ടീം ലൈനപ്പ്
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: എൻ ജഗദീശൻ, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ഡേവിഡ് വീസ്, ശാർദുൽ താക്കൂർ, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.
പ്രിവ്യു
മുംബൈ ഇന്ത്യന്‍സിനെതിരെ ആധികാരി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ അതേ ഫോമില്‍ ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും കുതിക്കുകയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ സ്ഥിരത പുലര്‍ത്തുന്ന താരങ്ങളാണ് ഗുജറാത്തിന്റെ കരുത്ത്. ഹാര്‍ദിക്ക്, ഗില്‍, മില്ലര്‍, സുദര്‍ശന്‍, സാഹ തുടങ്ങിയവരെല്ലാം ഫോമിലാണ്.
ബോളിങ്ങില്‍ സീസണില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പവര്‍പ്ലെയില്‍ പന്തെറിയുന്ന ടീമാണ് ഗുജറാത്ത്. മുഹമ്മദ് ഷമി, ഹാര്‍ദിക്ക് സഖ്യത്തിനാണ് ക്രെഡിറ്റ്. തുടക്കത്തിലെ എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടഞ്ഞ് ആധിപത്യം സ്ഥാപിക്കുക എന്ന തന്ത്രമാണ് വിജയിക്കുന്ന്. മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ – നൂര്‍ അഹമ്മദ് സ്പിന്‍ ദ്വയവും എതിര്‍ ടീമിന്റെ പേടി സ്വപ്നമാണ് സീസണില്‍.
തുടര്‍ച്ചയായ നാല് തോല്‍വിക്ക് ശേഷം ബാംഗ്ലൂരിനെ ചിന്നസ്വാമിയില്‍ തകര്‍ത്താണ് കൊല്‍ക്കത്തയെത്തുന്നത്. ജേസണ്‍ റോയിയുടെ വരവ് ടീമിന്റെ ബാറ്റിങ്ങില്‍ കാര്യമായ വ്യത്യാസം കൊണ്ടു വന്നിട്ടുണ്ട്. ബാംഗ്ലൂരിനെതിരെ വിജയിച്ച റോയ് – ജഗദീശന്‍ സഖ്യം തന്നെ ഓപ്പണിങ്ങിനിറങ്ങാനുള്ള സാധ്യതകളാണുള്ളത്.
സീസണില്‍ ആന്ദ്രെ റസല്‍ ഫോമിലേക്ക് ഉയരാത്തത് വലിയ ആശങ്കകള്‍ക്കാണ് ഇടയാക്കുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും റസല്‍ പരാജയപ്പെട്ടിരുന്നു. സുനില്‍ നരെയിന്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പിന്നോട്ട് പോകുന്നതും തിരിച്ചടിയാണ്. വരുണ്‍ ചക്രവര്‍ത്തി – സുയാഷ് സഖ്യമാണ് ടീമിനായി അവസരത്തിനൊത്ത് ഉയരുന്ന ബോളര്‍മാര്‍.