Kolkata Knight Riders vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 33-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് കൂറ്റന്‍ ജയം. ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞൊളളു.
കൊല്‍ക്കത്തയ്ക്കായി ജേസണ്‍ റോയ് (61), റിങ്കു സിങ് (53) എന്നിവര്‍ പൊരുതി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ അജിങ്ക്യ രഹാനെ (29 പന്തില്‍ 71), ഡെവണ്‍ കോണ്‍വെ (56), ശിവം ദുബെ (21 പന്തില്‍ 50) എന്നിവരുടെ മികവിലാണ് നിശ്ചിത ഓവറില്‍ ചെന്നൈ 235 റണ്‍സെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് റുതുരാജ് ഗെയ്ക്വാദ് – ഡെവണ്‍ കോണ്‍വെ സഖ്യം പതിവ് പോലെ മികച്ച തുടക്കം നല്‍കി. 45 പന്തില്‍ 73 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പിറന്നത്. 35 റണ്‍സെടുത്ത റുതുരാജിനെ ബൗള്‍ഡാക്കി സുയാഷാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ രഹാനെയും ഓപ്പണര്‍മാരുടെ പാത പിന്തുടര്‍ന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോണ്‍വെ അര്‍ദ്ധ സെഞ്ചുറി നേടി. 40 പന്തില്‍ 56 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. നാല് ഫോറും മൂന്ന് സിക്സും ബാറ്റില്‍ നിന്ന് പിറന്നു. മൂന്നാം വിക്കറ്റില്‍ ശിവം ദൂബെയെ കൂട്ടുപിടിച്ച് രഹാനെ ഈഡന്‍ ഗാര്‍ഡന്‍സില്‍ റണ്‍ മഴ പെയ്യിക്കുകയായിരുന്നു. 32 പന്തില്‍ 85 റണ്‍സാണ് സഖ്യം ചേര്‍ത്തത്.
രഹാനെ 24 പന്തുകളില്‍ നിന്ന് 50 പിന്നിട്ടപ്പോള്‍ ദുബെ 20 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ കുല്‍വന്തിന്റെ പന്തില്‍ ദുബെ പുറത്തായി. രണ്ട് ഫോറും അഞ്ച് സിക്സും അടങ്ങിയതായിരുന്നു ദുബെയുടെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ രഹാനെയും ജഡേജയും ചേര്‍ന്ന് സ്കോര്‍ 200 കടത്തി.
എട്ട് പന്തില്‍ രണ്ട് സിക്സടക്കം 18 റണ്‍സെടുത്ത് ജഡേജ അവസാന ഓവറില്‍ പുറത്തായി. 29 പന്തില്‍ 71 റണ്‍സെടുത്ത് രഹാനെ പുറത്താകാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്സറും രഹാനെയുടെ ബാറ്റില്‍ നിന്ന് പിറന്നു. രഹാനെയുടെ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ടീം ലൈനപ്പ്
ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: എൻ ജഗദീശൻ, ജേസൺ റോയ്, നിതീഷ് റാണ, ആന്ദ്രെ റസൽ, റിങ്കു സിങ്, സുനിൽ നരെയിന്‍, ഡേവിഡ് വീസ്, കുൽവന്ത് ഖെജ്‌രോലിയ, സുയാഷ് ശർമ്മ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
പ്രിവ്യു
ബാംഗ്ലൂരിനോടും ഹൈദരാബാദിനൊടും തകര്‍പ്പന്‍ ജയം നേടിയാണ് ധോണിപ്പടയുടെ വരവ്. ബാറ്റിങ്ങില്‍ മധ്യനിര ശോഭിക്കുന്നില്ല എന്നത് മാറ്റി നിര്‍ത്തിയാല്‍ കാര്യമായി പ്രശ്നങ്ങളില്ല. 258 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത് ഡെവണ്‍ കോണ്‍വയുണ്ട്. റുതുരാജ് ഗെയ്ക്വാദ് നിറം മങ്ങിയ പ്രകടനങ്ങള്‍ക്ക് ശേഷം ഹൈദരാബാദിനെതിരെ തിളങ്ങിയിരുന്നു.
അജിങ്ക്യ രഹാനെ, ശിവം ദൂബെ എന്നിവരൊഴികെ മധ്യനിരയില്‍ അവസരത്തിനൊത്ത് താരങ്ങള്‍ ഉയരുന്നില്ല. നിരവധി മത്സരങ്ങള്‍ക്ക് ശേഷം ചെന്നൈ ബോളിങ് നിര ഹൈദരാബാദിനെതിരെ പെരുമെക്കൊത്ത് പ്രകടനം നടത്തി. മഹേഷ് തീക്ഷണ, മതീഷ പതിര, രവീന്ദ്ര ജഡേജ എന്നിവരുടെ മികവാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയത്.
മറുവശത്ത് മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എത്തുന്നത്. റിങ്കു സിങ്ങിന്റെ മികവില്‍ ഗുജറാത്തിനെ കീഴടക്കിയതിന് ശേഷം കൊല്‍ക്കത്തയ്ക്ക് ജയം നേടാന്‍ കഴിഞ്ഞിട്ടില്ല. വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിങ്ങ് എന്നിവര്‍ തിളങ്ങുന്നുണ്ടെങ്കിലും ടീം ഒത്തൊരുമയോടെ മികവ് പുലര്‍ത്തുന്നില്ല എന്നത് പോരായ്മയാണ്.
ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലില്‍ നിന്ന് കൊല്‍ക്കത്ത ആഗ്രഹിക്കുന്ന പ്രകടനം സീസണില്‍ പുറത്ത് വന്നിട്ടില്ല. ഫിനിഷിങ്ങിലെ പോരായ്മയും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. ബോളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയിന്‍, ഉമേഷ് യാദവ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ ഒതുങ്ങുന്നതിന്റെ കാരണം ടീം മാനേജ്മെന്റ് കണ്ടത്തേണ്ടതാണ്.