പൊന്നും വിലക്ക് മുംബൈ ഇന്ത്യന്‍ താരലേലത്തില്‍ സ്വന്തമാക്കിയ താരമാണ് ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍. എന്നാല്‍ ഇതുവരെ ആര്‍ച്ചറിന്റെ അരങ്ങേറ്റം കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ആര്‍ച്ചറിന് നഷ്ടമായിരുന്നു. എന്നാല്‍ ഇത്തവണ നീലക്കുപ്പായത്തില്‍ ആര്‍ച്ചര്‍ ഇറങ്ങും.
ആര്‍ച്ചറിന്റെ ബോളിങ് മികവാണ് എല്ലാവരും ഉറ്റുനോക്കുന്നതെങ്കിലും നെറ്റ്സില്‍ താരം ബാറ്റ് വീശുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചിരിക്കുന്നത്. അനായാസം പന്ത് അതിര്‍ത്തി കടത്തുന്ന ആര്‍ച്ചറിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
പരുക്കില്‍ നിന്ന് മോചിതനായി ഇംഗ്ലണ്ട് ടീമില്‍ മടങ്ങിയെത്തിയ ആര്‍ച്ചര്‍ ബംഗ്ലാദേശിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകള്‍ നേടിയിരുന്നു. സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ എംഐ കേപ് ടൗണിനായി ആറ് കളികളില്‍ നിന്ന് 10 വിക്കറ്റും നേടിയിരുന്നു.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ആര്‍ച്ചറിലാണ് മുംബൈയുടെ പ്രതീക്ഷ. ബുംറയ്ക്ക് പരുക്ക് പറ്റിയത് വലിയ തിരിച്ചടിയാണെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയിരുന്നു. ബുംറയുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുങ്ങുമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ രണ്ടാം തീയതിയാണ് 2023 സീസണിലെ മുംബൈയുടെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍.