ടീം ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ നിന്ന് പുറത്തായി. ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ജൂണ്‍ 7 ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരം കളിക്കില്ല. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പോടെ പേസര്‍ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
ഈ സീസണില്‍ ബുംറയുടെ പകരക്കാരനെ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരുക്കിനെ തുടര്‍ന്ന് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ഇക്കാരണയ്യാല്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും വിശ്രമം ആവശ്യമായി വന്നേക്കാം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഒന്നിലധികം ടി20 ഐ പരമ്പരകളും ഏഷ്യാ കപ്പും നഷ്ടമായതിനാല്‍ 2022 ഓഗസ്റ്റ് മുതല്‍ ഫാസ്റ്റ് ബൗളര്‍ ടീമിന് പുറത്തായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ടി 20 മത്സരങ്ങളില്‍ ബുംറ കളിച്ചിരുന്നു. പക്ഷേ പരിക്ക് വിട്ടുമാറാതെ വന്നതോടെ ടി 20 ലോകകപ്പ് നഷ്ടപ്പെട്ടു, അതിനുശേഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജനുവരിയില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ ബോര്‍ഡ് ബുംറയെ ചേര്‍ത്തിരുന്നു, എന്നാല്‍ ഫാസ്റ്റ് ബൗളര്‍ക്ക് ബൗളിംഗ് ഫിറ്റ്‌നസ് വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ താരത്തെ പിന്‍വലിച്ചു.
ഏതാനും മണിക്കൂറുകള്‍ ബൗള്‍ ചെയ്തതിന് ശേഷം ബുംറയ്ക്ക് വേദന അനുഭവപ്പെടുകയും വീണ്ടും എന്‍സിഎയിലേക്ക് അയക്കുകയും ചെയ്തതായാണ് വിവരം. ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങുമെന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുറം വേദന തിരിച്ചടിയാകുകയായിരുന്നു.