നിരവധി മാറ്റങ്ങളുമായാണ് ഇത്തവണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായാണ് ടൂര്‍ണമെന്റില്‍ പുതിയ രീതികള്‍ ബിസിസിഐ അവതരിപ്പിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇംപാക്ട് പ്ലെയര്‍ എന്നത്.
ഇനി മുതല്‍ ടോസിന് മുന്‍പായിരിക്കില്ല, ശേഷമായിരിക്കും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ഇത് ഇംപാക്ട് പ്ലെയറിനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും. 11 താരങ്ങളും അഞ്ച് പകരക്കാരുടേയും പട്ടികയാണ് ടോസിന് ശേഷം ക്യാപ്റ്റന്മാര്‍ മാച്ച് റെഫറിക്ക് നല്‍കുക.
ഇതില്‍ നിന്നായിരിക്കും ഇംപാക്ട് പ്ലെയറിനെ തിരഞ്ഞെടുക്കുക. മത്സരത്തിന്റെ സാഹചര്യം നോക്കിയായിരിക്കും ഇംപാക്ട് പ്ലെയറിനെ ടീമുകള്‍ കളത്തിലെത്തിക്കുക. അഭ്യന്തര ടൂര്‍ണമെന്റുകളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ബിസിസിഐ ഐപിഎല്ലിലും ഇംപാക്ട് പ്ലെയറിനെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ, ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന നോ ബോള്‍, വൈഡ് എന്നിവ റിവ്യു ചെയ്യാനും ഇനിമുതല്‍ ടീമുകള്‍ക്ക് സാധിക്കും. നിലവില്‍ ഔട്ട് അല്ലെങ്കില്‍ നോട്ട് ഔട്ട് അമ്പയര്‍ വിധിക്കുമ്പോള്‍ മാത്രമാണ് റിവ്യു ചെയ്യാന്‍ കഴിയുന്നത്.
നിശ്ചിത സമയത്ത് ഓവർ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടീമുകൾക്ക് പിഴ ചുമത്തും. ഓവറുകള്‍ക്ക് അനുവദിച്ച സമയം പിന്നിടുകയാണെങ്കില്‍ ഫീൽഡിങ് ടീമിന് 30 യാർഡിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ നിര്‍ത്താന്‍ കഴിയു. കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പിൽ ഈ നിയമം നിലവിലുണ്ടായിരുന്നു.
ബോള്‍ ചെയ്യുന്നതിനിടെ ഫീല്‍ഡര്‍മാര്‍ സ്ഥാനത്ത് നിന്ന് വ്യതിചലിച്ചാല്‍ ഡെഡ് ബോള്‍ വിളിക്കുകയും ഫീല്‍ഡിങ് ടീമിന് അഞ്ച് റണ്‍സ് പെനാലിറ്റി നല്‍കുകയും ചെയ്യും.