അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമെന്ന വിശേഷണം സംശയമില്ലാതെ നല്‍കാന്‍ കഴിയുന്ന നിരയാണ് ഗുജറാത്തിന്റേത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ സീസണിലുടനീളം ഗുജറാത്ത് സ്ഥിരത പുലര്‍ത്തി. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാത്തിയ, ലോക്കി ഫെര്‍ഗൂസണ്‍ റാഷിദ് ഖാന്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്.
പോയ സീസണില്‍ മങ്ങിയ ഫോമിലായിരുന്നു ഹാര്‍ദിക്കും മില്ലറുമാണ് ഗുജറാത്തിന്റെ നെടും തൂണുകള്‍. ഇരുവരും സീസണില്‍ ടീമിന്റെ വിജയങ്ങളില്‍ സുപ്രധാന പങ്കു വഹിച്ചു. ആക്രമിച്ചു കളിക്കുക എന്ന പതിവ് രീതിയില്‍ നിന്ന് മാറി പക്വതയോടെയുള്ള പ്രകടനമാണ് ഹാര്‍ദിക്കിന്റേത്. എങ്കിലും ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ സീസണില്‍ ശോഭിക്കാന്‍ ഹാര്‍ദിക്കിനായിട്ടില്ല.
മറുവശത്ത് ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനോട് തോല്‍വി വഴങ്ങിയെങ്കിലും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാനെത്തുന്നത്. നായകന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര സജ്ജമാണ്. യശ്വസി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ എന്നിവര്‍ക്കൊപ്പം ജോസ് ബട്ലര്‍ കൂടി ചേരുന്നു.
സീസണിന്റെ രണ്ടാം പാദത്തില്‍ ഫോം നഷ്ടമായ ബട്ലര്‍ പ്ലെ ഓഫിലെ രണ്ട് കളികളിലും തിളങ്ങി. ഗുജറാത്തിനെതിരെ അര്‍ധ സെഞ്ചുറിയും ബാംഗ്ലൂരിനെതിരെ സെഞ്ചുറിയും നേടി താരം താളം കണ്ടെത്തിയിട്ടുണ്ട്. ബോളിങ്ങിലേക്കെത്തിയാല്‍ ട്രെന്‍ ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, മക്കോയി പേസ് സഖ്യവും അശ്വിന്‍-ചഹല്‍ സ്പിന്‍ ദ്വയവും സ്ഥിരത പുലര്‍ത്തുന്നത് ടീമിന് മുതല്‍കൂട്ടാണ്.
Also Read: വന്മതിലായി കോര്‍ട്ട്വാ; റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം