IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അടുത്ത സീസണില്‍ റോയല്‍ ചെലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലി ടീം മാറണമെന്ന് മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍. വിരാട് കോഹ്ലി ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറണമെന്നാണ് പീറ്റേഴ്സണിന്റെ അഭിപ്രായം. 16-ാം സീസണിലും കിരീടം നേടാനാകാതെ ബാംഗ്ലൂര്‍ പുറത്ത് പോയതിന് പിന്നാലെയാണ് പീറ്റേഴ്സണിന്റെ പ്രതികരണം.
ലീഗിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലെ ഓഫിലേക്ക് കടക്കാനാകുമായിരുന്നു. വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ബാംഗ്ലൂര്‍ 197 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. എന്നാല്‍ ബാംഗ്ലൂരിന് ശുഭ്മാന്‍ ഗില്ലിലൂടെ അതേ നാണയത്തില്‍ മറുപടി നല്‍കിയായിരുന്നു ഗുജറാത്ത് ടൂര്‍ണമെന്റിലെ പത്താം ജയം നേടിയെടുത്തത്.
ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കോഹ്ലി ബാംഗ്ലൂരിനൊപ്പമാണ്. ഐപിഎല്ലില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലിക്കൊപ്പമാണ്. 230 മത്സരങ്ങള്‍ കളിച്ച കോഹ്ലി 7,000 റണ്‍സിലധികം നേടുകയും ചെയ്തു. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലും കോഹ്ലി തന്നെ ഒന്നാമന്‍.
എന്നാല്‍ ടീം വിടില്ലെന്ന് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇത് മനോഹരമായ യാത്രയാണ്. ഐപിഎല്‍ കിരീടം സ്വന്തമാക്കുകയാണ് ഞങ്ങള്‍ കാണുന്ന സ്വപ്നം. ഈ ടീം വിടുന്നത് ഞാന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ആരാധകരുടെ സ്നേഹവും പിന്തുണയും എന്നും എന്നെ അത്ഭുതപ്പെടുത്തുന്നു, കോഹ്ലി വ്യക്തമാക്കി.