/indian-express-malayalam/media/media_files/uploads/2023/04/Tilak-Varma.jpg)
തിലക് വര്‍മ കുട്ടിക്കാല പരിശീലകന്‍ സലാം ബയാഷിനൊപ്പം
ഈ വര്‍ഷമാദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവി താരമെന്ന തലക്കെട്ടോടു കൂടി രവീന്ദ്ര ജഡേജ തിലക് വര്‍മയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആദ്യ ഐപിഎല്ലിലെ തിലകിന്റെ മികവ് (397 റണ്‍സ്) സുനില്‍ ഗവാസ്കര്‍ മുതല്‍ രോഹിത് ശര്‍മ വരെയുള്ള താരങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിച്ചു. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കാനുള്ള മികവ് തിലകിനുണ്ടെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.
ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പ്രകടനം (46 പന്തില്‍ 84) ഇന്ത്യന്‍ ടീമിലേക്കുള്ള തിലകിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. തിലക് ഫോം നിലനിര്‍ത്തി മുന്നോട്ട് പോയാല്‍ ഇന്ത്യക്കായി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നാണ് കുട്ടിക്കാല പരിശീലകനായിരുന്ന സലാം ബയാഷ് പറയുന്നത് .
തിലകിന്റെ തുടക്കം
ബര്‍ക്കാസ് ഗ്രൗണ്ടില്‍ സുഹൃത്തുക്കളോടൊപ്പം ടെന്നീസ് ക്രിക്കറ്റ് കളിക്കവെ അസാധ്യമായി ബാറ്റ് വീശിയ പതിനൊന്നുകാരനിലേക്ക് ബയാഷിന്റെ കണ്ണുകള്‍ പതിക്കുകയായിരുന്നു. എവിടെയാണ് പരിശീലനം നടത്തുന്നതെന്ന ബയാഷിന്റെ ചോദ്യത്തിന് തിലകിന്റെ മറുപടി ഞാന്‍ ഈ ഗ്രൗണ്ടില്‍ മാത്രമെ കളിക്കു എന്നായിരുന്നു.
''തിലകിന്റെ മറുപടി കേട്ട ഞാന്‍ അവന്റെ പിതാവിനെ വിളിച്ചു. അക്കാദമിയില്‍ തിലകിനെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതിനാല്‍ ഇലക്ട്രീഷനായിരുന്ന അവന്റെ പിതാവ് ആദ്യം അതിന് തയാറായിരുന്നില്ല,'' ബയാഷ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
''എന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയായിരുന്നു തിലക് താമസിച്ചിരുന്നത്. അതിനാല്‍ തിലകിനെ അക്കാദമിയില്‍ ഞാന്‍ തന്നെ കൊണ്ടുപോകാമെന്നും ഫീസ് ഒഴിവാക്കാമെന്നും പറഞ്ഞതോടെ അവര്‍ സമ്മതിക്കുകയായിരുന്നു,'' ബയാഷ് കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2023/04/image-1.png)
ബൈക്ക് യാത്ര
തിലക് പരിശീലിച്ച ക്രിക്കറ്റ് അക്കാദമി, ഹൈദരാബാദിലെ ലിംഗംപള്ളിയിലായിരുന്നു. തിലകിന്റെ വീട്ടില്‍ നിന്ന് 40 കിലോമീറ്റർ അകലെ. സലാം ബയാഷിന്റെ ബൈക്കുള്ളതിനാല്‍ വളരെ വിരളമായി മാത്രമാണ് തിലക് പരിശീലനത്തിന് എത്താതിരുന്നത്.
ബയാഷില്ലായിരുന്നെങ്കില്‍ തിലക് ഇവിടെ വരെ എത്തില്ലായിരുന്നെന്നാണ് പിതവ് നമ്പൂരി നാഗാരാജു പറയുന്നത്. തന്നെ വിശ്വസിച്ച് അവനെ വിട്ട് തരാനായിരുന്നു കോച്ച് അന്ന് പറഞ്ഞത്. അവന്‍ കഴിവുള്ളവനാണ്, പിന്തുണച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു, നാഗാരാജു ഓര്‍ത്തെടുത്തു.
എന്നും രാവിലെ അഞ്ച് മണിക്കെത്തിയായിരുന്നു ബയാഷ് തിലകിനെ അക്കാദമിയില്‍ കൊണ്ടുപോയിരുന്നത്. ബൈക്കിലിരുന്ന് തിലക് ചിലപ്പോഴൊക്കെ ഉറങ്ങുമായിരുന്നെന്നും അതുകൊണ്ട തന്നെ മുറുകെ പിടിച്ചിരിക്കണമെന്ന് പറഞ്ഞിരുന്നതായും ബയാഷ് കൂട്ടിച്ചേര്‍ത്തു. ബൈക്ക് നിര്‍ത്തി തിലകിനെ ഉണര്‍ത്തി മുഖം കഴുകിച്ചായിരുന്നു യാത്ര തുടര്‍ന്നിരുന്നതെന്നും ബയാഷ് പറഞ്ഞു.
ഒരു വര്‍ഷത്തിന് ശേഷം, അക്കാദമിക്ക് അടുത്തേക്ക് താമസം മാറാന്‍ തിലകിന്റെ പിതാവിനോട് ഞാന്‍ ആവശ്യപ്പെട്ടു. 40 കിലോ മീറ്റര്‍ യാത്ര ഒഴിവാക്കുന്നതിനായിരുന്നു അത്. അവര്‍ അത് കേട്ടു. അക്കാദമിക്ക് അടുത്ത് തിലകിന്റെ പിതാവ് ജോലി കണ്ടെത്തുകയും ചെയ്തു, ബയാഷ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/04/image-2.png)
സാമ്പത്തിക പ്രതിസന്ധി
അക്കാദമിക്ക് അടുത്തേക്ക് താമസം മാറിയത് നല്ലൊരു കാര്യമായിരുന്നു. എന്നാല്‍ നല്ലൊരു ക്രിക്കറ്റ് കിറ്റ് തിലകിനില്ലായിരുന്നു. കടം വാങ്ങിയ ബാറ്റുകൊണ്ടായിരുന്നു തിലക് ആദ്യ സെഞ്ചുറി നേടിയത്. ഒരു നല്ല ബാറ്റിന് 5,000 രൂപ വരെയാകുന്നതിനാല്‍ പുതിയ ബാറ്റ് വാങ്ങാന്‍ അവന്റെ പിതാവിന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല.
അവന്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഒരു ബാറ്റൊ ക്രിക്കറ്റ് കിറ്റോ സ്വന്തമാക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞാന്‍ അവന്റെ മുന്നിലേക്ക് ഒരു ഓഫര്‍ വച്ചു. അടുത്ത ടൂര്‍ണമെന്റില്‍ മികച്ച ബാറ്റര്‍ക്കുള്ള പുരസ്കാരം നേടിയാല്‍ ബാറ്റ് വാങ്ങി തരാമെന്നു പറഞ്ഞു, ബയാഷ് പറയുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ഹൈദരാബാദിനായി 900 റണ്‍സ് തിലക് നേടി. രഞ്ജി ട്രോഫി സാധ്യത ഇലവനിലും ഇടം നേടി. ഒരു വര്‍ഷത്തിന് ശേഷം 2019-ല്‍ ഹൈദരാബാദിനായി രഞ്ജി ട്രോഫിയില്‍ തിലക് അരങ്ങേറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.