ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ധോണിയെ പോലെ ഒരു നായകന്‍ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സിനെ 200 മത്സരങ്ങളിലാണ് ധോണി ഇതുവരെ നയിച്ചിട്ടുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യ താരവും ധോണി തന്നെ.
“എത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ നിന്നും ചെന്നൈ പുറത്ത് വരും. അത് ധോണിയുടെ കീഴില്‍ മാത്രം സാധിക്കുന്ന ഒന്നാണ്. 200 കളികളില്‍ ഒരു ടീമിനെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഒരാളുടെ പ്രകടന മികവിനെ പോലും ബാധിച്ചേക്കാം, പക്ഷെ ധോണി വ്യത്യസ്തനാണ്,” ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചു.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണി ചെന്നൈയുടെ ഭാഗമാണ്. 2016, 2017 സീസണുകളില്‍ ടീം സസ്പെന്‍ഷന്‍ നേരിട്ടപ്പോള്‍ മാത്രമായിരുന്നു ധോണി മറ്റൊരു ടീമിനായി കളത്തിലെത്തിയത്.
ധോണിയുടെ കീഴില്‍ ചെന്നൈ നാല് തവണ ഐപിഎല്‍ കിരീടം ചൂടി. 200 മത്സരങ്ങളില്‍ 120 വിജയവും നേടി, 79 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു കളിയില്‍ ഫലമുണ്ടായില്ല.