ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് ആധികാരികമായി കീഴടക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചത് രവീന്ദ്ര ജഡേജയായിരുന്നു.
ചെന്നൈ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 16 പന്തില്‍ 22 റണ്‍സുമായി സ്കോര്‍ 170 കടത്താന്‍ ജഡേജയ്ക്കായി. ബോളിങ്ങില്‍ നാല് ഓവറില്‍ കേവലം 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും താരം നേടി. ചെപ്പോക്കിലെ മിന്നും പ്രകടനത്തിന് കളിയിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരവും ജഡേജയ്ക്ക് ലഭിച്ചു.
വിജയത്തിന് പിന്നാലെയുള്ള ജഡേജയുടെ ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം നല്‍കുന്നത് അപസ്റ്റോക്സ് ആണ്.
അപ്സോറ്റ്ക്സിനറിയാം, പക്ഷെ ഇപ്പോഴും ചില ആരാധകര്‍ക്ക് അറിയില്ല, എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.
സീസണിലുടനീളം കളത്തില്‍ ജഡേജ നേരിടേണ്ടി വന്നിരുന്ന എതിര്‍ ടീമിനെ മാത്രമായിരുന്നില്ല, ആരാധകരെ കൂടിയായിരുന്നു. കാരണം മറ്റൊന്നുമല്ല, സാക്ഷാല്‍ എം എസ് ധോണി തന്നെ.
ധോണിയുടെ അവസാന സീസണാണ് എന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ചെന്നൈയുടെ മത്സരങ്ങള്‍ അരങ്ങേറിയ മൈതാനമെല്ലാം മഞ്ഞക്കടലാകുന്നതാണ് കണ്ടത്. ധോണിക്ക് മുന്‍പ് ക്രീസിലെത്തുന്നതിനാല്‍ ആരാധക അമര്‍ഷം ജഡേജയ്ക്കായിരുന്നു.
ജഡേജ ഔട്ടാകാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ തുറന്ന് സമ്മതിക്കുന്ന എത്രയോ വീഡിയോകള്‍ വൈറലായിരുന്നു. ജഡേജ പുറത്തായതിന് തൊട്ടുപിന്നാലെ സ്റ്റേഡിയം ആര്‍ത്ത് വിളിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായി. ഒരിക്കല്‍ ഇത് മത്സരശേഷം ജഡേജ തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.