IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്കാണ് ഈ സീസണ്‍ മുന്നോട്ട് പോകുന്നത്. ഒരു മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന നാലില്‍ ആരൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയ ഉജ്വല വിജയത്തോടെ 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. എങ്കിലും മുംബൈക്ക് പ്ലെ ഓഫ് ഉറപ്പിക്കണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലത്തേയും ആശ്രയിക്കണം.
മുംബൈയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള ബാംഗ്ലൂരിന് നിലവില്‍ 14 പോയിന്റാണുള്ളത്. ഗുജറാത്തിനെ കീഴടക്കിയാല്‍ ബാംഗ്ലൂരിന് പ്ലെ ഓഫിലെത്താനാകും. ഇനി ഗുജറാത്തിനോട് ബാംഗ്ലൂര്‍ പരാജയപ്പെട്ടാല്‍ മുംബൈക്ക് പ്ലെ ഓഫ് യോഗ്യത നേടാം. നിലവില്‍ ബാംഗ്ലൂരില്‍ കനത്ത മഴയായതിനാല്‍ കളി വൈകുകയാണ്.
മുംബൈയുടെ ജയത്തോടെ രാജസ്ഥാന്റെ പ്ലെ ഓഫ് മോഹം അവസാനിച്ചു.
അഞ്ച് ടീമുകളുടേയും പ്ലെ ഓഫ് സാധ്യതകള്‍ പരിശോധിക്കാം
മുംബൈ ഇന്ത്യന്‍സ് (16 പോയിന്റ്)
ടൂര്‍ണമെന്റിലെ അവസാന മത്സരം പൂര്‍ത്തിയാക്കിയ മുംബൈക്ക് നിലവില്‍ 16 പോയിന്റുകളാണുള്ളത്. പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയം മുംബൈക്ക് സഹായകരമായി. -.044 ആണ് മുംബൈയുടെ നെറ്റ് റണ്‍ റേറ്റ്. മുംബൈയേക്കാള്‍ മികച്ച റണ്‍ റേറ്റുള്ള ബാംഗ്ലൂര്‍ ഗുജറാത്തിനോട് പരാജയപ്പെട്ടാല്‍ രോഹിതിനും കൂട്ടര്‍ക്കും പ്ലെ ഓഫ് ഉറപ്പിക്കാം.
റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ (14 പോയിന്റ്)
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം അവശേഷിക്കെ 14 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. +0.188 ആണ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍ റേറ്റ്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ വിജയം ബാംഗ്ലൂരിനെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിക്കുകയും പ്ലെ ഓഫ് ഉറപ്പിക്കാനും സഹായിക്കും.