നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. വിജയത്തിന് അടിത്തറ പാകിയതും സഞ്ജു തന്നെ. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഗുജറാത്തിനോട് കീഴടങ്ങിയതിന്റെ കലിപ്പ് കടം സഹിതമാണ് സഞ്ജുവും പിള്ളേരും തീര്‍ത്തത്.
178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം ശുഭകരമായിരുന്നില്ല. അതിനിടയില്‍ സഞ്ജുവിനോട് കൊമ്പുകോര്‍ക്കാന്‍ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ശ്രമിച്ചു. ഹാര്‍ദിക്കിന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു ഫോറടിച്ചതിന് പിന്നാലെയായിരുന്നു ഹാര്‍ദിക് കലിപ്പിട്ടത്. സഞ്ജു ഹാര്‍ദിക്കിന്റെ പ്രകോപനത്തിന് വഴങ്ങിയില്ല.
പിന്നാെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം കണ്ടത് സഞ്ജുവിന്റെ മറ്റൊരു മുഖം തന്നെയായിരുന്നു. ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബോളറായ റാഷിദ് ഖാന്‍ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. റാഷിദിന്റെ രണ്ടാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തിയാണ് സഞ്ജു കളിയുടെ ഗിയര്‍ മാറ്റിയത്.
മൂന്നാം ഓവര്‍ എറിയാനെത്തിയ റാഷിദിനെ സഞ്ജു നിലത്ത് നിര്‍ത്തിയില്ല. തുടരെ മൂന്ന് സിക്സറുകള്‍ അഹമ്മദാബാദിലെ മൈതാനത്തിന്റെ ഗ്യാലറിയിലെത്തി. ക്രിസ് ഗെയിലിന് ശേഷം റാഷിദ് ഖാനെ ഐപിഎല്ലില്‍ തുടരെ മൂന്ന് സിക്സറുകള്‍ പായിക്കുന്ന ആദ്യ താരമാണ് സഞ്ജു. വിജയത്തിലേക്ക് വഴിയൊരുക്കിയായിരുന്നു സഞ്ജുവിന്റെ മടക്കം.
32 പന്തില്‍ നിന്ന് മൂന്ന് ഫോറും ആറ് സിക്സും പറത്തിയാണ് സഞ്ജു വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ശേഷം ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ വമ്പനടികളായിരുന്നു ദ്രുവ് ജൂറലും അവസരത്തിനൊത്ത് ഉയര്‍ന്നു (10 പന്തില്‍ 18). മൂന്ന് പന്തില്‍ 10 റണ്‍സുമായി രവി അശ്വിനും തന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. എന്നാല്‍ 26 പന്തില്‍ 56 റണ്‍സുമായി ഹെറ്റ്‌മെയറാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.
രണ്ട് ഫോറും അഞ്ച് സിക്സും ഹെറ്റ്‌മെയറിന്റെ ഇന്നിങ്സിലുണ്ടായി. ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് നാല് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രാജസ്ഥാനായി. ഗുജറാത്തിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്.