IPL 2023: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ ആറ് കിരീടങ്ങളുള്ള ഏക താരവും രോഹിത് തന്നെ. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനൊപ്പവും ഒരു തവണ ഡെക്കാന്‍ ചാര്‍ജേഴ്സിലുമായാണ് താരം കിരീടം ഉയര്‍ത്തിയത്.
ഈ സീസണില്‍ രോഹിത് ഈ സീസണില്‍ അത്ര ഫോമിലല്ല. രോഹിത് തൊടുന്നതെല്ലാം വിക്കറ്റില്‍ കലാശിക്കുന്ന അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് രോഹിത് നേടിയത് കേവലം മൂന്ന് റണ്‍സ് മാത്രമാണ്. അതില്‍ രണ്ട് കളിയില്‍ പൂജ്യത്തിലും പുറത്തായി. പഞ്ചാബിനും ചെന്നൈക്കും എതിരെയാണ് രോഹിത് നേരിട്ട മൂന്നാം പന്തില്‍ മടങ്ങിയത്.
സീസണില്‍ രണ്ട് മത്സരങ്ങളില്‍ തുടരെ പൂജ്യത്തില്‍ പുറത്താകുന്ന രണ്ടാമത്തെ നായകനാണ് രോഹിത്. സഞ്ജു സാംസണാണ് ഇതിന് മുന്‍പ് രണ്ട് തവണ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനുമെതിരെയായിരുന്നു സഞ്ജുവിന്റെ പരാജയങ്ങള്‍.
എന്നാല്‍ ചെന്നൈക്കെതിരെ ഡക്കില്‍ പുറത്തായതോടെ രോഹിതിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന താരമായി രോഹിത്. 16 തവണയാണ് രോഹിത് പൂജ്യനായി മടങ്ങിയിട്ടുള്ളത്. ദിനേഷ് കാര്‍ത്തിക്ക്, സുനില്‍ നരെയ്ന്‍ തുടങ്ങിയവരാണ് രോഹിതിന്റെ പിന്നിലായുള്ളത് (15).
കഴിഞ്ഞ നാല് സീസണുകളിലായി രോഹിത് ഐപിഎല്ലില്‍ ശോഭിക്കുന്നില്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ 10 കളികളില്‍ നിന്ന് നേടിയത് കേവലം 184 റണ്‍സ് മാത്രമാണ്, ശരാശരിയാകട്ടെ 18.40. 2020 (332 റണ്‍സ്), 2021 (381 റണ്‍സ്), 2022 (268 റണ്‍സ്) എന്നിങ്ങനെയാണ് രോഹിതിന്റെ റണ്‍സ് നേട്ടം.
2016 സീസണിന് ശേഷം ഒരിക്കലും രോഹിതിന്റെ ബാറ്റിങ് ശരാശരി 30-ന് മുകളില്‍ എത്തിയിട്ടില്ല എന്നതും താരത്തിന്റെ ഫോം ഇടിഞ്ഞതിന്റെ സൂചനയാണ്.