Lucknow Super Giants vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് – ലക്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. മഴ മൂലം കളി തടസപ്പെടുമ്പോള്‍ ലക്നൗ 19.2 ഓവറില്‍ 125-6 എന്ന നിലയിലായിരുന്നു.
ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുക്കാനുള്ള ധോണിയുടെ തീരുമാനം ശരി വയ്ക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം. ദുഷ്കരമായ പിച്ചില്‍ ലക്നൗ താരങ്ങള്‍ക്ക് സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. ഒരു വശത്ത് നിന്ന് വിക്കറ്റുകളും നഷ്ടമായതോടെ ഭേദപ്പെട്ട സ്കോര്‍ എന്ന ലക്ഷ്യവും ലക്നൗവിന് ഉപേക്ഷിക്കേണ്ടി വന്നു.
മനന്‍ വോഹ്റ (10), കൈല്‍ മേയേഴ്സ് (14), കരണ്‍ ശര്‍മ (9), ക്രുണാല്‍ പാണ്ഡ്യ (0), മാര്‍ക്കസ് സ്റ്റോയിനിസ് (6) എന്നിവര്‍ പത്ത് ഓവറിനുള്ളില്‍ തന്നെ മടങ്ങി. സ്കോര്‍ബോര്‍ഡില്‍ ലക്നൗവിന് ഉണ്ടായിരുന്നത് കേവലം 44 റണ്‍സ് മാത്രമായിരുന്നു. നിക്കോളാസ് പൂരാന്‍ – ആയുഷ് ബഡോണി സഖ്യമാണ് ലക്നൗവിന്റെ സ്കോര്‍ 100 കടത്തിയത്.
ആറാം വിക്കറ്റില്‍ 48 പന്തില്‍ 59 റണ്‍സാണ് സഖ്യം ചേര്‍ത്തത്. 31 പന്തില്‍ 20 റണ്‍സെടുത്ത പൂരാനെ മടക്കി പതിരാനയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ ബഡോണി തന്റെ പോരാട്ടം തുടര്‍ന്നു. ദുഷ്കരമായ പിച്ചില്‍ 30 പന്തില്‍ താരം 50 കടന്നു. കളി മഴ മൂലം തടസപ്പെടുമ്പോള്‍ 33 പന്തില്‍ 59 റണ്‍സെടുത്ത് ബഡോണി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ചെന്നൈക്കായി മൊയീന്‍ അലി, മഹേഷ് തീക്ഷണ, മതീഷ പതിരന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
പ്രിവ്യു
ബാറ്റിങ് നിരയുടെ കരുത്തിലെ വിജയങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയിലെ ഫലങ്ങള്‍ ചെന്നൈക്ക് അനുകൂലമല്ല. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളോട് ജയിക്കാവുന്ന മത്സരം കൈവിട്ടാണ് ചെന്നൈ എത്തുന്നത്. ഡേവണ്‍ കോണ്‍വെ നയിക്കുന്ന ബാറ്റിങ് നിര ശക്തമാണെങ്കിലും മധ്യ ഓവറുകളില്‍ സ്കോറിങ്ങിന്റെ മല്ലപ്പോക്കിന് ചെന്നൈ ഉത്തരം കണ്ടത്തേണ്ടതുണ്ട്.
എത്ര സ്കോര്‍ പടുത്തുയര്‍ത്തിയാലും ജയം ഉറപ്പിക്കാന്‍ ചെന്നൈക്കാകുന്നില്ല എന്നതാണ് മറ്റൊരു പോരായ്മ. ബോളിങ് നിര ശക്തമല്ലാത്തതു തന്നെ പ്രധാന കാരണം. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമാണ് തിരിച്ചടി. ജഡേജയും പതിരാനയും ഒഴികെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നില്ല.
തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റ് വേട്ടയില്‍ മുന്നിലാണെങ്കിലും ഒരു ഓവറില്‍ ശരാശരി 10 റണ്‍സിലധികം വഴങ്ങുന്നുണ്ട്. ട്വന്റി 20-യില്‍ ടീമിന് അത്ര സഹായകമല്ല ഇത്തരം പ്രകടനങ്ങള്‍. മറുവശത്ത് സ്വന്തം മൈതാനത്ത് ബാംഗ്ലൂരിനോട് വഴങ്ങേണ്ടി വന്ന തോല്‍വിയുടെ ആഘാതത്തിലാണ് ലക്നൗ, ഒപ്പം നായകന്‍ കെ എല്‍ രാഹുലിന്റെ പരുക്കും ടീമിനെ കുഴപ്പത്തിലാക്കുന്നു.
ഏകനയിലെ പിച്ചില്‍ റണ്ണൊഴുക്കുക എന്നത് ദുഷ്കരമായ ഒന്നാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് നേരിയ മുന്‍തൂക്കമുണ്ട്. 130 റണ്‍സ് പോലും പിന്തുടര്‍ന്ന ജയിക്കുക പ്രയാസമാണെന്നാണ് പോയ മത്സരങ്ങള്‍ തെളിയിക്കുന്നത്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഒപ്പമായിരിക്കും മത്സരഫലം.