IPL 2023: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസിനീയ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച നായകന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി മുഖ്യ പരിശീലകന്‍ കുമാര്‍ സങ്കക്കാര. ട്വന്റി 20-യിലെ ഒന്നാം നമ്പര്‍ ബോളറായ റാഷിദ് ഖാനെതിരെ സഞ്ജു നേടിയ സിക്സറുകള്‍ മത്സരത്തില്‍ നിര്‍ണായകമായെന്നും സങ്ക അഭിപ്രായപ്പെട്ടു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിലാണ് സങ്കക്കാര സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. സങ്കക്കാര താരങ്ങളുടെ പ്രകടനത്തെ പ്രശംസിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
“പവര്‍പ്ലെ അതിജീവിക്കുന്നതില്‍ ടീമിനെ സഹായിച്ചത് മാത്രമല്ല, പിന്നീട് സഞ്ജു പുറത്തെടുത്ത പ്രകടനം കളിയില്‍ നിര്‍ണായകമായി. ഗുജറാത്തിന്റെ മികച്ച ബോളര്‍, ലോകത്തിലെ തന്നെ മികച്ച ട്വന്റി 20 ബോളറാണെന്ന് പലരും അഭിപ്രായപ്പെടുന്ന റാഷിദ് ഖാനെ നേരിട്ട വിധം മത്സരത്തിന്റെ ഗതി മാറ്റി,” സങ്ക വ്യക്തമാക്കി.
“സഞ്ജു താളം കണ്ടെത്തിക്കഴിഞ്ഞാല്‍ എന്തും സാധ്യമാണ്. റാഷിദ് ഖാനോ ഷെയിന്‍ വോണോ മുത്തയ്യ മുരളീധരനോ ആവട്ടെ. ഇവരാരും ഫോമിലുള്ള സഞ്ജുവിന് പ്രശ്നമല്ല. നമ്മള്‍ നേരിടുന്നത് പന്തിനെയാണ്, അത് എറിയുന്ന വ്യക്തിയെ അല്ല,” സങ്കക്കാര കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ടീം സമ്മര്‍ദത്തിലായിരിക്കെയാണ് സഞ്ജുവിന്റെ മുന്നിലേക്ക് റാഷിദ് എത്തിയത്. മൂന്ന് ഓവറുകളിലായി റാഷിദിന്റെ ഒൻപത് പന്തുകളാണ സഞ്ജു നേരിട്ടത്. 28 റണ്‍സും സഞ്ജു നേടി.
നാല് സിക്സറുകളടക്കം 321 പ്രഹരശേഷിയിലായിരുന്നു സഞ്ജു റാഷിദിനെ നേരിട്ടത്. മൂന്നാം ഓവര്‍ എറിയാനെത്തിയ റാഷിദിനെ സഞ്ജു നിലത്ത് നിര്‍ത്തിയില്ല. തുടരെ മൂന്ന് സിക്സറുകള്‍ അഹമ്മദാബാദിലെ മൈതാനത്തിന്റെ ഗ്യാലറിയിലെത്തി. ക്രിസ് ഗെയിലിന് ശേഷം റാഷിദ് ഖാനെ ഐപിഎല്ലില്‍ തുടരെ മൂന്ന് സിക്സറുകള്‍ പായിക്കുന്ന ആദ്യ താരമാണ് സഞ്ജു.