റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിര്‍ണായ മത്സരത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.
ആര്‍ച്ചറിന് പകരം മറ്റൊരു ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാന്‍ മുംബൈ നിരയിലെത്തി.
പരുക്ക് മൂലം കഴിഞ്ഞ സീസണ്‍ മുഴുവന്‍ നഷ്ടമായ ആര്‍ച്ചര്‍ ഇത്തവണ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ട് വിക്കറ്റായിരുന്നു ആര്‍ച്ചറിന്റെ ആകെ നേട്ടം.
കഴിഞ്ഞ മാസം ആര്‍ച്ചര്‍ ബെൽജിയത്തിലെത്തി കൈമുട്ടിന് ചെറിയ ശസ്ത്രക്രിയയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൈമുട്ടിന്റെ പരുക്ക് കാരണമാണ് കളത്തില്‍ നിന്ന് ആര്‍ച്ചറിന് ഇടവേളയെടുക്കേണ്ടി വന്നത്. ട്വന്റി 20 ലോകകപ്പും ആഷസും ഉള്‍പ്പടെയുള്ള നിര്‍ണായക മത്സരങ്ങളാണ് ആര്‍ച്ചറിന് നഷ്ടമായത്.
രണ്ട് വര്‍ഷത്തിന് ശേഷം ഈ വര്‍ഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ആര്‍ച്ചര്‍ മടങ്ങിയെത്തിയത്. കൈമുട്ടിനു പുറമെ പുറത്തിനുമേറ്റ പരുക്കായിരുന്നു ആര്‍ച്ചറിന് തിരിച്ചടിയായത്.
2016-ലാണ് ക്രിസ് ജോര്‍ദാന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. 28 കളികളില്‍ നിന്ന് താരം 27 വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി 87 ട്വിന്റി 20-കളില്‍ നിന്ന് 96 വിക്കറ്റാണ് ജോര്‍ദാന്‍ സ്വന്തമാക്കിയത്.