scorecardresearch
Latest News

IPL 2023: നാണക്കേടിന്റെ 59! തകര്‍ച്ചയ്ക്ക് തനിക്ക് ഉത്തരമില്ലെന്ന് സഞ്ജു

വമ്പന്‍ തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലായിരുന്നു സഞ്ജും മത്സരശേഷം പ്രതികരിച്ചത്

Sanju, RR
Photo: BCCI

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നാണംകെട്ട തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. കേവലം 59 റണ്‍സിന് ടീം ഓള്‍ ഔട്ടായതില്‍ തനിക്ക് ഉത്തരമില്ലെന്നായിരുന്നു നായകന്‍ സഞ്ജു സാംസണിന്റെ ആദ്യ പ്രതികരണം.

“ഞങ്ങളുടെ മുന്‍നിരയിലെ മൂന്ന് താരങ്ങള്‍ സീസണില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. പവര്‍പ്ലെയില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ശൈലി ഇന്ന് പ്രാവര്‍ത്തികമായില്ല. എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യേണ്ട സമയം നേരത്തെയാണ്. പവര്‍പ്ലെയില്‍ മികവ് പുലര്‍ത്തിയാല്‍ പിന്നീട് പിച്ചിന് വേഗത കുറഞ്ഞാലും മറികടക്കാനാകും,” സഞ്ജു വ്യക്തമാക്കി.

“ജയ്സ്വാളും ബട്ട്ലറും ടൂര്‍ണമെന്റിലുടനീളം സ്വീകരിച്ച തന്ത്രമതായിരുന്നു. ബാംഗ്ലൂര്‍ ബോളര്‍മാര്‍ക്കാണ് മുഴുവന്‍ ക്രെഡിറ്റും. ബാറ്റിങ് തകര്‍ച്ച കാണുമ്പോള്‍ എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് അതിന് ഉത്തരമുണ്ടെന്ന് തോന്നുന്നില്ല. ഐപിഎല്ലിന്റെ രീതി നമുക്കറിയാം, ഇങ്ങനെ ചിലത് സംഭവിക്കും. ശക്തമായ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാണ് ശ്രമം,” സഞ്ജു കൂട്ടിച്ചേര്‍ത്തു.

172 എന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയ ബാംഗ്ലൂരിന് രാജസ്ഥാനെ പുറത്താക്കാന്‍ ആവശ്യമായി വന്നത് 63 പന്തുകള്‍ മാത്രമായിരുന്നു. ആദ്യം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട ഇടവേളകളില്ലാതെ തുടരുകയായിരുന്നു. ഉത്തരാവാദിത്തം മറന്ന് കൂറ്റനടികള്‍ക്ക് ബാറ്റര്‍മാര്‍ ശ്രമിച്ചതോടെ പതനം പൂര്‍ത്തിയാവുകയായിരുന്നു.

യശസ്വി ജയ്സ്വാള്‍ (0), ജോസ് ബട്ട്ലര്‍ (0), സഞ്ജു സാംസണ്‍ (4), ദേവദത്ത് പടിക്കല്‍ (4), ദ്രുവ് ജൂറല്‍ (1) എന്നീ ബാറ്റര്‍മാര്‍ രണ്ടക്കം പോലും കടന്നില്ല. 19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെയ്റ്റമയര്‍ മാത്രമാണ് പൊരുതിയത്. 10 റണ്‍സെടുത്ത ജൊ റൂട്ടാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം.

ബാംഗ്ലൂരിനായി വെയിന്‍ പാര്‍ണല്‍ മൂന്ന് വിക്കറ്റ് നേടി. മൈക്കല്‍ ബ്രേസ്വല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് സിറാജിനും ഗ്ലെന്‍ മാക്സ്വല്ലിനും ഓരോ വിക്കറ്റും ലഭിച്ചു. ഐപിഎല്‍ ചരിത്രത്തിലെ രാജസ്ഥാന്റെ രണ്ടാമത്തെ ചെറിയ സ്കോറാണിത്. 

ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഏട്ട് കളികളില്‍ അഞ്ച് ജയവുമായി പോയിന്റ് പട്ടികയുടെ തലപ്പത്തായിരുന്നു രാജസ്ഥാന്‍. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സഞ്ജുവിനും കൂട്ടര്‍ക്കും വിജയം നേടാന്‍ സാധിച്ചത്. ടൂര്‍ണമെന്റിലെ രാജസ്ഥാന്റെ അവസാന മത്സരം വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ്.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2023 i dont have an answer sanju samsons reaction after huge lose vs rcb