scorecardresearch

IPL 2023: കോടിത്തിളക്കം, പക്ഷെ പ്രകടനത്തില്‍ മങ്ങി; ആദ്യ മത്സരത്തില്‍ നിരാശ സമ്മാനിച്ച് താരങ്ങള്‍

സീസണിലെ മൂല്യമേറിയ അഞ്ച് താരങ്ങളില്‍ നാല് പേരും നിരാശപ്പെടുത്തുന്ന പ്രകനമായിരുന്നു ആദ്യ മത്സരത്തില്‍ കാഴ്ചവച്ചത്

സീസണിലെ മൂല്യമേറിയ അഞ്ച് താരങ്ങളില്‍ നാല് പേരും നിരാശപ്പെടുത്തുന്ന പ്രകനമായിരുന്നു ആദ്യ മത്സരത്തില്‍ കാഴ്ചവച്ചത്

author-image
Sports Desk
New Update
IPL, Cricket, IE Malayalam

നിക്കോളാസ് പൂരാന്‍ (ഇടത്), സാം കറണ്‍, കാമറൂണ്‍ ഗ്രീന്‍ (വലത്). Photo: Facebook/LSG, PK, MI

IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനാറാം സീസണിന് തുടക്കമായിരിക്കുകയാണ്. കോടികള്‍ മുടക്കി നിരവധി താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ സീസണ്‍ കൂടിയാണിത്. എന്നാല്‍ കോടിത്തിളക്കത്തില്‍ ടീമിലെത്തിയവര്‍ ആദ്യ മത്സരത്തില്‍ ശരാശരിക്ക് മുകളില്‍ പോലും മികവ് പുലര്‍ത്തിയില്ലെ എന്നുള്ളതാണ് വാസ്തവം.

Advertisment

സാം കറണ്‍ (പഞ്ചാബ് കിങ്സ്)

ഇംഗ്ലണ്ടിന്റെ യുവതാരവും ഓള്‍ റൗണ്ടറുമായ സാം കറണിനെ 18.5 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായെങ്കിലും പന്തുകൊണ്ട് നിരാശപ്പെടുത്തി കറണ്‍. 17 പന്തില്‍ 26 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രഹരം കറണിന് ലഭിച്ചു. മൂന്ന് ഓവറില്‍ വഴങ്ങിയത് 38 റണ്‍സ്, ലഭിച്ചത് ഒരു വിക്കറ്റും.

കാമറൂണ്‍ ഗ്രീന്‍ (മുംബൈ ഇന്ത്യന്‍സ്)

കീറോണ്‍ പൊള്ളാര്‍ഡിന്റെ വിടവ് നികത്താനാണ് 17.5 കോടി രൂപ മുടക്കി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടറായ ഗ്രീനിനെ മുംബൈ ടീമിലെത്തിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഗ്രീന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ബാറ്റുകൊണ്ട് നേടിയത് നാല് പന്തില്‍ അഞ്ച് റണ്‍സ്. ബോളിങ്ങില്‍ രണ്ട് ഓവറില്‍ മാത്രം 30 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റും കന്നി മത്സരത്തില്‍ ഗ്രീനിന് ലഭിച്ചു.

ബെന്‍ സ്റ്റോക്സ് (ചെന്നൈ സൂപ്പര്‍ കിങ്സ്)

എം എസ് ധോണിയുടെ പിന്‍ഗാമിയെന്ന വിശേഷണമാണ് സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് സ്റ്റോക്സിന് ലഭിച്ച വിശേഷണം. 16.25 കോടി മുടക്കിയാണ് ചെന്നൈ സ്റ്റോക്സിനെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ സ്റ്റോക്സ് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശപ്പെടുത്തി. ആറ് പന്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്.

Advertisment

നിക്കോളാസ് പൂരാന്‍ (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്)

വെസ്റ്റ് ഇന്‍ഡീസിന്റെ കൂറ്റനടിക്കാരന്‍ നിക്കോളാസ് പൂരന് ലഖ്നൗ നല്‍കിയ വില 16 കോടി രൂപയായിരുന്നു. ഇത്രയും കോടി മുടക്കേണ്ടതുണ്ടോയെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ ഉള്‍പ്പെടെ ചോദ്യമുയര്‍ത്തി. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ തന്റെ ബാറ്റിങ്ങുകൊണ്ട് മറുപടി നല്‍കി ഇടം കയ്യന്‍ ബാറ്റര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ദുഷ്കരമായ പിച്ചില്‍ 21 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. ലഖ്നൗ സ്കോര്‍ 190 കടത്തുന്നതില്‍ പൂരാന്റെ ഇന്നിങ്സ് നിര്‍ണായകമാവുകയും ചെയ്തു.

ഹാരി ബ്രൂക്ക് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

ഇംഗ്ലണ്ടിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന ബാറ്ററാണ് ഹാരി ബ്രൂക്ക്. 13.25 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഹാരി അക്ഷരാര്‍ത്ഥത്തില്‍ സമ്മര്‍ദത്തിലായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനായി ഹാരി നേടിയത് 21 പന്തില്‍ 13 റണ്‍സായിരുന്നു. യുസുവേന്ദ്ര ചഹലിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു.

Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: