തന്റെ മുന്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹോം മൈതാനത്തെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറിന് ലഭിച്ചത് ഊഷ്മള വരവേല്‍പ്പായിരുന്നു. മത്സരത്തിന് മുന്‍പ് ഹൈദരാബാദ് കാലത്തെ തന്റെ സഹതാരമായ ഭുവനേശ്വര്‍ കുമാറിനൊപ്പം അല്‍പ്പനേരം പങ്കിടാനും വാര്‍ണര്‍ മടിച്ചില്ല.
ടോസിന് ശേഷം മടങ്ങാനൊരുങ്ങിയ വാര്‍ണറിന്റെ കണ്ണില്‍ ഭുവിയുടക്കി. ഇഷാന്ത് ശര്‍മയുമായി സംസാരിച്ചുകൊണ്ടിരുന്ന ഭുവിയുടെ കാലില്‍ ചെന്ന് വീഴുകയായിരുന്നു വാര്‍ണര്‍ ആദ്യം ചെയ്തത്. പിന്നീട് ഇരുവരും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു.
2016-ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച വാര്‍ണറിനായി ഇന്നലെ സ്റ്റേഡിയത്തില്‍ വലിയ ആര്‍പ്പുവിളികളാണുണ്ടായത്. ഹൈദരാബാദ് ടീം മാനേജ്മെന്റുമായ പ്രശ്നങ്ങളാണ് ടീം വിടാന്‍ വാര്‍ണറിനെ പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വന്ന വിവരം.
പക്ഷെ ആരാധകരോട് നന്ദിയും സ്നേഹം പ്രകടിപ്പിച്ച ശേഷമായിരുന്നു വാര്‍ണര്‍ ഹൈദരാബാദ് വിട്ടത്. ആരാധകര്‍ തിരിച്ചും വാര്‍ണറിന് ആ സ്നേഹം നല്‍കി. വാര്‍ണര്‍ എന്നും ടീമിന്റെ ഇതിഹാസമാണെന്നാണ് ആരാധകര്‍ പറഞ്ഞത്.