ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) അരങ്ങൊരുങ്ങി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീമിന്റെ പരിശീലന മത്സരങ്ങള്‍ കാണാന്‍ പോലും ജനപ്രവാഹമാണ്. അത് തന്നെയാണ് ഇന്നലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കണ്ടതും. മഹേന്ദ്ര സിങ് ധോണി, ചെന്നൈ ആരാധകരുടെ തല, ധോണിക്കായി നിലക്കാത്ത ആര്‍പ്പുവിളികളായിരുന്നു സ്റ്റേഡിയത്തില്‍. എന്നാല്‍ ഒരു 25 മിനുറ്റുകള്‍ക്ക് ശേഷം ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനായും ആരാധകര്‍ ആര്‍ത്തിരമ്പി.
നിലവിലും അടുത്ത ഒന്നോ രണ്ടോ വര്‍ഷവും കൂടി ധോണി ചെന്നൈയെ നയിച്ചേക്കും. എന്നാല്‍ അതിനപ്പുറം എന്തായിരിക്കുമെന്നതിനുള്ള ചോദ്യത്തിന്റെ ഉത്തരമാണൊ ആരാധകര്‍ നല്‍കിയത്? തീര്‍ച്ചയായും സ്റ്റോക്സിന്റെ നേതൃപാഠവത്തില്‍ ആരാധകരെ പോലെ തന്നെ ചെന്നൈ മാനേജ്മെന്റിനും വിശ്വാസം ഉണ്ടാകും. എന്നാല്‍ ധോണിയുടെ കൈകളില്‍ തന്നെയായിരിക്കും ആ റിമോട്ടും. ആര് ഇനി ചെന്നൈയെ നയിക്കണമെന്ന വലിയ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ധോണിയേക്കാള്‍ അനുയോജ്യനായ വ്യക്തിയില്ല.
അന്തിമ തീരുമാനമോ ഒരു സൂചനയൊ വരുന്നതിന് മുന്‍പ് തന്നെ സ്റ്റോക്സിനായി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവന്‍ (Chosen one) എന്ന ക്യാപ്ഷനോടെ നിരവധി റീലുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഡ്വയിന്‍ ബ്രാവൊ, മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ബ്രണ്ടണ്‍ മക്കല്ലം തുടങ്ങി ലോക ക്രിക്കറ്റിലെ തന്നെ മഹാരഥന്മാര്‍ ടീമിലെത്തിയിട്ടും ലഭിക്കാത്ത സ്വീകാര്യതയാണ് സ്റ്റോക്സിന് ചെന്നൈക്കായി അരങ്ങേറുന്നതിന് മുന്‍പ് കിട്ടുന്നതെന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്.
മെഗാ താരലേലത്തിന് മുന്‍പുള്ള ചര്‍ച്ചകളില്‍ ധോണി മുഖ്യപരിഗണന നല്‍കിയിരുന്ന താരങ്ങളില്‍ ഒരാളാണ് സ്റ്റോക്സെന്നാണ് അറിയാന്‍ കഴിഞ്ഞത്. റൈസിങ് പൂനെ സുപ്പര്‍ ജയന്റ്സില്‍ ധോണിക്ക് കീഴില്‍ സ്റ്റോക്സ് കളിച്ചിരുന്നു. അതിനാല്‍ തന്നെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിനും ധോണിക്കും ഇംഗ്ലണ്ട് താരത്തിന്റെ മികവ് കൃത്യമായി അറിയാം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ടീം അസാമാന്യകുതിപ്പാണ് നടത്തുന്നതും.
നിലവിലെ ഇംഗ്ലണ്ട് പരിശീലകനും മുന്‍ ചെന്നൈ താരവുമായ മക്കല്ലത്തിനെയും ഇതിനായി ഫ്ലെമിങ് സമീപിച്ചിട്ടുണ്ടാകുമെന്നും തീര്‍ച്ചയാണ്. 2020-ല്‍ പ്ലെ ഓഫ് കാണാതെ ചെന്നൈ പുറത്തായതിന് പിന്നാലെ ആരാധകര്‍ നിരാശപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു 2021-ലെ കിരീട നേട്ടം. ധോണി എന്ന വന്മരം ഉണ്ടായിരുന്നതിനാല്‍ മറ്റൊരു നായകനെപ്പറ്റി ചെന്നൈ മാനേജ്മെന്റ് ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷെ ഇനി കാര്യങ്ങള്‍ അത്തരത്തിലാകില്ല, ഈ ഒരു സാഹചര്യത്തിലും കൂടിയാണ് സ്റ്റോക്സ് എത്തുന്നത്.
ധോണിയെ പോലെ തന്നെ മികവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലളിതമായി കളിയെ മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ് സ്റ്റോക്സും. ഉദാഹരണത്തിന്, ഇംഗ്ലണ്ടിന്റെ നായകനായി ചുമതലയേറ്റപ്പോള്‍ പരിശീലകന്റെ തിയറി അതേപോലെ നടപ്പാക്കാന്‍ സ്റ്റോക്സിന് കഴിഞ്ഞു. ഫ്ലെമിങ്ങിന്റെ പതിറ്റാണ്ടുകള്‍ നീണ്ട തന്ത്രങ്ങള്‍ ധോണിയെ പോലെ തന്നെ ആവര്‍ത്തിക്കാന്‍ സ്റ്റോക്സിനും സാധിച്ചേക്കും. ധോണിയെ പോലെ തന്നെ കൂറ്റനടികളാല്‍ ആരാധകരെ ആവേശത്തിലാക്കാന്‍ കഴിയുന്ന താരവുമാണ് സ്റ്റോക്സ്. ആരാധകരുടെ ക്യാപ്റ്റന്‍ കൂളിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും അനുയോജ്യന്‍.
ചെന്നൈയുടെ രീതികളും ചലനങ്ങളും മനസിലാക്കാന്‍ സ്റ്റോക്സിന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും വരാനിരിക്കുന്ന സീസണ്‍.