ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരുന്ന നിമിഷം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് സംഭവിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് അര്‍ജുന്‍ മുംബൈയുടെ ഇലവനില്‍ സ്ഥാനം നേടിയത്.
മുംബൈയുടെ നായകന്‍ രോഹിത് ശര്‍മയാണ് അര്‍ജുന് ക്യാപ് സമ്മാനിച്ചത്. മകന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി സച്ചിനേയും മൈതാനത്ത് കണ്ടിരുന്നു. അര്‍ജുനൊപ്പം ഏറെ നേരം സച്ചിന്‍ ചിലവഴിച്ചു. സച്ചിനൊപ്പമായിരുന്നു അര്‍ജുന്‍ ഇന്ന് പരിശീലനം നടത്തിയതും. സഹോദരന്റെ അരങ്ങേറ്റം കാണാന്‍ സാറാ തെന്‍ഡുല്‍ക്കറും ഗ്യാലറിയിലുണ്ടായിരുന്നു.
മുംബൈയുടെ ബോളിങ് ഓപ്പണ്‍ ചെയ്തതും അര്‍ജുനായിരുന്നു. ആദ്യ ഓവറില്‍ ബൗണ്ടറികളൊന്നും വഴങ്ങാതെ മികച്ച ബോളിങ്ങായിരുന്നു അര്‍ജുന്‍ കാഴ്ചവച്ചത്. കേവലം നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ താരം 13 റണ്‍സ് വഴങ്ങി. വെങ്കിടേഷ് അയ്യര്‍ ഒരു ഫോറും ഒരു സിക്സും അര്‍ജുന്റെ ഓവറില്‍ കണ്ടെത്തി.
നേരത്തെ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ജുന് പുറമെ ഡുവാന്‍ യാന്‍സനും അരങ്ങേറ്റം കുറിച്ചു. നായകന്‍ രോഹിത് ഇല്ലാതെയാണ് മുംബൈ കളത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ രോഹിതിന്റെ പേരുണ്ട്. അതിനാല്‍ തന്നെ രോഹിത് ബാറ്റിങ്ങിന് ഇറങ്ങിയേക്കും.