വയസന്‍പടയെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിനെ പലരും കളിയാക്കിയിരുന്നത്. ചെന്നൈ നിരയിലെ ഏറ്റവും പ്രായമേറിയ താരം അവരുടെ നായകന്‍, ആരാധകരുടെ തല മഹേന്ദ്ര സിങ് ധോണിയായിരുന്നു. ബാറ്റിങ്ങ് നിരയില്‍ പ്രായത്തിനപ്പുറം പരിചയസമ്പത്തിനായിരുന്നു ചെന്നൈ മാനേജ്മെന്റ് മുന്‍ഗണന നല്‍കിയിരുന്നത്.
അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു 2021-ലെ കിരീട നേട്ടം. രണ്ട് വര്‍ഷം പിന്നിട്ടും അതേ മാതൃക തന്നെയാണ് ടീം പിന്തുടരുന്നത്. വിമര്‍ശകര്‍ കളിയാക്കുന്ന വയസന്‍പടയിലെ പുതിയ അംഗമായാണ് അജിങ്ക്യ രഹാനെ എത്തിയത്. ഡിസംബറില്‍ നടന്ന മേഗാതാരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ രഹാനെ സ്വന്തമാക്കിയത്.
പിന്നീട് നടന്നത് ചരിത്രമെന്നൊക്കെ പറഞ്ഞാല്‍ വിശേഷണം യോജിക്കാതെ പോകും. ചെന്നൈയിലെത്തിയതോടെ രഹാനെയുടെ കളിശൈലി മാത്രമല്ല സമീപനം വരെ ആകെ മാറി. അടിമുടി ട്വന്റി 20 ബാറ്റര്‍. എവിടെ പന്തെറിഞ്ഞാലും രഹാനെ ബൗണ്ടറി കണ്ടെത്തും. അത് താരത്തിന്റെ റണ്‍സും സ്ട്രൈക്ക് റേറ്റും തന്നെ തെളിയിക്കുന്നു.
സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് രഹാനെ ബാറ്റ് വീശിയത്. 105 പന്തുകള്‍ നേരിട്ട താരം സ്കോര്‍ ചെയ്തത് 209 റണ്‍സ്. രണ്ട് അര്‍ദ്ധ സെഞ്ചുറി, പ്രഹരശേഷി 199.05. സീസണില്‍ 100 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന പ്രഹരശേഷിയും രഹാനെക്ക് തന്നെയാണ്.
ശാന്തമായ അന്തരീക്ഷം പോലെയായിരുന്നു രഹാനയുടെ കഴിഞ്ഞ സീസണ്‍. കൊല്‍ക്കത്തയ്ക്കായി ഏഴ് കളികളില്‍ നിന്ന് നേടിയത് കേവലം 133 റണ്‍സ്. പ്രഹരശേഷി 105 മാത്രവുമായിരുന്നു. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു എന്ന് രഹാനയെ ലേലത്തില്‍ തഴഞ്ഞ മറ്റ് ടീമുകള്‍ ഇപ്പോള്‍ മനസിലാക്കി കാണണം.
ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ കേവലം 29 പന്തുകളില്‍ നിന്നാണ് രഹാനെ 71 റണ്‍സ് നേടിയത്. മത്സരശേഷം തന്റെ ഇപ്പോഴത്തെ ഫോം ആസ്വദിക്കുന്നുണ്ടെന്നും ഇനിയും മികച്ചത് വരാനുണ്ടെന്നുമാണ് രഹാനെ പറഞ്ഞത്.
എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. ഒന്ന് രണ്ട് വര്‍ഷങ്ങളായി സ്ഥിരമായി കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. സ്ഥിരമായി കളിക്കാനായില്ലെങ്കില്‍ എങ്ങനെ മികവ് പ്രകടിപ്പിക്കാനാകും. ഒരു സമയത്ത് ഒരു മത്സരം എന്ന ചിന്തയിലാണ് മുന്നോട്ട് പോകുന്നത്. എന്റെ ബാറ്റ് എല്ലാത്തിനും മറുപടി നല്‍കും, രഹാനെ കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സിനെതിരെ 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച രഹാനെയെ ധോണി പ്രശംസിച്ചിരുന്നു. രഹാനെയ്ക്ക് തന്റെ മികവ് പൂര്‍ണമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നായിരുന്നു ധോണി അന്ന് പറഞ്ഞത്. തുടര്‍ച്ചയായി സിക്സറുകള്‍ നേടാനും ഫീല്‍ഡ് അനുസരിച്ച് കളിക്കാനും കഴിവുള്ള താരമാണ് രഹാനെയെന്നും ധോണി വ്യക്തമാക്കിയിരുന്നു.