മുംബൈ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കടന്നു പോകുന്നത്. നിലവിലെ ചാമ്പ്യന്മാര് ആദ്യ നാലു കളികളിലും തോല്‍വി രുചിച്ചു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും. ആദ്യ ജയത്തിനായി കാത്തിരിക്കുന്ന ചെന്നൈ മിന്നും ഫോമിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
ബോളിങ് നിരയിലും ബാറ്റിങ്ങിലും ഒരുപോലെയാണ് ചെന്നൈയുടെ പോരായ്മകള്‍. ദീപക് ചഹറെന്ന വിക്കറ്റ് ടേക്കിങ് ബോളറുടെ അഭാവം ചെന്നൈയ്ക്ക് നികത്താനായിട്ടില്ല. താരത്തിന് ഈ സീസണ് മുഴുവന്‍ നഷ്ടമാകുമെന്ന കാര്യം ടീമിന് ഇരട്ട പ്രഹരമാണ്. സീസണില്‍ പവര്‍പ്ലെ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിയുന്ന ബോളര്‍മാര്‍ ചെന്നൈ നിരയിലില്ല.
ബാറ്റിങ് നിരയിലേക്ക് എത്തിയാല്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ നെടും തൂണായിരുന്നു റുതുരാജ് ഗെയ്ക്വാദ് ഫോമില്ല. ആദ്യ മൂന്ന് കളികളിലും രണ്ടക്കത്തിലേക്ക് എത്താന്‍ പോലും താരത്തിനായില്ല. റോബിന് ഉത്തപ്പ, അമ്പട്ടി റായുഡു, മൊയിന്‍ അലി, എംഎസ് ധോണി തുടങ്ങിയവരൊന്നും സ്ഥിരത പുലര്‍ത്തുന്നില്ല. നായകന് ജഡേജയ്ക്കും കാര്യമായ സംഭാവന ഇതുവരെ നല്‍കാനായിട്ടില്ല.
മറുവശത്ത് ബാംഗ്ലൂര്‍ സജ്ജമാണ്. അനുജ് റാവത്ത്-ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം അസാമാന്യ സ്ഥിരത പുലര്‍ത്തുന്നു. പിന്നാലെയെത്തുന്ന വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല് പോലുള്ള താരങ്ങളും ഫോമിലാണെന്നാണ് പോയ മത്സരങ്ങള്‍ തെളിയിക്കുന്നത്. ഫിനിഷറുടെ റോളിലുള്ള ദിനേഷ് കാര്‍ത്തിക്ക് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ബാംഗ്ലൂരിനായി പുറത്തെടുക്കുന്നത്.
സഹോദരിയുടെ മരണത്തെ തുടര്‍ന്ന് താത്കാലികമായി ടീം വിടേണ്ടി വന്ന ഹര്‍ഷല്‍ പട്ടേല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല. മുഹമ്മദ് സിറാജ് ഇതുവരെ താളം കണ്ടെത്താത്ത് തിരിച്ചടിയാണ്. എന്നാല്‍ വനിന്ദു ഹസരങ്കയും അകാശ് ദീപ്, ഡേവിഡ് വില്ലി എന്നിവരുടെ പ്രകടനങ്ങള്‍ ടീമിന് ആശ്വാസം പകരുന്നതാണ്.
Also Read: ധോണിയുടെ നേരെ ഒച്ചയെടുക്കേണ്ടി വന്നത് അപ്പോൾ; ശാസ്ത്രി പറയുന്നു