കൊല്‍ക്കത്ത. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിന്റെ ബാറ്റിങ് വിരുന്ന്. ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ തുടക്കത്തിലെ നഷ്ടമായ രാജസ്ഥാനെ മുന്നോട്ട് നയിക്കുക എന്നത് മാത്രമായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. മൂന്നാമനായിറങ്ങി സ്കോറിങ്ങിന് വേഗം കൂട്ടിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം.
യാഷ് ദയാലിന്റെ ഓവറില്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി. അനായാസം എന്ന് തന്നെ പറയാം. സഞ്ജുവിന്റെ ക്ലാസും ടൈമിങ്ങും ഒത്തിണങ്ങിയ ഷോട്ട്. മൂന്നാം പന്തില്‍ എക്സ്ട്രാ കവറിലൂടെ ഡ്രൈവ്. ഗുജറാത്തിന്റെ ഫീല്‍ഡര്‍മാര്‍ വെറും കാഴ്ചക്കാരായ നിമിഷം. സഞ്ജുവിന്റെ തന്ത്രമെന്തെന്ന് ആദ്യ മൂന്ന് ബോളില്‍ തന്നെ വ്യക്തമായിരുന്നു.
സഞ്ജുവിന്റെ അടുത്ത ഇരയായി എത്തിയത് മുഹമ്മദ് ഷമിയായിരുന്നു. ഷമിയുടെ പേസിന് മുന്നില്‍ പ്രതിരോധത്തിലായി ജോസ് ബട്ലര്. എന്നാല്‍ അഞ്ചാം ഓവറിന്റെ അവസാന രണ്ട് പന്തുകള്‍ ടൈമിങ് മികവില്‍ സഞ്ജും ബൗണ്ടറി കടത്തി. ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സഞ്ജു എട്ട് പന്തില്‍ 18 റണ്‍സ് നേടിയിരുന്നു.
അല്‍സാരി ജോസഫായിരുന്നു പിന്നീട് സഞ്ജുവിന്റെ മുന്നിലെത്തിയത്. അല്‍സാരിയുടെ ആദ്യ ഷോര്‍ട്ട് ബോളിന് സഞ്ജു മറുപടി പറഞ്ഞത് ലോങ് ഓണിന് മുകളിലൂടെ 91 മീറ്റര്‍ സിക്സ് പറത്തിയായിരുന്നു. അതേ ഓവറില്‍ തന്നെ ഡീപ്പ് ബാക്ക്വേര്‍ഡ് സ്ക്വയറിലേക്കും സഞ്ജുവിന്റെ വക സിക്സ്. ഗുജറാത്തിനെ നിലയുറപ്പിക്കാന്‍ താരം അനുവദിച്ചില്ല.
പിന്നീട് സ്കോറിങ്ങിന് വേഗം കുറഞ്ഞെങ്കിലും സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തിയിരുന്നു. ഒടുവില്‍ സായ് കിഷോറിന്റെ പന്തില്‍ സിക്സിന് ശ്രമിക്കവെ അല്‍സാരിയുടെ കൈകളില്‍ സഞ്ജു കുടുങ്ങി. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 47 റണ്‍സ് സഞ്ജു നേടി.
Also Read: ‘പന്തിനേയും ധോണിയേയും താരതമ്യം ചെയ്യരുത്’; കാരണം വ്യക്തമാക്കി ഇതിഹാസ താരം