scorecardresearch

മുംബൈക്കായി ജയ് വിളിച്ച് ബാംഗ്ലൂര്‍; ധാരാവി ഘടകം കനിഞ്ഞാല്‍ പ്ലെ ഓഫ്

നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും

മുംബൈക്കായി ജയ് വിളിച്ച് ബാംഗ്ലൂര്‍; ധാരാവി ഘടകം കനിഞ്ഞാല്‍ പ്ലെ ഓഫ്
Photo: Facebook/Royal Challengers Bangalore

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലെ ഓഫ് പ്രതീക്ഷകളെല്ലാം ഇനി മുംബൈ ഇന്ത്യന്‍സിന്റെ കയ്യിലാണ്. നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും. മറിച്ചാണെങ്കില്‍ ഡല്‍ഹി ബാംഗ്ലൂരിനെ മറികടന്ന് പ്ലെ ഓഫിലുമെത്തും.

കാര്യങ്ങള്‍ ഇത്തരത്തിലായതുകൊണ്ട് തന്നെ ബാംഗ്ലൂരിന്റെ ആരാധകര്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തന്നെയാണ് ബാംഗ്ലൂരും. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇതിനോടകം തന്നെ മുംബൈക്ക് ആശംസകള്‍ അവര്‍ അറിയിച്ചു കഴിഞ്ഞു.

ഹെയ് മുംബൈ ഇന്ത്യന്‍സ്, നിങ്ങളുടെ കുടുംബം പിന്തുണയ്ക്കുന്നത് പോലെ ബാംഗ്ലൂര്‍ ടീം ഒപ്പമുണ്ടാകും. പോയി നന്നായി കളിക്കു, ബാംഗ്ലൂര്‍ ടീം ട്വിറ്ററില്‍ കുറിച്ചു. ബാംഗ്ലൂരിന്റെ പ്രൊഫൈല്‍ പിക്ചറായി ഉണ്ടായിരുന്ന ലോഗോ നീല പ്രതലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവില്‍ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ്. എന്നാല്‍ നെഗറ്റീവ് റണ്‍റേറ്റ് ടീമിനുള്ളത് തിരിച്ചടിയാണ്. -0.252 യാണ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ്, ഡല്‍ഹിക്ക് +0.255 മാണ്. ബാംഗ്ലൂരിനേക്കാള്‍ രണ്ട് പോയിന്റുള്ള ഡല്‍ഹിക്ക് ഇന്നത്തെ മത്സരം വിജയിച്ചാല്‍ കാലാശപ്പോരിലേക്കുള്ള വഴി തെളിയും.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയിട്ടുള്ളത്. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം തന്നെ പുറത്തായ ടീമുകള്‍.

Also Read: വീണ്ടും റൺവേട്ടയിലേക്കെത്താൻ സഹായിച്ചത് നെറ്റ് പ്രാക്ടീസ്; ഗുജറാത്തിനെതിരായ പ്രകടനത്തെക്കുറിച്ച് കോഹ്ലി

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 rcb wants mumbai to beat delhi today to seal playoff berth