മുംബൈ. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചുവരവ് ലക്ഷ്യമിട്ട് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പഞ്ചാബ് കിങ്സാണ് എതിരാളികള്‍. മത്സരം വൈകിട്ട് 3.30 ന് മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ വച്ചാണ്.
മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പടെ സീസണില്‍ ഉജ്വല ഫോമില്‍ തുടരുന്ന ജോസ് ബട്ലറിന്റെ ചിറകിലേറിയായിരുന്നു രാജസ്ഥാന്റെ കുതിപ്പ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ബട്ലറിന്റെ സംഭാവന കുറയുകയും രാജസ്ഥാന്‍ പതിയെ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കുമെതിരെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാനെത്തുന്നത്. രണ്ട് മത്സരങ്ങളിലും സ്കോര്‍ 160 കടത്താന്‍ ടീമിനായില്ല. ബട്ലറിന്റെ വിക്കറ്റ് വീണു കഴിഞ്ഞാല്‍ നായകന്‍ സഞ്ജുവടക്കമുള്ളവര്‍ വലിയ സ്കോറുകളിലേക്ക് എത്താതെ പോകുന്നത് തിരിച്ചടിയാണ്. മധ്യനിരയിലെ പരീക്ഷണങ്ങളും വിജയിക്കുന്നില്ല.
ബോളിങ്ങിലേക്കെത്തിയാല്‍ രാജസ്ഥാന്‍ ലോകോത്തര താരങ്ങളാല്‍ സമ്പന്നമാണ്. യുസുവേന്ദ്ര ചഹല്‍, ട്രേന്‍ ബോള്‍ട്ട്, ആര്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, പ്രസിദ്ധ കൃഷ്ണ എന്നിവര്‍ സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിച്ചാല്‍ രാജസ്ഥാന് ഫോം വീണ്ടെടുക്കാന്‍ കഴിയും.
മറുവശത്ത് പ്ലെ ഓഫ് സാധ്യത ഉറപ്പിക്കാന്‍ ഓരോ മത്സരവും പഞ്ചാബിന് നിര്‍ണായകമാണ്. ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാകും മായങ്ക് അഗര്‍വാളും കൂട്ടരുമെത്തുക. പ്ലെ ഓഫിനായി മത്സരിക്കുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.
Also Read: 6,6,6,6,6,4; കൗണ്ടിയില്‍ ബെന്‍ സ്റ്റോക്ക്സിന്റെ ആറാട്ട്; വീഡിയോ