കന്നി ഐപിഎല്‍ കിരീടത്തിലേക്കുള്ള യാത്രയില്‍ ക്വാളിഫയര്‍ രണ്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് ഉജ്വല ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്.
പ്ലെ ഓഫിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ബാംഗ്ലൂരിനാണ് മേല്‍ക്കൈ. ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടിട്ടും രജത് പട്ടിധാറിന്റെ സെഞ്ചുറിയുടെ മികവില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുകയും അത് പ്രതിരോധിക്കുകയും ചെയ്തു. എന്നിരുന്നാലും ബോളര്‍മാര്‍ അമിതമായി റണ്‍സ് വഴങ്ങുന്ന ശീലം ബാംഗ്ലൂരിനെ വിടാതെ പിന്തുടരുകയാണ്.
ലീഗ് ഘട്ടത്തിലെ അവസാന മത്സരം മാറ്റി നിര്‍ത്തിയാല്‍ വിരാട് കോഹ്ലി സീസണിലുടനീളം സ്കോറിങ്ങിന് വേഗം കൂട്ടുന്നതില്‍ പരാജയപ്പെട്ടിരുന്നു. നായകന്‍ ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്നുമില്ല. ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, വനന്ദു ഹസരങ്ക, ജോഷ് ഹെയ്സല്‍വുഡ് എന്നിവരാണ് ടീമിനായി മികവ് പുറത്തെടുത്തിട്ടുള്ളത്.
മറുവശത്ത് ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനോട് അവസാന ഓവറില്‍ കളി കൈവിട്ടതിന്റെ നിരാശയിലാണ് രാജസ്ഥാന്‍ എത്തുന്നത്. ജോസ് ബട്ലര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ആശ്വാസം പകരും. യശ്വസി ജയ്സ്വാള്‍, നായകന്‍ സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ ടീമിന്റെ കരുത്താണ്. ഫിനിഷര്‍ എന്ന നിലയില്‍ റിയാന്‍ പരാഗിന് ശോഭിക്കാനായിട്ടില്ല.
ബോളിങ്ങിലേക്കെത്തിയാല്‍ യുസ്വേന്ദ്ര ചഹല്‍ – രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്‍ ദ്വയം സീസണിലുടനീളം തിളങ്ങിയിട്ടുണ്ട്. എന്നാല്‍ പേസ് നിരയിലേക്ക് എത്തിയാല്‍ സഞ്ജുവിന്റെ പ്രധാന ആയുധമായ ട്രെന്റ് ബോള്‍ട്ട് താളം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ബോള്‍ട്ടിനൊപ്പം മികവ് പുലര്‍ത്താന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കായാല്‍ രാജസ്ഥാന്‍ ബോളിങ് നിര സജ്ജമാകും.