IPL 2022, GT vs RR: തങ്ങളുടെ കന്നി ഐപിഎല്ലില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി ഗുജറാത്ത് ടൈറ്റന്‍സ്. ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. 38 പന്തില്‍ അഞ്ചി സിക്സിന്റേയും മൂന്ന് ഫോറിന്റേയും അകമ്പടിയോടെ 68 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ വിജയശില്പി. 27 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ മില്ലറിന് മികച്ച പിന്തുണ നല്കി.
ജോസ് ബട്ലറിന്റേയും നായകന് സഞ്ജു സാംസണിന്റേയും മികവില്‍ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സ് 188 റണ്‍സ് നേടി. ഗുജറാത്തിനായി മുഹമ്മദ് ഷമി, യാഷ് ദയാല്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ദേവദത്ത് പടിക്കലാണ് രാജസ്ഥാന്റെ മറ്റൊരു പ്രധാന സ്കോറര്‍.
തുടക്കത്തിലെ ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ നഷ്ടപ്പെട്ട രാജസ്ഥാന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മൂന്നാമനായെത്തിയ സഞ്ജു സാംസണ് വെടിക്കെട്ട് ബാറ്റിങ്ങുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ജോസ് ബട്ലര് താളം കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടത് സഞ്ജുവിന്റെ ജോലിഭാരം ഇരട്ടിപ്പിച്ചു. പേസര്‍മാര്‍ക്ക് പുറമെ സ്പിന്‍ ബോളര്‍മാരെയും സഞ്ജു ആക്രമിച്ചു കളിച്ചു.
26 പന്തില്‍ മൂന്ന് സിക്സിന്റേയും അഞ്ച് ഫോറിന്റേയും അകമ്പടിയോടെയായിരുന്നു സഞ്ജു 47 റണ്‍സെടുത്തത്. സഞ്ജുവിനെ പുറത്താക്കി സായ് കിഷോര്‍ ഗുജറാത്തിന് വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ എത്തിയ ദേവദത്ത് പടിക്കലും മെല്ലയാണ് തുടങ്ങിയത്. 14-ാം ഓവറെത്തിയതോടെ ബട്ലറും പടിക്കലും സ്കോറിങ്ങിന് വേഗം കൂട്ടി.
പടിക്കലിന്റെ ബാറ്റില്‍ നിന്ന് അനായാസം ബൗണ്ടറികള്‍ പിറന്ന് തുടങ്ങിയപ്പോഴാണ് ഹാര്‍ദിക് പാണ്ഡ്യ താരത്തെ ബൗള്‍ഡാക്കിയത്. 20 പന്തില്‍ 28 റണ്‍സായിരുന്നു പടിക്കലിന്റെ സംഭാവന. രണ്ട് ഫോറും രണ്ട് സിക്സും ഇടം കയ്യന്‍ ബാറ്റര്‍ നേടി. പിന്നീടങ്ങോട്ട് വന്നവരാരും കാര്യമായി നേടിയില്ല. ബട്ലര് ഷോ തന്നെയായിരുന്നു ഇഡന്‍ ഗാര്‍ഡന്‍സില്‍.
ടൈമിങ് കണ്ടെത്താന്‍ വിഷമിച്ച ബട്ലര് പിന്നീട് കത്തിക്കയറുകയായിരുന്നു. സീസണിന്റെ തുടക്കത്തില്‍ കണ്ട് ബാറ്റിങ് താരം പുറത്തെടുത്തു. അനായാസം ഫോറുകളും സിക്സും ബട്ലര് നേടി. 56 പന്തില്‍ 89 റണ്‍സെടുത്ത് ബട്ലര് അവസാന ഓവറില്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 180 കടന്നിരുന്നു. 12 ഫോറും രണ്ട് സിക്സുമാണ് ബട്ലര് നേടിയത്.
Also Read: ഈഡനില്‍ സഞ്ജുവിന്റെ ബാറ്റിങ് വിരുന്ന്; നേരിട്ട ആദ്യ പന്തില്‍ സിക്സ്; പിന്നെ അടിയോടടി