IPL 2022, SRH vs PBKS: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 158 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ എട്ട് വിക്കററ് നഷ്ടത്തില്‍ ഹൈദരാബാദ് 157 റണ്‍സ് എടുത്തത്. പഞ്ചാബിനായി നാഥാന് എല്ലിസും ഹര്‍പ്രീത് ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി.
നായകന് കെയിന്‍ വില്യംസണ് ഇല്ലാതെയിറങ്ങിയ ഹൈദരാബാദിന് മൂന്നാം ഓവറില്‍ തന്നെ പ്രിയം ഗാര്‍ഗിനെ നഷ്ടമായി. പിന്നീട് അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാതിയും ചേര്‍ന്ന് ഇന്നിങ്സിന് അടിത്തറ നല്കി. ഒന്‍പതാം ഓവറില്‍ ത്രിപാതി പുറത്തായപ്പോള്‍ സ്കോര്‍ 61 കടന്നിരുന്നു. 20 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്.
വൈകാതെ തന്നെ അഭിഷേകും പുറത്തായി. 32 പന്തില്‍ 43 റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. രാഹുലിനേയും അഭിഷേകിനേയും മടക്കി ബ്രാറാണ് പഞ്ചാബിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മാര്‍ക്രം, നിക്കോളാസ് പൂരാന്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് സ്കോറിങ്ങിന് വേഗത കൂട്ടാന്‍ കഴിയാതെ പോയത് ഹൈദരാബാദിന് തിരിച്ചടിയായി.
അവസാന ഓവറുകളില്‍ റൊമാരിയോ ഷെഫേര്‍ഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ 150 കടത്തിയത്. 15 പന്തില്‍ നിന്നാണ് റൊമാരിയോ 26 റണ്‍സെടുത്തത്. രണ്ട് ഫോറും രണ്ട് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ പിറന്നു.
Also Read: IND vs SA T20I: പ്രമുഖരില്ല, രാഹുല്‍ ഇന്ത്യയെ നയിക്കും; ദിനേഷ് കാര്‍ത്തിക്കും ഹാര്‍ദിക്കും ടീമില്‍